- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല': ബീഫില്‍ തുടങ്ങി തഗ്സ്റ്റാര്‍ വരെ; അഹങ്കാരിയെന്ന് ഒരുകൂട്ടര്‍; പെണ്ണേ, നീ സ്മാര്‍ട്ടാണെന്ന് മറുകൂട്ടര്‍; ലേഡി പൃഥ്വിരാജ്, തഗ് റാണി: പേരുകള്‍ വീഴുമ്പോഴും നിലപാടില്‍ ഉറച്ച് നിഖില വിമല്‍
നിഖില വിമല്‍ എന്ന തഗ് സ്റ്റാര്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയക്ക് ഒരോ സമയവും ഓരോ താരങ്ങളാണ്. അവരുടെ പേരിടലില്‍ തുടങ്ങി വളര്‍ത്തിക്കൊണ്ടു വന്ന് ഒരു നിലയില്‍ എത്തിക്കുന്നത് വരെയുള്ള എന്ന പണികളും കൃത്യമായി തന്നെ സോഷ്യല്‍ മീഡിയ നിര്‍വഹിക്കുകയും ചെയ്യും. എങ്കിലും ഒരേ സമയത്ത് രണ്ട് താരങ്ങള്‍ ഉണ്ടാവുക എന്നത് ആപൂര്‍വ്വതയാണ്. എന്നാല്‍ അത്തരമൊരു അപൂര്‍വ്വതയ്ക്കാണ് മലയാളി സോഷ്യല്‍ മീഡിയ ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഒരു കണ്‍വിന്‍സിങ്ങ് സ്റ്റാറും ഒരു തഗ് സ്റ്റാറും. ഇതില്‍ കണ്‍വിന്‍സിങ്ങ് സ്റ്റാറിനെ ആവോളം സ്നേഹിക്കുമ്പോള്‍ തഗ് സ്റ്റാറിനെയാകട്ടെ തല്ലിയും തലോടിയുമാണ് സോഷ്യല്‍ മീഡിയ വളര്‍ത്തുന്നത്.
കണ്‍വിന്‍സിങ്ങ് സ്റ്റാര്‍ ആരാണെന്ന് ഇതിനോടകം തന്നെ എല്ലാവര്‍ക്കും പരിചിതമായിക്കഴിഞ്ഞു. എന്നാല്‍ തഗ്സ്റ്റാറെന്ന ഓമനപ്പേര് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത് മാറ്റാര്‍ക്കുമല്ല നടി നിഖില വിമലിന് ആണ്. അഭിമുഖങ്ങളിലെ നടിയുടെ ഉരുളയ്ക്ക ഉപ്പേരി പോലുള്ള മറുപടികളാണ് ഇത്തരത്തിലൊരു പേരിലേക്ക് നയിച്ചത്. നിഖിലയുടെ മറുപടികളെ രണ്ട് തരത്തിലും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം മറുപടി ശരിയല്ല എന്ന് ഒരു വിഭാഗം പറയുമ്പോള്‍ തന്റെ മനസിലുള്ളത് അതുപോലെ തുറന്ന് പറയുന്നതാണ് നല്ലതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാല്‍ താന്‍ പറയുന്നത് തന്റെ അഭിപ്രായം മാത്രമാണെന്നും അതിനോട് യോജിക്കണമെന്ന് താന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നുമാണ് നിഖില പറയുന്നത്. ഭൂരിഭാഗം പേരും പറയുന്ന അഭിപ്രായമല്ല എന്റെത്. അതിനാലാകാം തനിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും നിഖില പറയുന്നു..
ചെറിയ വേഷങ്ങളിലൂടെ തുടക്കം.. കോവിഡ് കാല അനുഭവങ്ങള്‍ പങ്കുവെച്ചത് ശ്രദ്ധേയയാക്കി
ചെറിയ ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നായിക വരെയായി തുടരുമ്പോഴും അതിഥി വേഷത്തിലും ചെറിയ ക്യാരക്ടര്‍ റോളിലുമൊക്കെയായി മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമാകുന്ന അഭിനേത്രിയാണ് നിഖില വിമല്‍. വിമല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അച്ഛന്റെതെന്ന് സംശയം തോന്നാമെങ്കിലും വിമലയെന്ന അമ്മയുടെ പേരാണ് നിഖില തന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് എസ് എസ് മ്യൂസിക് ചാനലിന്റെ പോട്കാസ്റ്റ് വീഡിയോയില്‍ നിഖില വിമല്‍ സംസാരിച്ചിരുന്നു.
