- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമന്‍ പൗരന്റെ കുടുംബം സ്വീകരിച്ചിരിക്കുന്നത് നിമിഷപ്രിയ ചെയ്തത് വലിയ കുറ്റകൃത്യമെന്ന കടുത്ത നിലപാട്; ചര്‍ച്ചകളിലൂടെ ശ്രമിക്കുന്നത് മനസ് മാറ്റിയെടുക്കാന്‍; ബ്ലെഡ് മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല; മലയാളി നഴ്സിന്റെ മോചനത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സഹായാഭ്യര്‍ഥനയുമായി അമ്മ പ്രേമകുമാരി ഒരിക്കല്‍ കൂടി
കുടുംബം സ്വീകരിച്ചിരിക്കുന്നത് നിമിഷപ്രിയ ചെയ്തത് വലിയ കുറ്റകൃത്യമെന്ന കടുത്ത നിലപാട്
സനാ: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതോടെ മോചനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒരുമാസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനുപിന്നാലെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി.
ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമാണുള്ളതെന്നും യെമനിലുള്ള നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു. ഇതുവരെ സഹായിച്ച എല്ലാവര്‍ക്കും പ്രേമകുമാരി നന്ദി പറഞ്ഞു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാന്‍ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും അവര്‍ പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ഇതിന്റെ ആദ്യഗഡുവായി 19,871 ഡോളര്‍ മാത്രമേ കൈമാറാന്‍ കഴിഞ്ഞുള്ളൂ. രണ്ടാ ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ എവിടെയും എത്തിയില്ല.
കടുത്ത നിലപാട് സ്വീകരിച്ച് യെമന്‍ പൗരന്റെ കുടുംബം
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹ്ദിയുടെ കുടുബവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി റഫീഖ് റാവുത്തര്‍ പറഞ്ഞു. ചര്‍ച്ചകളുടെ തുടക്കം മുതല്‍ യെമന്‍ പൗരന്റെ കുടുംബം മോശമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിമിഷപ്രിയ ചെയ്തത് വലിയൊരു കുറ്റകൃത്യമാണെന്ന് അവര്‍ കരുതുന്നു.
എന്നാല്‍ ജൂലായ് 30, 31 ഓഗസ്റ്റ് 1 എന്നീ ദിവസങ്ങളിലെ ചര്‍ച്ചകളില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ സഹോദരനും അച്ഛനും പങ്കെടുത്തിരുന്നു. നിമിഷ അനുഭവിക്കേണ്ടി വന്ന വിഷയങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്താന്‍ സാധിച്ചു. ചെറിയൊരു മഞ്ഞുരുകല്‍ ആ ചര്‍ച്ചയില്‍ ഉണ്ടായിട്ടുണ്ട്. യെമനിലുള്ള മദ്ധ്യസ്ഥന്‍ സാമുവല്‍ ജെറോം വിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍, മുന്‍പ് ഇന്ത്യന്‍ എംബസിയില്‍ ഉണ്ടായിരുന്ന രണ്ട് യെമനി ജീവനക്കാര്‍ തുടങ്ങിയര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കുടുംബവുമായി ബ്ലെഡ് മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. ആദ്യം അവരുടെ മനസ് മാറ്റിയെടുക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. രണ്ട് കൂട്ടര്‍ക്കുമുണ്ടായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്. എങ്ങനെയാണ് ഈ പ്രശ്‌നങ്ങളിലേക്ക് എത്തിയതെന്ന വിഷയം അവരെ ധരിപ്പിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. അതൊരു പരിധിവരെ തുടങ്ങിവച്ചിട്ടുണ്ട്. ഇത് വിജയം കണ്ടാല്‍ ബ്ലെഡ് മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സാദ്ധ്യതയുണ്ട്. നിമിഷ പ്രിയ ജയിലില്‍ സന്തോഷവതിയാണെന്നും നഴ്‌സെന്ന നിലയില്‍ ജയിലില്‍ പല കാര്യങ്ങളും നിമിഷ ചെയ്യുന്നുണ്ടെന്നും റഫീഖ് റാവുത്തര്‍ പറഞ്ഞു.
അതേസമയം നിമിഷപ്രിയയുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ അസാനിച്ചിട്ടില്ലെന്ന് യെമനില്‍ നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തന്‍ സാമുവല്‍ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും ഒരു ഇന്ത്യക്കാരിയെ യെമന്‍ മണ്ണില്‍ക്കിടന്നു മരിക്കാതിരിക്കാന്‍, അവസാനം വരെ പ്രവര്‍ത്തിക്കുമെന്നും സാമുവല്‍ ജെറോം പറഞ്ഞു.
കുടുംബം മാപ്പ് നല്‍കുക ഏക പോംവഴി
കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ 2022ല്‍ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വര്‍ഷം ശരിവെയ്ക്കുകയും ചെയ്തിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. 'യെമനില്‍ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികള്‍ തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും'' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവു കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
2015 ല്‍ സനായില്‍ തലാലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു ബിസിനസ് പങ്കാളിയായിരുന്ന തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി.