ന്യൂഡല്‍ഹി: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ചര്‍ച്ചകള്‍ക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. ഈ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് കൗണ്‍സിലിന്റെ ആവശ്യം. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത്, അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍. എന്നിവര്‍ ഇന്ന് സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണം എന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദു ഫത്താഹ് മഹ്ദി. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നടത്തിയ ഇടപെലുകളെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാന്തപുരം ഇടപെട്ടില്ലെന്ന് അസന്നിഗ്ധമായി പറഞ്ഞതുമില്ല. കാന്തപുരവും ഇടപെടല്‍ തുടരുന്നുണ്ട്. കാന്തപുരത്തിന്റെ പ്രതിനിധികളെ കൂടെ ഉള്‍പ്പെടുത്തിയുള്ള നയതന്ത്ര സംഘത്തിന് വേണ്ടിയാണ് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുമ്പോട്ട് വരുന്നത്.

കൊല്ലപ്പെട്ട യെമെന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിനാണ് നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണം. സംഘത്തിലെ രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടുപേര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ സംഘത്തില്‍പെട്ടവരും ആയിരിക്കണമെന്നാണ് സമിതിയുടെ ആവശ്യം. തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍., ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെ സംഘത്തില്‍ ഉള്‍പെടുത്തണം. മര്‍കസ് പ്രതിനിധികളായി ഡോ. ഹുസൈന്‍ സഖാഫി, ഹാമിദ് എന്നിവരെയാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്.

ചര്‍ച്ചകളുടെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ ധരിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയാണ് സുപ്രീം കോടതിയെ ചര്‍ച്ചകളുടെ പുരോഗതി അറിയിക്കുക. വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില സുഹൃത്രാജ്യങ്ങളുടെയും യെമെനിലെ പ്രാദേശിക അധികൃതരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രമുഖനായ ഒരു ഷേഖിന്റെയും സഹായത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മോചന ചര്‍ച്ചകള്‍ നടത്തുന്നത്.

കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സൂഫിപണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ മകന്‍ ചര്‍ച്ച നടത്തുന്നുണ്ട്. സൂഫിപണ്ഡിതന്‍തന്നെയാണ് മകനെ അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഇതിനായി നിയോഗിച്ചത്. ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തലാലിന്റെ സഹോദരന്‍ അബ്ദല്‍ ഫത്താഹ് മെഹ്ദി കഴിഞ്ഞദിവസം ഒട്ടും സഹകരിക്കുന്നില്ലായിരുന്നു. ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നുണ്ട്. നഷ്ടപരിഹാരം അടിസ്ഥാനമാക്കിയല്ല, മാപ്പുനല്‍കണമെന്ന ആവശ്യവുമായിത്തന്നെയാണ് കുടുംബത്തെ സമീപിച്ചിരിക്കുന്നത്.

ദിയാധനം ആവശ്യപ്പെടുകയാണെങ്കില്‍മാത്രം അക്കാര്യത്തില്‍ സംസാരിക്കാമെന്നതാണ് ധാരണ. അവര്‍ ആവശ്യപ്പെടുന്ന പണം കണ്ടെത്തി നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സിലും ചാണ്ടി ഉമ്മന്‍ എംഎല്‍എയും പറഞ്ഞിട്ടുണ്ട്. മകന്‍ സംസാരിച്ചിട്ടും അനുനയിപ്പിക്കാന്‍ കഴിയില്ലെങ്കില്‍മാത്രമേ സൂഫിപണ്ഡിതന്‍ നേരിട്ട് ചര്‍ച്ചയ്ക്ക് പോവുകയുള്ളൂ. അതേസമയം, മോചനം മുടക്കുന്ന രീതിയിലുള്ള ഇടപെടലുകളുണ്ടാവുന്നുണ്ടെന്നാണ് യെമെനില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. ദിയാധനം നല്‍കാമെന്ന വാഗ്ദാനവുമായി ചിലര്‍ കുടുംബത്തെ സമീപിക്കുന്നുണ്ട്. പുറത്തുനിന്നുള്ള അത്തരം ഇടപെടലുകള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മര്‍കസ് അധികൃതരോട് മധ്യസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ നിമിഷപ്രിയക്ക് ശിക്ഷയില്‍നിന്ന് പൂര്‍ണമായും മോചനമായിട്ടില്ലെന്നും അവിടെയുള്ള പണ്ഡിതന്മാരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു ദിവസം നിശ്ചയിക്കാതെ വധശിക്ഷ മാറ്റിവെച്ചതെന്നും കാന്തപുരം അറിയിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് കൃത്യമായ ഒരു ദിവസം പറയാത്തത് ശുഭസൂചനയാണെന്നും കാന്തപുരം ഇരുവരോടും പറഞ്ഞു.