- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിമിഷപ്രിയയ്ക്കായി മറുനാടൻ ബിഗ് ക്യാമ്പെയിൻ ഫലം കണ്ടു
തിരുവനന്തപുരം: മറുനാടൻ ബിഗ് ക്യാമ്പെയിൻ ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തതോടെ, കാര്യങ്ങൾ ഉഷാറായി. യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ പരിശ്രമങ്ങളിൽ വലിയ പുരോഗതി. ബിസിനസ് പങ്കാളിയായിരുന്ന യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ മരണത്തിന്റെ പേരിലാണ് നഴ്സായിരുന്ന നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇനി തലാലിന്റെ കുടുംബവുമായി ചർച്ച നടത്തി, ദിയാധനം( ബ്ലഡ് മണി) സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും അതുവഴി മോചനം സാധ്യമാക്കുകയുമാണ് രക്ഷാമാർഗ്ഗം.
മെഹ്ദിയുടെ കുടുംബം അടങ്ങുന്ന ഗോത്രവിഭാഗവുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായി പ്രാരംഭ ചെലവുകൾക്ക് ആവശ്യമുള്ള 40,000 യു.എസ് ഡോളറാണ് (ഏകദേശം 35 ലക്ഷം ഇന്ത്യൻ രൂപ) ആക്ഷൻ കൗൺസിൽ ഇതിനകം സമാഹരിച്ചത്. ഇതിൽ ഒന്നാം ഗഡുവായ 20,000 ഡോളർ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ വിദേശകാര്യമന്ത്രാലയം വഴി യമനിലേക്ക് കൈമാറിയിരുന്നു. അവശേഷിക്കുന്ന 20,000 ഡോളർ യമനിലെ ഇന്ത്യൻ എംബസി നിർദ്ദേശിക്കുന്നതനുസരിച്ച് മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. മറുനാടൻ ബിഗ് ക്യാമ്പെയിൻ തുടങ്ങിയതോടെയാണ് ലോകത്തിന്റെ നാനാഭാഗത്തും നിന്നും സഹായധനം എത്തിത്തുടങ്ങിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ചർച്ചയ്ക്ക് വേണ്ട ആദ്യഗഡുവായ 20,000 ഡോളർ സമാഹരിച്ച ശേഷം ശ്വാസംമുട്ടി നിൽക്കുന്ന സമയത്താണ് മറുനാടൻ വിഷയം ഏറ്റെടുത്ത് ക്യാമ്പെയിൻ തുടങ്ങിയത്. അതോടെ, വലിയതോതിൽ സഹായം എത്തിത്തുടങ്ങി.
ആദ്യ ഘട്ട ചർച്ചകൾ ഫലം കണ്ടാൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ഈ ചർച്ചയിലാകും നിമിഷ പ്രിയയുടെ മോചനത്തിന് നൽകേണ്ട ബ്ലഡ് മണിയിൽ തീരുമാനമാകുക. തലാലിന്റെ കുടുംബം സന്നദ്ധമായാൽ നൽകേണ്ട ദിയാധനം സ്വരൂപിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. കാരണം യെമൻ ഭാരവാഹികൾ ഏതുഘട്ടത്തിലുംം ദിയാധനം ആവശ്യപ്പെടാം. ഇപ്പോൾ പണം തരണമെന്ന് ആവശ്യപ്പെട്ടേക്കാം. സാവകാശം കിട്ടുമോയെന്ന് വ്യക്തമല്ലാത്തതിനാൽ ധനസമാഹരണം തുടരുകയാണ്. ആശ്വാസധനം നൽകി തുക ശേഷിക്കുന്നുണ്ടെങ്കിൽ അതു നിമിഷപ്രിയയുടെയും മകളുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിനു വിനിയോഗിക്കാനാണു പരിപാടിയെന്നു കൗൺസിൽ ഭാരവാഹികൾ അറിയിച്ചു
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായും അവരുൾപ്പെടുന്ന ഗോത്രത്തിന്റെ നേതാക്കളുമായുമാണു യെമനിൽ എംബസി ഏർപ്പെടുത്തിയ അഭിഭാഷകൻ മുഖേന ചർച്ച തുടങ്ങേണ്ടത്. ഇവർ ആശ്വാസധനം (ബ്ലഡ് മണി) (ദിയാധനം) സ്വീകരിച്ചു മാപ്പു നൽകാൻ തയ്യാറായാലേ മോചനം സാധ്യമാകൂ. മകളുടെ മോചനശ്രമങ്ങൾക്കായി നിമിഷയുടെ അമ്മ പ്രേമകുമാരി രണ്ടു മാസമായി യെമനിലെ സനായിൽ തങ്ങുകയാണ്. 2020 ലാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. കൗൺസിലാണ് ഇപ്പോൾ ദിയാധന സമാഹരണം ഏകോപിപ്പിക്കുന്നത്.
സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളും വർഷങ്ങളായി നടത്തുന്ന ശ്രമഫലമായാണ് ജിബൂട്ടിയിലെ ഇന്ത്യൻ ഏംബസി യെമനിയായ ഒരാളെ അഭിഭാഷകനായി നിയോഗിച്ചത്. യെമനി ഗോത്ര നിയമപ്രകാരം ഗോത്രതലവന്മാർക്ക് മാത്രമേ തലാൽ മെഹ്ദിയുടെ കുടുംബവുമായി മധ്യസ്ഥ ചർച്ച നടത്താൻ കഴിയൂ. ഇന്ത്യയ്ക്ക് യെമനിൽ നയതന്ത്രപ്രതിനിധികൾ ഇല്ലാത്തത് കാരണം തലാൽ മെഹ്ദിയുടെ കുടുംബവുമായി നേരിട്ട് മധ്യസ്ഥ ചർച്ച നടത്താൻ കഴിയില്ല. അതുകൊണ്ട് മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാകുന്ന ഗോത്രത്തലവന്മാരെ കണ്ടെത്തുകയാണ് ജിബൂട്ടി ഏംബസി ചുമതലപ്പെടുത്തിയ യെമനി അഭിഭാഷകന്റെ ചുമതല. ചർച്ച സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവന്നേക്കും.
ബ്ലഡ് മണി മൂന്നുകോടിയോളം വേണ്ടി വരുമെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ കണക്കാക്കുന്നത്. 500 രൂപ വച്ച് ഫണ്ട് നൽകി 60,000 പേർ സഹായിച്ചാൽ വളരെ വേഗത്തിൽ 3 കോടി കണ്ടെത്താൻ കഴിയുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. അതുകൊണ്ട് കൂടിയാണ് മറുനാടൻ മലയാളിയും ഈ കാമ്പെയിനിന്റെ ഭാഗമാകുന്നത്. തലാൽ മെഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അതിനുള്ള സാധ്യതകൾ തെളിയുമെന്നാണ് പ്രതീക്ഷ.
മകളെ കാണാനും ജയിൽ മോചനം സാധ്യമാക്കാനും യെമൻ തലസ്ഥാനമായ സനയിലേക്ക് പ്രേമകുമാരി ഏപ്രിലിലാണ് പോയത്.
നിമിഷപ്രിയയ്ക്ക് വേണ്ടി കൈകോർക്കാം: അക്കൗണ്ട് വിവരങ്ങൾ:
പേര്: SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL
കറണ്ട് അക്കൗണ്ട് നമ്പർ: 00000040847370877. IFSC Code: SBIN0000893, SBI PALAKKAD.
എന്താണ് ദിയാ ധനം?
ഇസ്ലാമിക നിയമപ്രകാരം, കുറ്റക്യത്യത്തിന് ഇരയായവർക്ക്, കുറ്റവാളികൾ എങ്ങനെ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശമുണ്ട്. കൊലപാതക കേസിൽ അതിനുള്ള അവകാശം തത്വത്തിൽ ഇരകളുടെ കുടുംബങ്ങൾക്കാണ്. കൊലപാതക കുറ്റത്തിന് വധശിക്ഷയാണ് വിധിച്ചിരിക്കുന്നതെങ്കിലും, ഇരകളുടെ കുടുംബത്തിന് പണം നഷ്ടപരിഹാരമായി ഏറ്റുവാങ്ങി കുറ്റവാളിയോട് പൊറുക്കാം. ഇതാണ് ദിയ്യ അല്ലെങ്കിൽ ബ്ലഡ് മണിയുടെ തത്ത്വം.
ഒരേസമയം, ക്ഷമ എന്ന് ഗുണം പ്രോത്സാഹിപ്പിക്കുകയും, ഇരകളുടെ കുടുംബത്തിന് അവർക്കുണ്ടായ നഷ്ടത്തിന് പരിഹാരം ലഭ്യമാക്കുകയുമാണ് ഈ ആശയത്തിന് പിന്നിലെന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ നഷ്ടപരിഹാര തുക എത്ര നൽകണമന്ന് നിഷ്‌കർഷിച്ചിട്ടില്ല. കുറ്റവാളിയുടെ കുടുംബവും, ഇരകളുടെ കുടുംബവും തമ്മിൽ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് സാധാരണഗതിയിൽ ദിയാധനത്തെ കുറിച്ച് ധാരണയിലെത്തുക. ചില ഇസ്ലാമിക രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാര തുക നിശ്ചയിച്ചിട്ടുണ്ട്. യെമനിലാകട്ടെ ഗോത്രത്തലവന്മാരാണ് ഇരകളുടെ കുടുംബവുമായി മധ്യസ്ഥ ചർച്ച നടത്തുന്നത്.