- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്‍ അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി; തലാലിന്റെ കുടുംബം നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഉറച്ചുനില്‍ക്കാന്‍ കാരണം കുത്തിത്തിരിപ്പ് വാര്‍ത്തകളോ? മധ്യസ്ഥ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ നീക്കമെന്ന ആരോപണവുമായി യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യന്‍
ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി
ന്യൂഡല്‍ഹി: യെമനി പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സന ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തകൃതിയായി തുടരുന്നതിനിടെ, കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് തലാല്‍ അബ്ദോ മെഹ്ദിയുടെ സഹോദരന്‍. കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ലെന്നും ആരുമായി സംസാരിച്ചിട്ടും വിളിച്ചിട്ടുമില്ലെന്നും മലയാളത്തില്‍ എഴുതിയ കുറിപ്പിന് പിന്നാലെ ഇംഗ്ലീഷില്‍ മറ്റൊരു കുറിപ്പ് കൂടി അബ്ദുല്‍ ഫത്താഹ് മെഹ്ദി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
'വധശിക്ഷ വൈകിക്കുന്നത് കൊണ്ട് അത് നടപ്പാക്കാനുള്ള ഞങ്ങളുടെ അവകാശം മുറുകെ പിടിക്കാതിരിക്കില്ല. അള്ളാഹുവിന്റെ നയം നടപ്പാക്കുന്നത് തടസ്സപ്പെടുത്തുന്നത് ഏംബസിയും അവരുടെ അഭിഭാഷകരുമാണ്. അതുകൂടാതെ ചില മധ്യസ്ഥരും അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട്. അവരോട് പറയാനുള്ളത് വെറുതെ സമയം പാഴാക്കേണ്ട എന്നാണ്. തലാല്‍ കുടുംബത്തോട് മാപ്പപേക്ഷിച്ചുവെന്നും വിജയനിമിഷത്തില്‍ എത്തിയെന്നും ഉള്ള മാധ്യമവാര്‍ത്തകള്‍ കണ്ടു. എന്നാല്‍ ഞങ്ങള്‍ ഇതുവരെ ആരെയും കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല' അബ്ദുല്‍ ഫത്താഹ് മഹ്ദി പോസ്റ്റില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിമിഷപ്രിയയെ അനുകൂലിച്ചും തലാലിനെ വിമര്‍ശിച്ചും ഉള്ള വാര്‍ത്തകളും പോസ്റ്റുകളും തലാല്‍ കുടുംബത്തെ അലോസരപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്ച മലയാളത്തിലും ഇംഗ്ലീഷിലുമായി കുറിച്ച പോസ്റ്റുകളില്‍ ആ ഈര്‍ഷ്യ പ്രകടമാണ്. സോഷ്യല്‍ മീഡിയയിലെ കുത്തിത്തിരിപ്പുകള്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തടസ്സമാകുന്നുണ്ടെന്ന് കാന്തപുരത്തിന്റെ ഓഫീസ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേരളത്തില്‍ നിന്ന് ഫത്താഹിന് പി. ആര്‍ സഹായം ലഭിക്കുന്നു എന്ന് സംശയിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന്
മാധ്യമപ്രവര്‍ത്തകനായ ജംഷാദ് കെ ഫേസ്ബുക്കില്‍ കുറിച്ചു.
തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് മലയാളത്തില്‍ ആണ്. ആദ്യമെല്ലാം അറബിയിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ഞാന്‍ വായിച്ചത്. ഇന്നലെ മുതല്‍ പോസ്റ്റില്‍ കേരളത്തിലെ വാര്‍ത്തകള്‍ പ്രത്യേകം എടുത്തു പറയാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ പോസ്റ്റിന്റെ ലിങ്ക് ഉള്‍പ്പെടെ ഫത്താഹ് ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഗൂഗിള്‍ ട്രാന്‍സലേഷന്‍ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. കൃത്യമായി കേരളത്തില്‍നിന്ന് ഫത്താഹിന് പി. ആര്‍ സഹായം ലഭിക്കുന്നു എന്ന് സംശയിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.മലയാളം ചാനലുകളില്‍ വരുന്ന പോസ്റ്ററുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ ഫത്താഹ് ഷെയര്‍ ചെയ്യുന്നത്.
