- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെൺകുട്ടികളെ കോളേജിൽ ചേർക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താനാണ്; സുഹൃത്തുക്കളെ ഇതിൽ തടയാൻ ശ്രമിച്ചിട്ടുണ്ട്; 18 വയസുപോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ല'; നിഖില വിമൽ വീണ്ടും തന്റെ കാഴ്ച്ചപ്പാടുകൾ തുറന്നു പറയുമ്പോൾ
തിരുവനന്തപുരം: കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിൽ സ്ത്രീകൾക്ക് പ്രത്യേകം ഭക്ഷണം വിളമ്പുന്ന കാര്യം പറഞ്ഞ് വിവാദത്തിലായ നടി നിഖില വിമൽ തന്റെ അഭിപ്രായങ്ങൾ ശക്തമായി പറഞ്ഞു കൊണ്ട് രംഗത്തുവന്നു. പെൺകുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന അഭിപ്രായത്തിലാണ് അവർ തന്റെ വാക്കുകൾ വ്യക്തമാക്കിയത്. പഠിക്കാനും ജോലി ചെയ്യാനും സാഹചര്യമുള്ള ഇക്കാലത്ത് പെൺകുട്ടികളെ ചെറിയ പ്രായത്തിൽ വിവാഹം ചെയ്തയക്കുന്നത് അനീതിയാണെന്ന് നടി നിഖില വിമൽ വ്യക്തമാക്കി.
16 വയസുള്ള കുട്ടികളെ 18 വയസ്സ് എന്ന് പറഞ്ഞ് കല്യാണം നടത്തുന്ന പതിവുണ്ടെന്നും തന്റെ സുഹൃത്തുക്കളെ ഇതിൽ പിന്തിരിപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും നിഖില പറഞ്ഞു. 'പെൺകുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളേജിൽ ചേർക്കും. അങ്ങനെ ചേർക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താൻ വേണ്ടിയാണ്. അതെനിക്ക് എതിർപ്പുള്ള കാര്യമാണ്. എന്റെ സുഹൃത്തുക്കളെയൊക്കെ പരമാവധി പിടിച്ചുനിരത്താൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു.
എങ്ങനെയെങ്കിലും പഠിച്ചിട്ട് വിവാഹം കഴിക്കൂ എന്ന് ഞാൻ പറയുമായിരുന്നു. വിവാഹശേഷം അവർക്ക് അങ്ങനെയൊരു ജീവിതമുണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുള്ള ആളുകളെ ഇതുപോലെ കല്യാണം കഴിപ്പിക്കുന്നതിൽ പ്രശ്‌നമില്ല. അവരെ സംബന്ധിച്ച് കല്യാണം കഴിക്കുക കുടുംബം നോക്കുക എന്നതായിരുന്നു വലിയ കാര്യം. എന്നാൽ ഇന്നത്തെ കാര്യം അങ്ങനെയല്ലല്ലോ. പഠിക്കാനും ജോലിചെയ്യാനുമൊക്കെയുള്ള സാഹചര്യവും ജീവിതം എങ്ങനെയാകണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇന്ന് നമുക്കുണ്ടല്ലോ. ഈ സാഹചര്യം നിൽക്കെ വിവാഹം കഴിപ്പിച്ച് വിടുന്നത് മോശമാണ്.
16 വയസുള്ള കുട്ടികളെ 18 വയസായി എന്നൊക്കെ പറഞ്ഞ് വിവാഹം നടത്തുന്നവരുണ്ട്. 18 വയസുപോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ല. എപ്പോഴാണ് ഒരു കുടുംബം കൈകാര്യം ചെയ്യാൻ നമ്മൾ സ്വയം തയാറാകുന്നത് ആ സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം,' നിഖില വിമൽ പറഞ്ഞു.
നേത്തെ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്ന വിവാദമായ വാക്കുകൾ ഇങ്ങനെയാണ്: 'തലേദിവസത്തെ ചോറും മീൻകറിയും ഒക്കെയാണ് നാട്ടിലെ കല്യാണത്തെ കുറിച്ച് പറയുമ്പോൾ ഓർമയിൽ വരിക. കോളജിൽ പഠിക്കുമ്പോഴാണ് (കണ്ണൂരിൽ) മുസ്ലിം കുട്ടികളുടെ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. മുമ്പിലാണ് ആണുങ്ങൾക്കൊക്കെ ഉള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. കല്യാണം കഴിച്ചിട്ട് ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിലാണ് താമസിക്കുക. അവരെ പുതിയാപ്ല എന്നാണ് പറയുന്നത്. അവര് മരിക്കുന്നതു വരെ പുതിയാപ്ലയാണ്. അവർ എപ്പോൾ വന്നുകഴിഞ്ഞാലും ഭയങ്കരമായി സൽക്കരിക്കണം. അവർക്കുള്ള ട്രീറ്റ് കൊടുക്കണം. വയസ്സായി മരിച്ചാലും പുതിയാപ്ല മരിച്ചു എന്നാണ് പറയുക.' - നടി പറഞ്ഞു.
മറുനാടന് ഡെസ്ക്