അമ്മ ഡാന്‍സ് ടീച്ചറും അച്ഛന്‍ എഴുത്തുകാരനുമാണ്, അതുകൊണ്ട് സിനിമയിലേക്ക് വരുന്നതിന് കുടുംബത്തില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. മറ്റൊരു കലയായിട്ട് മാത്രമാണ് അച്ഛനുമമ്മയും സിനിമയെ കണ്ടിരുന്നത്. പതിമൂന്നാം വയസ്സിലാണ് സിനിമയിലേക്കുള്ള ആദ്യത്തെ അവസരം വരുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമേട്ടന്റെ പെങ്ങളായി തുടക്കം. ആ സിനിമയില്‍ അഭിനയിച്ചതെല്ലാം ലെജന്റ്‌സ് ആയിരുന്നു. പക്ഷേ എന്താണ് സിനിമ എന്നോ, അതിന്റെ വില എന്താണെന്നോ എനിക്കറിയില്ലായിരുന്നു.
പിന്നീട് തമിഴില്‍ നിന്ന് ചില സിനിമകള്‍ വന്നു.അത് ചെയ്തുവെങ്കിലും, ഒന്നും റിലീസായില്ല. വളരെ മോശം അനുഭവമായിരുന്നു അത്. പൈസയും കൃത്യമായി കിട്ടില്ല. വണ്ടിക്കൂലിയും തരില്ല. ഏതെങ്കിലും ട്രെയിനില്‍ കയറ്റി വിടുന്ന അവസ്ഥയായിരുന്നു. അതിന് ശേഷം അഭിനയിക്കാന്‍ തന്നെ മടിയായിരുന്നു. സിനിമയേ വേണ്ട എന്ന് കരുതിയിരുന്നപ്പോഴാണ് ശ്രീബാല എന്ന സംവിധായികയുടെ ആദ്യ ചിത്രത്തിലേക്ക് അവസരം വരുന്നത്. എന്റെ ആദ്യ ചിത്രത്തില്‍ സത്യന്‍ അന്തിക്കാട് സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ചേച്ചി. അതുകൊണ്ട് തന്നെ ആ സിനിമ ഏറ്റെടുത്തു. അത് ഹിറ്റായി.
അതിന് ശേഷമാണ് തമിഴില്‍ നിന്ന് വെട്രിവേല്‍ എന്ന സിനിമ വന്നത്. അത് മികച്ച വിജയമായതോടെ സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ വന്നു തുടങ്ങി. അതിന് ശേഷമാണ് സിനിമ കൂടുതല്‍ സീരിയസായി എടുത്തത്. തുടക്കത്തിലുള്ള എന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് അച്ഛനും അമ്മയും അല്ലെങ്കില്‍ ചേച്ചിയോ കസിന്‍സോ ഒക്കെയാണ്. അങ്ങനെയുള്ള സിനിമകളെ കുറിച്ചോര്‍ത്ത് ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെങ്കിലും, പിന്നീട് സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ പഠിച്ചത് ആ തെറ്റുകളില്‍ നിന്നാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കുറ്റബോധം പോയി.
എനിക്ക് മാനേജര്‍ ഒന്നുമില്ല, എന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതും, പേമെന്റിനെ കുറിച്ച് സംസാരിക്കുന്നതും, കോര്‍ഡിനേറ്റ് ചെയ്യുന്നതും എല്ലാം ഞാന്‍ തന്നെയാണ്. സിനിമയില്‍ ഒന്നും എനിക്ക് എളുപ്പത്തില്‍ കിട്ടിയതല്ല, കഷ്ടപ്പെട്ട് തന്നെയാണ് ഓരോ സിനിമയും ചെയ്തത്. അതില്‍ അഭിമാനമുണ്ടെന്നാണ് നിഖില പങ്കുവെച്ചത്. നായികയായെത്തിയ അരവിന്ദന്റെ അതിഥികള്‍ ഹിറ്റായതോടെ മലയാളത്തിലും നിഖിലയ്ക്ക് അവസരങ്ങള്‍ വന്നുതുടങ്ങി. നിഖിലയുടെ മലയാളത്തിലെ മികച്ച ചിത്രമായി പലരും ഇ ചിത്രത്തെ ഇന്നും എടുത്തുപറയുന്നുണ്ട്.
