മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.

നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എന്‍ഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മരുന്ന് നല്‍കിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടില്‍ രണ്ട് പേര്‍ക്ക് പനിയുണ്ടായിരുന്നുവെന്നാണ് വിവരം. ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോര്‍ട്ട്.

പന്നികളില്‍ നിന്നാണ് മലേഷ്യയില്‍ വൈറസ് പകര്‍ന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു. രണ്ട് രാജ്യങ്ങളിലും രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലര്‍ന്ന പഴങ്ങള്‍ ഭക്ഷിച്ചതിലൂടെയാണ് പടര്‍ന്നതെന്നാണ് നിഗമനം. പാരാമിക്സോ വൈറിഡേ ആണ് ഫാമിലി.

ലക്ഷണങ്ങള്‍: വൈറസ് ബാധിച്ച് അഞ്ച് മുതല്‍ 14 ദിവസത്തിന് ശേഷമായിരിക്കും ലക്ഷണങ്ങള്‍ തുടങ്ങുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയവയും ഉണ്ടാവാം.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

നിപ പകരുന്ന വഴികള്‍...

1. പഴം തീനി വവ്വാലുകളാണ് രോഗവാഹകര്‍. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ കഴിക്കുന്നത് വഴി രോഗം മനുഷ്യരിലേക്ക് എത്തുന്നു.

2. വവ്വാലുകളുടെ സ്രവങ്ങളിലൂടെ മൃഗങ്ങളിലേക്ക്.

3. മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ട്.

4. സ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകും.

5. വായുവിലൂടെ പകരുന്നതിന് വ്യക്തമായ സ്ഥിരീകരണം ഇല്ല.