- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോത്രതലവന്മാർ വഴങ്ങുമെന്ന പ്രതീക്ഷയിൽ നീക്കങ്ങൾ
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. പ്രാരംഭ ചർച്ചകൾ നടത്താൻ 40,000 യുഎസ് ഡോളർ ഇന്ത്യൻ എംബസി മുഖേനെ കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ഇതോടെ മോചന നടപടികൾക്ക് പുതുവേഗം വരും.
യെമനിലെ സനയിലുള്ള ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്കാകും പണം കൈമാറുക. നിമിഷപ്രിയയുടെ മോചനത്തിനായി സമാഹരിച്ച പണത്തിൽ നിന്നാണ് ഈ തുക കൈമാറുക. യെമനിലേക്ക് പണം കൈമാറാൻ ഇന്ത്യൻ പൗരന്മാർക്ക് അനുമതിയില്ല. എന്നാൽ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ ആവശ്യവും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അനുമതി നൽകുകയായിരുന്നു. ആഭ്യന്തരയുദ്ധം നടക്കുന്നതിനാൽ യെമൻ ഭരണകൂടവുമായി ഇന്ത്യക്ക് നയതന്ത്രബന്ധമില്ല. പണം നൽകിയ ശേഷമാകും യെമനിലെ ഗോത്രത്തലവന്മാരുമായി ചർച്ചകൾ ആരംഭിക്കുക. ചർച്ചയ്‌ക്കൊടുവിലാകും നൽകേണ്ട ബാക്കി തുകയിൽ തീരുമാനമാകൂ.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾ നടത്തണമെങ്കിൽ ഇന്ത്യൻ എംബസി വഴി പണം ആദ്യം കൈമാറണമെന്ന് പ്രമേകുമാരി കേന്ദ്രത്തെ അറിയിച്ചിരുന്നു. എംബസിയുടെ അക്കൗണ്ടിൽ പണം എത്തിയാൽ പ്രേമകുമാരി നിർദ്ദേശിക്കുന്നവർക്ക് പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയത്. ഇതോടെ മോചന നടപടികൾക്ക് വേഗം വരും. നിമിഷ പ്രിയയുടെ മോചനത്തിന് പണം കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. യെമൻ പൗരന്റെ കുടുംബത്തെ നേരിൽ കണ്ട് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനാണ് അമ്മ പ്രേമകുമാരിയുടെ ശ്രമം. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ വിചാരണക്കോടതി നടത്തിയ വിധി യെമൻ സുപ്രീം കോടതിയും ശരിവച്ചു. ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യം തള്ളുകയും ചെയ്തു. 2012ലാണ് നിമിഷപ്രിയ നഴ്‌സായി യെമനിൽ എത്തിയത്.