കോവിഡ് ബാധിച്ചാണ് നിഖിലയുടെ അച്ഛന്‍ മരിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് നിഖില അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. സിനിമയ്്ക്കൊപ്പം തന്നെ നിഖിലയുടെ വളര്‍ച്ചയില്‍ ഈ അഭിമുഖത്തിനും അത്രയേറെ പ്രധാന്യമുണ്ട്. അച്ഛന്‍ വലിയൊരു ആളാണ്. ആറടി പൊക്കം ഒക്കെയുള്ള വലിയൊരു മനുഷ്യന്‍. അപകട ശേഷം ഓര്‍മ കുറവായിരുന്നു. അതുകൊണ്ട് വാശിയും കൂടുതല്‍ ആണ്. പുറത്ത് നിന്ന് നോക്കുമ്പോള്‍, അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ടാണല്ലോ എന്ന് പലര്‍ക്കും തോന്നാം. ഒരുപരിധിവരെ അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ട് ആയിരുന്നു. കാരണം എന്ത് പറഞ്ഞാലും അച്ഛന്‍ അനുസരിക്കില്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അതേ അച്ഛന്‍ ചെയ്തിട്ടുള്ളൂ.
പക്ഷേ അച്ഛന്‍ പറയുന്ന കാര്യങ്ങളൊക്കെ തമാശയായിട്ട് എടുത്ത് ഓരോന്നും ചെയ്യാന്‍ തുടങ്ങി. പതിനഞ്ച് വര്‍ഷത്തോളം അമ്മയ്ക്ക് അച്ഛനെ നോക്കേണ്ടി വന്നു. ഇന്ന് അമ്മ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അച്ഛനെയാണ്. കാരണം ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കൂട്ട് ഉണ്ടായിരുന്നല്ലോ എന്നതാണ്. അച്ഛന്‍ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛന് വയ്യാണ്ടായപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇന്‍ഫെക്ഷന്‍ വന്നാണ് അച്ഛന്‍ മരിച്ചത്. അച്ഛന്‍ മരിക്കുമ്പോള്‍ ഞാനെ ഉള്ളൂ. ഭയങ്കര അവസ്ഥയായിരുന്നു അത്.
കൊവിഡ് ആണ് ആര്‍ക്കും വരാനോ സഹായിക്കാനോ പറ്റില്ല. പാര്‍ട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാന്‍ പോകുന്നതും ഞാനാണ്. ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാന്‍ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാല്‍ ആരും വന്നില്ല.
അച്ഛന്‍ മരിച്ച ശേഷം ലൈഫില്‍ കുറേക്കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ശേഷം ഞാന്‍ ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിന്നിട്ടില്ല. എന്റെ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്തുവെന്നാണ് നിഖില ആ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
'അച്ഛന്‍ മരിച്ചിട്ട് നാലു വര്‍ഷമാകുന്നു. അച്ഛനെ മിസ് ചെയ്യാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. സ്റ്റാറ്റിസ്റ്റിക്‌സ് ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ എംആര്‍ പവിത്രന്‍. സാഹിത്യത്തിലും കലയിലും വലിയ താല്‍പര്യമായിരുന്നു അച്ഛന്. അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടമ്മയായി ഒതുങ്ങിപ്പോയേക്കാവുന്ന അമ്മയെ ഇത്ര ബോള്‍ഡ് ആക്കിയത് അദ്ദേഹമാണ്.'' നിഖില പറയുന്നു.അച്ഛന്റെ പ്രേരണയെ തുടര്‍ന്നാണ് അമ്മ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയതും. ഞങ്ങള്‍ മക്കളുടെ പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ത്തതും അച്ഛനാണെന്നും നിഖില തുറന്നുപറഞ്ഞിരുന്നു.
ബീഫില്‍ തുടങ്ങി തഗ്സ്റ്റാര്‍ വരെ.. പിന്തുണച്ച് ശാസിച്ചും സഹപ്രവര്‍ത്തകര്‍
ആദ്യകാലത്ത് നിഖിലയുടെ ഇന്റര്‍വ്യൂകളൊക്കെ പലതും വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്നവയായിരുന്നു. എന്നാല്‍ ബീഫ് കഴിക്കുമന്ന തുറന്നുപറച്ചിലാണ് നിഖിലയെ ആദ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഒരു അഭിമുഖം. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്' എന്നാണ് നിഖില പറഞ്ഞത്.
