- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും ഇതിനായി ഇന്ത്യന്‍ സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും പോസ്റ്റര്‍ സഹിതം വ്യാജ പ്രചരണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം; പാസ്റ്റര്‍ കെ എ പോളിനെതിരെ കേസെടുത്തേക്കും
ന്യൂഡല്‍ഹി: യെമെന്‍ പൗരന്റെ കൊലപാതകത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കാളിയാകുന്നു എന്നവകാശപ്പെടുന്ന കെ.എ. പോളിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുത്തേക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലെ പണപ്പിരിവിന്റെ പേരിലാണ് ഇത്. ഇയാള്‍ മോചനത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നതിനെതിരേ വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കി. ്ക്രിമിനല്‍ കേസ് എടുക്കുന്നതും പരിഗണിക്കുന്നുണ്ട്.
നിമിഷ പ്രിയ കേസില്‍ ഇന്ത്യ ഗവണ്‍മെന്റ് നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക സംഭാവനകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊരു വ്യാജ അവകാശവാദമാണെന്നും ഫാക്ട് ചെക്ക് വിഭാഗത്തിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി സംഭാവന ആവശ്യപ്പെട്ടുകൊണ്ട് കെ.എ. പോള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് എക്സ് പോസ്റ്റ്. ഈ പോസ്റ്റിലാകും നിയമ നടപടികള്‍ എടുക്കുക. സര്‍ക്കാരിന്റെ പേരിലെ വ്യാജ പ്രചരണം ഗൗരവത്തോടെ തന്നെ എടുക്കും.
എക്‌സിലൂടെയാണ് സുവിശേഷകനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെ.എ. പോള്‍ പണപ്പിരിവ് ആവശ്യപ്പെട്ട് രംഗത്തുവന്നത്. നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും ഇതിനായി ഇന്ത്യന്‍ സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നുമാണ് പോസ്റ്റര്‍ സഹിതം വ്യാജമായി പ്രചരിപ്പിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് മുമ്പ് കെ.എ. പോള്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഇന്നലെ, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം കഴിഞ്ഞെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കിയിരുന്നു. ഇനി ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാറാണെന്നും സര്‍ക്കാര്‍ അത് ചെയ്യുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്നതായി അവകാശപ്പെട്ടുകൊണ്ട് സുവിശേഷകനും ഗ്ലോബല്‍പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെ.എ. പോള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. നിമിഷയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് കെ.എ പോള്‍ വീഡിയോയും പങ്കുവെച്ചിരുന്നു. നിമിഷയെ സുരക്ഷിതയായി തിരിച്ചെത്തിക്കാന്‍ യെമെനിലേക്ക് സര്‍ക്കാരിന്റെ പ്രതിനിധികളെ അയക്കാന്‍ പ്രധാനമന്ത്രി തയ്യാറെടുക്കുകയാണെന്നും അതിന് നന്ദിപറയുന്നുവെന്നും പോള്‍ അറിയിച്ചിരുന്നു. എന്നാല്‍, വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.
അതിനിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം കഴിഞ്ഞെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിക്കുകയും ചെയ്തു. ''മുസ്ലിം- ഹിന്ദു - ക്രിസ്ത്യന്‍ എന്ന നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കല്‍പ്പിക്കണം എന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തില്‍ ഇടപെട്ടത്. യെമനില്‍ ഉണ്ടായ ഇടപെടലിന്റെ ഓരോ പുരോഗതിയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാന്‍ ആഗ്രഹിച്ചിട്ടില്ല''- കാന്തപുരം പറഞ്ഞു. ''ഇനി ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അക്കാര്യം ചെയ്യുമെന്നാണ് വിശ്വാസമെന്നും''- കാന്തപുരം വ്യക്തമാക്കി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫീ പണ്ഡിതന്‍ ഉമര്‍ ഹഫീളിന്റെ പ്രതിനിധികള്‍ യമനില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് വധശിക്ഷ നീട്ടിവെച്ചത്.
മധ്യസ്ഥ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായാണ് യെമനില്‍ നിന്നുള്ള ഔദ്യോഗകിക വിവരം. അതേസമയം വധശിക്ഷ റദ്ദായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും യെമനില്‍ നിന്നോ കേന്ദ്രസര്‍ക്കാരില്‍ നിന്നോ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതിനിടെ മധ്യസ്ഥ ചര്‍ച്ചകളോട് എതിര്‍പ്പുള്ള, കൊല്ലപ്പെട്ട യെമനി യുവാവിന്റെ സഹോദരന്‍ അബ്ദല്‍ ഫതാഹ്, വധശിക്ഷ നടപ്പാക്കാന്‍ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആ ആശയ കുഴപ്പങ്ങള്‍ക്കിടെയാണ് പുതിയ പണപ്പിരിവ് വിവാദം.