നിമിഷപ്രിയ സ്വതന്ത്രയാകരുത് എന്ന് ആഗ്രഹിക്കുന്ന കുറെ പേര്‍ കേരളത്തില്‍ ഉണ്ട് എന്ന് വ്യക്തമാകുന്നു. ഫത്താഹിന് മലയാളം എഴുതി കൊടുക്കുന്നവര്‍ക്ക് മലയാളം അറിയാത്തതു കൊണ്ടുള്ള അക്ഷര തെറ്റുകള്‍ അതുപോലെ അദ്ദേഹത്തിന്റെ പോസ്റ്റുകളിലും വരുന്നുണ്ട്. ഒരു പ്രൂഫ് റീഡറുടെ സഹായം കൂടി ഫത്താഹ് തേടിയാല്‍ നന്ന്.
ഒരു വര്‍ഷം മുമ്പ് മകന്‍ ഖലീല്‍ അബ്ദുല്‍ ഫത്താഹ് അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയെന്ന് ജംഷാദ് മറ്റൊരു പോസ്റ്റില്‍ കുറിച്ചു.
തലാലിന്റെ സഹോദരന്‍ മകന്‍ കൊല്ലപ്പെട്ട കേസില്‍ മാപ്പുകൊടുത്ത വ്യക്തി, നിമിഷപ്രിയയെ ഇരയാക്കുന്ന വാര്‍ത്തകള്‍ അസ്വസ്ഥനാക്കി. നിമിഷപ്രിയ കേസില്‍ കൊല്ലപ്പെട്ട തലാല്‍ മഹ്ദിയുടെ കുടുംബം നിലപാട് കടുപ്പിച്ചത് തലാലിനെ തിരായ മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ്. ഒരു വര്‍ഷം മുമ്പ് മകന്‍ ഖലീല്‍ അബ്ദുല്‍ ഫത്താഹ് അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി.
കഴിഞ്ഞ ദിവസം ബി.ബി.സി (അറബി) ക്ക് നല്‍കിയ അഭിമുഖത്തിലും തലാലിനെ കുറ്റക്കാരനാക്കി നിമിഷപ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അദ്ദേഹത്തിന്റെ സഹോദരന്‍ സംസാരിച്ചത്. എന്നിരുന്നാലും നിമിഷ പ്രിയക്ക് അദ്ദേഹവും കുടുംബവും മാപ്പുനല്‍കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. തന്റെ മകന്‍ കൊല്ലപ്പെട്ട കേസില്‍ നിരുപാധികം മാപ്പ് കൊടുത്ത വ്യക്തികൂടിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി.
എന്നാല്‍ മലയാള മാധ്യമങ്ങളില്‍ ചിലത് തലാലിനെ കുറ്റക്കാരനാക്കിയും നിമിഷപ്രിയയെ ഇരയാക്കിയും വാര്‍ത്തകള്‍ നല്‍കുന്നതില്‍ അദ്ദേഹം അസ്വസ്ഥനാണ്. തലാല്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു എന്നുള്ള കാര്യവും അദ്ദേഹം കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇത്തരം വാര്‍ത്തകളാണ് വധശിക്ഷയില്‍ ഉറച്ചുനില്‍ക്കാന്‍ കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നീതിനിര്‍വഹണം നീണ്ടു പോയതിന്റെ പേരില്‍ തലാലിന്റെ കുടുംബം ശക്തമായ പ്രതിഷേധത്തിലായിരുന്നു. 2024 ഡിസംബര്‍ 23നു ഹൂതി രാഷ്ട്രീയ കൗണ്‍സില്‍ പ്രസി ഡന്റ് വധശിക്ഷ നടപ്പാക്കാനായി ഒപ്പുവച്ച മൂന്ന് കേസുകളില്‍ ഒന്നാണ് നിമിഷപ്രിയയുടേത്. അതില്‍ മറ്റു രണ്ടു കേസുകളിലെയും പ്രതികളുടെ വിധി നടപ്പാക്കിയപ്പോള്‍ ഇതുമാത്രം മാറ്റിവച്ചതിനെതിരേ തലാലിന്റെ സഹോദരന്‍ നീണ്ട കുറിപ്പ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ 16ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അത് വീണ്ടും നീട്ടി. ഒരു ഘട്ടത്തില്‍ തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത് നഷ്ടപരിഹാരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെയുള്ള തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം പറയുന്നുണ്ട്. തെറ്റായ വാര്‍ത്തകളാണ് അദ്ദേഹത്തെ വധശിക്ഷ എന്ന നിലപാടിലേക്ക് മാറ്റാന്‍ കാരണം. കേരളത്തിലെ വാര്‍ത്തകള്‍ അവര്‍ നിരീക്ഷിക്കുന്നുണ്ട്.