ഇത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ ഇതിനോടും നിഖില സ്വീകരിച്ച നിലപാട് ചര്‍ച്ചയായിരുന്നു. തന്റെ നിലപാടാണ് പറഞ്ഞതെന്നും അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് നിഖില അന്ന് പ്രതികരിച്ചത്. അതിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരം ആക്രമണങ്ങള്‍ കാര്യമാക്കാറില്ലെന്നും നിഖില പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാണ് നിഖില ഇന്നും തുടരുന്നത്. തനിക്ക് ശരിയെന്നു തോന്നുള്ള കാര്യങ്ങള്‍ ആരോടും തുറന്നുപറയുക.
സമീപകാല അഭിമുഖങ്ങള്‍ പ്രത്യേകിച്ചും ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിന് ശേഷമുള്ള അഭിമുഖങ്ങളിലെ സംസാരമാണ് തഗ് സ്റ്റാര്‍ എന്ന പേരിലേക്ക് വരെ നിഖിലയെ എത്തിച്ചത്. ചോദിക്കുന്ന ചോദ്യത്തിന് അതിനനുസരിച്ചുള്ള മറുപടിയാണ് നിഖിലയുടെ രീതി. അതിന്റെ വരും വരായ്കകളെക്കുറിച്ച് നടി ചിന്തിക്കാറേയില്ല. മാധ്യമങ്ങള്‍ക്ക് ക്യൂട്നെസ്സുള്ള ഒരാളായി നില്‍ക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് നിഖില പറഞ്ഞത് ഈ നിലപാടിനെ അടിവരയിടുന്നതാണ്.
എന്നാല്‍ നിഖിലയുടെ സംസാരം ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും പിന്തുണയ്ക്കും വഴിവെക്കുന്നുണ്ട്. നടി ഗൗതമി നായര്‍ അഭിമുഖത്തിലെ പെരുമാറ്റത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പേര് പറയാതെ വിമര്‍ശിച്ച നടി നിഖലയാണ് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പലരും പിന്തുണച്ചു രംഗത്തെത്തുമ്പോള്‍ നിഖിലയെ പിന്തുണച്ച ഗായത്രിയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നു. തുടര്‍ന്നാണ് സഹപ്രവര്‍ത്തകയും നടിയുമായ ഐശ്വര്യ ലക്ഷ്മിയും തിരക്കഥകൃത്ത് ശബ്ന മുഹമ്മദ് രംഗത്തുവന്നത്.
മനസില്‍ തോന്നുന്നത് തുറന്നു പറയുന്ന നിഖിലയെ തനിക്ക് ഇഷ്ടമാണെന്നും ഇനിയും മനസ്സിലുള്ളതു പറയുന്നത് തുടരുക എന്നുമാണ് ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 'മനസില്‍ തോന്നുന്നത് തുറന്നു പറയുന്ന നിഖിലയെ ഞാന്‍ ഇഷ്ടപ്പെടുന്നു. കല്‍പ്പിച്ചു തന്നിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ചു തന്ന സമൂഹത്തിനും മാധ്യമങ്ങള്‍ക്കും നന്ദി. ഇനിയും മനസ്സിലുള്ളതു പറയുന്നത് തുടരുക പെണ്ണെ! നീ സ്മാര്‍ട്ട് ആണ്, നന്നായി രസിപ്പിക്കുന്നവളാണ്, പിന്നെ എല്ലാത്തിലും ഉപരി നിന്റെ കഴിവിന്റെ പരമാവധി നീ ചെയ്യുന്നുണ്ട്. നിഖില വിമല്‍ ഇഷ്ടം' എന്നായിരുന്നു ഐശ്വര്യയുടെ വാക്കുകള്‍.
'ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല' എന്ന നിഖില വിമലിന്റെ പ്രതികരണം പങ്കുവച്ചായിരുന്നു ഐശ്വര്യ ലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. പിന്നാലെയാണ് കഴിഞ്ഞ ദിവസം ശബ്ന മുഹമ്മദും നിഖിലയെ പിന്തുണച്ച് രംഗത്ത് വന്നത്. സ്വന്തം അഭിപ്രായം ഉറക്കെ പറയുന്നത് ഒരു കുറ്റകൃത്യമല്ലെന്നും അത്തരം ശബ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള മാന്യത മാധ്യമങ്ങള്‍ കാണിക്കണമെന്നുമാണ് ശബ്ന സമൂഹമാധ്യത്തില്‍ കുറിച്ചത്.
