കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമെനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് ഇനി നിർണ്ണായക നീക്കങ്ങൾ. കൊല്ലപ്പെട്ട യെമെൻ യുവാവിന്റെ കുടുംബത്തെ കാണാൻ നിമിഷ പ്രിയയുടെ അമ്മ ശ്രമം തുടങ്ങി. യെമെൻ അഭിഭാഷകൻ മുഖാന്തരമാണ് കുടുംബവുമായി ചർച്ച നടത്തുക. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ എന്നിവർ യെമെനിൽ തുടരുകയാണ്. കുടുംബം സമ്മതിച്ചാൽ ബ്ലെഡ് മണി നൽകി നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്നും രക്ഷിക്കാൻ കഴിയും.

അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകൾക്കായി 50 ലക്ഷം രൂപ സമാഹരിക്കാൻ ഞായറാഴ്ച ചേർന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കാതെ ആക്ഷൻ കൗൺസിൽ തന്നെ ഈ തുക കണ്ടെത്തും. ഇതിന് പലരുമായും ചർച്ച നടത്തും. മോചനത്തിനായി ഗാരന്റി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാമ്പത്തികമായും ഉന്നത തലങ്ങളിലുള്ളവരുമായും സംസാരിച്ചിട്ടുണ്ട്. മറ്റു ചില നിർണ്ണായക തീരുമാനങ്ങളും എടുത്തിട്ടുണ്ട്.

മോചനശ്രമത്തിന്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങൾക്ക് കൈമാറാനും തീരുമാനിച്ചു. യെമെനിൽ തുടങ്ങിയ ക്ലിനിക്കുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യെമെൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ 2017-ൽ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പ് നൽകിയാൽ നിമിഷ പ്രിയയ്ക്ക് മോചനം കിട്ടും.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷ പ്രിയയെ കാണാൻ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച് അമ്മ പ്രേമകുമാരി പ്രതികരണം നടത്തിയിരുന്നു. 11 വർഷങ്ങൾക്ക് ശേഷമാണ് പ്രേമകുമാരി ദിവസങ്ങൾക്ക് മുമ്പ് മകളെ കാണുന്നത്. കാണാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി പറഞ്ഞു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.

12 വർഷത്തിന് ശേഷം വികാരനിർഭരമായ കൂടിക്കാഴ്‌ച്ചയാണ് യെമനിലെ സനയിലെ ജയിലിൽ നടന്നത്. നിമിഷയുടെ അമ്മ പ്രേമകുമാരിയും ഒപ്പമുള്ള സാമുവേൽ ജെറോമും ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൗകര്യം ഒരുക്കിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു.

അന്ന് നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. അന്ന് തന്നെ മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കിയിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനമാണ് ഇനി നിർണ്ണായകം.