പിന്നീടാണ് ഫത്താഹ് വധശിക്ഷ നല്‍കണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയത്. ഈ നിലപാടുമാറ്റത്തിനു കാരണം മാധ്യമവാര്‍ത്തകള്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചു എന്നതു തന്നെയാണ്. പ്രകോപനം ഇല്ലാതായാല്‍ ദിയാധനം സ്വീകരിച്ച് നിമിഷപ്രിയ ക്ക് മാപ്പുനല്‍കാന്‍ അദ്ദേഹം തയാറായേക്കുമെന്ന സൂചനയും ഉണ്ട്. എന്നാല്‍ ദിയാധനമായി ലഭിക്കുന്ന തുക വര്‍ധിപ്പിക്കാനാണ് അദ്ദേഹം നിലപാട് കടുപ്പിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്.
മധ്യസ്ഥ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ നീക്കം?
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യന്‍ ജവാദ് മുസ്തഫാവി. കാന്തപുരം എ പി അബൂബക്കല്‍ മുസ്ല്യാര്‍ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മധ്യസ്ഥ ശ്രമങ്ങള്‍ തടയിടാന്‍ ചിലര്‍ ശ്രമിക്കുന്നതായും ജവാദ് മുസ്തഫാവി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് തലാലിന്റെ സഹോദരന്‍ മലയാളത്തിലുള്‍പ്പെടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടത്.
ജവാദ് മുസ്തഫാവിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
നിമിഷ പ്രിയ കേസില്‍ ആദരണീയരായ കാന്തപുരം ഉസ്താദ് ഇടപെടലുകള്‍ നടത്തിയ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് മുതല്‍ 'മുബാറക്ക് റാവുത്തര്‍' എന്ന വ്യക്തി അത് നിഷേധിച്ചും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഇരയുടെ നാട്ടുകാരായ ചിലരുടെ ഫേസ്ബുക്ക് വാളുകളില്‍ മലയാളത്തില്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വരികയും കാന്തപുരം ഉസ്താദിന്റെ ഇടപെടലിനെ തുടര്‍ന്നുണ്ടായ മധ്യസ്ഥ ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. നിലവില്‍ പൂര്‍ണ്ണമായും ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകളില്‍ സഹകരിച്ചു കൊണ്ടിരിക്കുന്ന കുടുംബാംഗങ്ങളുടെ സഹായത്തോടെ ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തുകയുണ്ടായി. അപ്പോഴാണ് യാതൊരു മാനുഷിക താല്‍പര്യങ്ങള്‍ പോലും ഇല്ലാത്ത ചതിയുടെയും വഞ്ചനയുടെയും വിവരങ്ങള്‍ അറിയാന്‍ സാധിച്ചത്.
ഈ കേസില്‍ മുമ്പ് ഇടപെടുകയും അരക്കോടിയോളം രൂപ നിയമ പോരാട്ടത്തിന് എന്ന പേരില്‍ കൈപ്പറ്റുകയും ചെയ്തതിന്റെ പേരില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം നേരിടുന്ന സാമുവല്‍ ജെറോം, ദീപ ജോസഫ് എന്നിവരുടെ ടൂള്‍ ആയി വിഷയത്തില്‍ പ്രത്യേകിച്ച് ഒരു റോളും ഇല്ലാത്ത മുബാറക്ക് റാവുത്തര്‍ എന്ന വ്യക്തി ഇടപെടുകയും യമന്‍ സ്വദേശികളായ ആളുകളെ സോഷ്യല്‍ മീഡിയയിലൂടെ കണക്ട് ചെയ്ത് തെറ്റിദ്ധരിപ്പിക്കാനും പ്രകോപനം ഉണ്ടാക്കാനും ശ്രമിക്കുകയാണ് ചെയ്തത്. എങ്ങനെയെങ്കിലും സുന്നി പണ്ഡിതരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ തടയിടണം എന്നത് മാത്രമായിരുന്നു ഇവരുടെ താല്പര്യം. റാവുത്തറിന് പുറമേ പ്രമുഖരും അല്ലാത്തതുമായ മറ്റു ചിലരും ഇതേ താല്പര്യത്തില്‍ മെസ്സേജിലും കോളിലുമായി ബന്ധപ്പെട്ടിട്ടുണ്ട്.
തങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയും കബളിപ്പിക്കുകയും ചെയ്തതാണ് എന്ന് മനസ്സിലാക്കിയ അവര്‍ ഇന്നലെ തന്നെ അത്തരത്തിലുള്ള പോസ്റ്റുകള്‍ അവരുടെ വാളുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇന്നലെ രാത്രി മുബാറക്ക് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന്റെയും കബളിപ്പിക്കലിന്റെയും കഥ അവര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഈ കേസില്‍ യമന്‍ സ്വദേശികള്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക വികാരങ്ങളെ റാവുത്തറിന്റെ ദുരൂഹമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തു എന്നും പറയുന്നുണ്ട്. റാവുത്തറിന്റെ ചതിയില്‍പ്പെട്ട് നടത്തിയ പ്രചരണങ്ങളില്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സ്വദേശിയായ സര്‍ഹാന്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരണ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അക്കൗണ്ട് ആയിരുന്നു വ്യാജ പ്രചാരണങ്ങള്‍ക്ക് മുബാറക് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ദയവുചെയ്ത് മലയാളം മാധ്യമങ്ങള്‍ യാതൊരു സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാത്ത ഇത്തരം അല്പന്മാരായ വ്യക്തികള്‍ക്ക് ദൃശ്യത നല്‍കരുത്. തലാലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവും ചുരുങ്ങിയത് റാവുത്തര്‍മാരും ദീപ ജോസഫുമാരും കൊണ്ടുവരുന്ന കുപ്രചാരണങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നല്‍ക്കുന്നതിനു മുമ്പ് ഈ വിഷയത്തില്‍ ആധികാരികമായി ഇടപെട്ടു കൊണ്ടിരിക്കുന്ന കാന്തപുരം ഉസ്താദിന്റെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സ്ഥിരീകരണങ്ങള്‍ എങ്കിലും നേടുന്നതാണ് മാധ്യമധര്‍മ്മം എന്ന ഓര്‍മിപ്പിക്കുന്നു. മലയാളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങള്‍ കാന്തപുരം ഉസ്താദ് ഇടപെട്ട് തുടങ്ങിയതു മുതല്‍ എങ്ങനെയെങ്കിലും വധശിക്ഷ നടപ്പിലാക്കി കിട്ടണം എന്ന് ആഗ്രഹിക്കുന്നതുപോലെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
റാവുത്തര്‍, ജാനേ, ദീപ, സാമൂവല്‍, പ്രതീഷ് വിശ്വനാഥ്, താഹിര്‍ ഹുദവി, ആരിഫ് ഹുസൈന്‍ തുടങ്ങിയവ ഏതാനും വ്യക്തികളുടെ പേരുകള്‍ അല്ല, സമനില തെറ്റിയ മാനസികാവസ്ഥകള്‍ കൂടിയാണ്. അത്തരം ചില റാവുത്തര്‍മാരും ദീപമാരും ജാനേമാരും മാധ്യമപ്രവര്‍ത്തകരിലും രാഷ്ട്രീയക്കാരിലും എല്ലാമുണ്ട്. കഴിഞ്ഞദിവസം ഞാന്‍ മാതൃഭൂമി ന്യൂസില്‍ പറഞ്ഞ ഒരു കാര്യം, കാന്തപുരം ഉസ്താദ് ഈ സമയത്ത് മലയാളി സമൂഹത്തെ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാക്കി വേര്‍തിരിച്ച് നമുക്കു മുന്നില്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആയി കാണിച്ചു തന്നിരിക്കുന്നു എന്നു കൂടിയാണ്. കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള കേരള മുസ്ലിം ജമാഅത്ത് പ്രസ്ഥാനം 'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ ക്യാമ്പയിന്‍ നടത്തുന്ന ഘട്ടത്തില്‍ കൂടിയാണ് ഈ സംഭവങ്ങള്‍ എന്നത് കൗതുകകരമായ ഒരു നിമിത്തം കൂടിയാണ്.