'ഒരു അഭിപ്രായം ഉണ്ടാകുന്നതും സ്വന്തം അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അത് ഉയര്‍ത്തുന്നതും ഒരിക്കലും ഒരു കുറ്റകൃത്യമല്ല. അങ്ങനെ പരിഗണിക്കപ്പെടാനും പാടില്ല. മാധ്യമ ഇടങ്ങള്‍ അത്തരം ശബ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ആ മാന്യത അവര്‍ക്ക് ഇപ്പോഴും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ശബ്ന മുഹമ്മദ് കുറിച്ചു.
വേണം.. പക്ഷെ! സമൂഹമാധ്യമങ്ങള്‍ പറയുന്നത് ഇങ്ങനെ..
നിലപാടില്‍ ഊന്നിയുള്ള നിഖിലയുടെ സംസാരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിഖില വിമലിനെതിരായി വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കുംും ട്രോളുകള്‍ക്കുമാണ് ഇപ്പോള്‍ ഇടയാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ നിഖിലയെ പിന്തുണച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. 'നിഖില വിമല്‍ ലേഡി പൃഥ്വിരാജ് എന്നൊക്കെ പറയുന്ന കേട്ടു, എന്തു കണ്ടിട്ടാണോ അങ്ങനെ വിളിക്കുന്നതെന്ന് ഇതു വരെ മനസിലായിട്ടില്ല.'എന്നാണ് ഒരു കമന്റ്.കണ്ടന്റ് ഇല്ലാതെ ഇത് തന്നെ എല്ലായിടത്തും പറഞ്ഞാല്‍ ലേഡി പൃഥ്വിരാജ് ആകാന്‍ പറ്റിയില്ലേലും ലേഡീ ധ്യാന്‍ ആകാന്‍ പറ്റിയേക്കും എന്നും കമന്റിലുണ്ട്.
ഇത്തരമൊരു വിഷയത്തില്‍ നിഖിലയ്ക്കെതിരെ മാത്രം എന്തിന് ഇത്രയും വിമര്‍ശനമെന്നാണ് ഒരു പ്രേക്ഷകന്‍ ചോദിക്കുന്നത്. മീഡിയ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തന്റെതായ മറുപടി നല്‍കുന്നു അത് ചിലപ്പോള്‍ ബാക്കി ഉള്ളവര്‍ക്ക് ദഹിക്കാത്തത് അവരുടെ കുഴപ്പമല്ല.ആ മറുപടികളുടെ വിശദീകരണം അവര്‍ തന്നിട്ടുമുണ്ട്. എന്നിട്ട് അതിനെ തറുതല, തഗ് എന്നൊക്കെയുള്ള രീതിയില്‍ ആളുകളിലേക്ക് എത്തിക്കുന്നതും ഇതേ മീഡിയ തന്നെ ആണ്. മീഡിയ അതില്‍ നിന്നും പ്രോഫിറ്റ് മാത്രം ഉണ്ടാക്കുന്നുള്ളു...അവര്‍ക്ക് വേണ്ടതും അതാണെന്നും ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു.
നിഖിലയുടെ മറുപടികളെ ബഹുമാനമില്ലായ്മ ആയി പറയുന്നവര്‍ ഇതേ ഇന്‍ഡസ്ട്രിയില്‍ ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് ഡബിള്‍ മീനിങ് തമാശകളും അശ്ലീലങ്ങളും പറയുന്ന 'സ്വഭാവ' നടന്മാരെ ചിരിച്ചു കൊണ്ട് കണ്ണടച്ച് വിടുന്നതും ഇവിടെ നടക്കുന്ന കാര്യമാണ്. ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് പബ്ലിക് ആയി അശ്ലീലം പറയുന്നത് ബഹുമാനപൂര്‍വ്വം ചെയ്യുന്നതും ആളുകളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ വേണ്ടിയുള്ളതും ആയി മാറിയിട്ടില്ല എന്നാണ് വിശ്വാസമെന്നും ഓരാള്‍ സമൂഹമാധ്യമത്തില്‍ കുറിക്കുന്നു.
