- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ ലക്ഷണങ്ങളോടെ 68 കാരന് ഐസിയുവില്‍; ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; രോഗ വ്യാപനം പ്രതിരോധിക്കാന്‍ അടിയന്തര നിര്‍ദേശങ്ങളുമായി കേന്ദ്രം
കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ ലക്ഷണത്തോടെ ഐസിയുവില്‍ ചികിത്സയില്‍. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരനാണ് ചികില്‍സയില്‍. സാംപിള്‍ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാത്ത ആള്‍ക്കാണ് രോഗലക്ഷണം.
അതേസമയം, നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടക്കും. ജില്ലാ കലക്ടര്‍ കുട്ടിയുെട മാതാപിതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സംസ്കാരം മലപ്പുറത്ത് വച്ച് നടത്താന്‍ തീരുമാനിച്ചത്.
മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടകള്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര് മാത്രം പങ്കെടുക്കണമെന്നും നിര്‍ദേശം നിര്‍ദേശമുണ്ട്. സെക്കന്‍ഡറി സമ്പര്‍ക്ക പട്ടിക കൂടി വൈകാതെ തയ്യാറാക്കും.
അതേ സമയം മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണ്. ആറ് പേര് മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുളളത്. ഇവരില്‍ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. 68 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
മരിച്ച കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം മരത്തില്‍ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകള്‍ കയറിയുളള സര്‍വെ അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വണ്‍ അലോട്ട്മെന്റ് നടക്കും.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. സാങ്കേതികം, വൈറസ് ബാധ കണ്ടെത്താനുള്ള പരിശോധന എന്നിവയ്ക്ക് ഈ സംഘം സഹായം നല്‍കും.
ആരോഗ്യ മന്ത്രാലയത്തിലെ സംഘം ഉടന്‍ കേരളത്തിലെത്തുമെന്നും കേന്ദ്രം വാര്‍ത്താ കുറിപ്പിലറിയിച്ചു. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്കും നിര്‍ദ്ദേശം നല്കി.
രോഗിയുടെ 12 ദിവസത്തെ സമ്പര്‍ക്കം കണ്ടെത്തി അവരെ അടിയന്തിരമായി ക്വാറന്റീലാക്കണം, സാമ്പിള്‍ പരിശോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കി. മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നേരത്തെ അയച്ചെന്നും എന്നാല്‍ രോഗിയുടെ അനാരോഗ്യം മൂലം നല്‍കാനായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
നിപ സ്ഥിരീകരിക്കുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്ത മലപ്പുറം സ്വദേശിയായ പതിന്നാലുകാരന്റെ കുടുംബത്തിലും അയല്പക്കത്തും നിപബാധ കണ്ടെത്തിയ പ്രദേശത്തിന് സമാനഭൂപ്രകൃതിയുള്ള മേഖലകളിലും സജീവരോഗികളുണ്ടോ എന്ന കാര്യം ഉടനടി ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. രോഗബാധ സ്ഥിരീകരിച്ച കുട്ടിയുമായി നിപ സ്ഥിരീകരണത്തിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വരെ സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കാനും വൈറസ് വ്യാപനം പ്രതിരോധിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ ക്വാറന്റീന് ചെയ്യാനും നിപ ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരേയും സമ്പര്‍ക്കം സംശയിക്കുന്നവരേയും സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കാനും രോഗബാധ വൈകാതെ കണ്ടെത്തുന്നതിനായി ഇവരുടെ സ്രവപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങളുള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യപ്രകാരം നിപ രോഗ പ്രതിരോധത്തിനുള്ള ആന്റിബോഡികള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അയച്ചതായും മന്ത്രാലയം വ്യക്തമാക്കി. സ്രവപരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 (ബിഎസ്എല്‍-3) ലബോറട്ടറി കോഴിക്കോട് എത്തിച്ചേര്‍ന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നിപ സ്ഥിരീകരിച്ച കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായതിനാലാണ് ആന്റിബോഡി നല്‍കാനാകാത്തതെന്നും മന്ത്രാലയം അറിയിച്ചു.