ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനഘട്ടത്തിലും തീവ്രപരിശ്രമം. കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ ഇടപെട്ടതോടെ, സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. യമന്‍ ഭരണകൂട പ്രതിനിധികളും ഗോത്രത്തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതിനിടെ, കാന്തപുരം, കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയുടെ സഹോദരനുമായി സംസാരിച്ചു. ഷെയ്ഖ് ഹബീബ് ഉമര്‍ മുഖേനയാണ് കുടുംബവുമായി ബന്ധപ്പെട്ടത്. ദയാധനം നല്‍കാമെന്നും മാപ്പ് നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയോട് കുടുംബം അനുകൂലമായി പ്രതികരിച്ചാല്‍, നിമിഷപ്രിയയ്ക്ക് അനുകൂല സാഹചര്യം ഒരുങ്ങും. മോചനത്തിനായി ഇടപെടണമെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ കാന്തപുരത്തോട് അഭ്യര്‍ഥിച്ചിരുന്നു.

വടക്കന്‍ യമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജി, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.