ഗൗതമി നായരുടെ പോസ്റ്റിന് മറുപടിയായും നിഖിലയെ പിന്തുണച്ച് കമന്റുകള്‍ വന്നിരുന്നു. പിന്നെ മീഡിയ നല്ല മറുപടികള്‍ പ്രതീക്ഷിച്ച് അവരുടെ ജോലി ചെയ്യുന്നു എന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. ഈ നാട്ടില്‍ വിരലില്‍ എന്നാവുന്ന മീഡിയ ഒഴികെ ആരൊക്കെ ആണ് അവരുടെ ആ 'ജോലി' വേണ്ടവിധത്തില്‍ ചെയ്യുന്നത്. കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി എന്തും കണ്ടന്റ് ആക്കുകയും ഇന്റര്‍വ്യൂവിനിടയില്‍ ആരുടെയെങ്കിലും വായില്‍ നിന്നൊരു മണ്ടത്തരം വന്നാല്‍ അതും പബ്ലിഷ് ചെയ്യുന്ന മീഡിയ തിരിച്ചും ഡിസ്റസ്പെക്ട് തന്നെ അല്ലെ കാണിക്കുന്നത് .അതിനെതിരെ ഇങ്ങനെ എത്ര പ്രമുഖര്‍ പ്രതികരിച്ചു കണ്ടുവെന്നും ഒരാള്‍ ചോദിക്കുന്നു.
എന്റെ അഭിപ്രായമാണ്, ആരും യോജിക്കണമെന്ന് പറയുന്നില്ലെന്ന് നിഖില
ഗുരുവയൂര്‍ അമ്പല നടയിലെ അഴകിയ ലൈലയായും സാക്ഷാല്‍ മാരി സെല്‍വരാജിന്റെ വാഴൈയിലെ ടീച്ചറായുമൊക്കെ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുമ്പോഴാണ് ലേഡി പൃഥ്വിരാജ്, തഗ് റാണി തുടങ്ങിയ പേരുകളും വിമര്‍ശനങ്ങളും നിഖിലയെ തേടിയെത്തുന്നത്. ഇതിനോടും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെയാണ് നിഖിലയുടെ മറുപടി.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശനങ്ങളോട് നിഖില പ്രതികരിച്ചത് ഇങ്ങനെയാണ്..
താന്‍ അങ്ങനെ ഒരിടത്തും വന്ന് വെറുതെ അഭിപ്രായം പറയാറില്ല. പത്രസമ്മേളനം വിളിച്ചൊന്നും പറയാറില്ല. ഞാന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമായി അഭിമുഖങ്ങളിലൊക്കെ ചോദിക്കുന്ന ചോദ്യങ്ങളോട് മറുപടി പറയേണ്ടിവരും. എന്റെ അഭിപ്രായമാണ് പറയുന്നത്. അതിനോട് ആരും യോജിക്കണമെന്നില്ല. യോജിക്കണമെന്ന് പറയാനുമാകില്ല. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടാറില്ല. ഭൂരിപക്ഷം പേരും പ്രകടിപ്പിക്കുന്ന അഭിപ്രായമല്ല എന്നതിനാലാകും അത്.
'മറ്റുള്ളവര്‍ക്ക് ആണ് ഇതൊക്കെ തഗ്ഗ് ആയിട്ട് തോന്നുന്നത്. എനിക്കത് വര്‍ത്തമാനം പറയുന്നത് പോലെയാണ്. എന്നോട് ഒരാള് പീക്ക് ചെയ്ത് സംസാരിക്കുകയാണെങ്കില്‍ അതുപോലെ എനിക്ക് തിരിച്ച് സംസാരിക്കാന്‍ പറ്റൂ. അതെന്താണ് എന്ന് എനിക്കറിയില്ല. മീഡിയയോട് സംസാരിച്ചാണ് അങ്ങനെയായത്.ചിലര്‍ക്ക് അത് ഇഷ്ടപ്പെടും.ചിലര്‍ക്ക് അത് അഹങ്കാരമായിട്ട് തോന്നും. ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ ഇങ്ങനെ ആയിപ്പോയി. എന്ത് ചെയ്യും. വളര്‍ത്തു ദോഷം', എന്നും രസകരമായി നിഖില പറഞ്ഞ് അവസാനിപ്പിക്കുന്നു.
തന്നോടുള്ള വിമര്‍ശനങ്ങളെപ്പോലും നിറഞ്ഞ മനസോടെയാണ് നിഖില സ്വാഗതം ചെയ്യുന്നത്.എല്ലാ സിനിമയിലും ഒരേ ഭാവം എന്നു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അതിനെ സ്വാഗതം ചെയ്ത് അതേ രീതിയിലാണ് നിഖില മറുപടി നല്‍കിയത്.അധികമാര്‍ക്കും കഴിയാത്ത ഒരുകാര്യം കൂടിയാണിത്.ഇതോക്കെ കൂടിക്കൊണ്ടാണ് ശാസിക്കുമ്പോഴും നിഖിലയെ സോഷ്യല്‍ മീഡിയ ചേര്‍ത്ത് നിര്‍ത്തുന്നതും.