- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിപ സ്ഥിരീകരണം: തിരുവാലിയില്‍ അതീവ ജാഗ്രത; രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ സര്‍വേ: മരിച്ച വിദ്യാര്‍ത്ഥിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
നിപ: മരിച്ച വിദ്യാര്‍ത്ഥിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
മലപ്പുറം: തിരുവാലിയില്‍ യുവാവ് മരിച്ചത് നിപ്പ ബാധിച്ച് തന്നെ എന്ന് സ്ഥിരീകരിച്ചതോടെ പ്രദേശം അതീവ ജാഗ്രതയില്‍. രോഗവ്യാപനം തടയാന്‍ സ്ഥലത്ത് ഇന്ന് ആരോഗ്യ വകുപ്പ് സര്‍വേ തുടങ്ങും. വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ. മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. അതീവ ജാഗ്രതാ നിര്‍ദേശമാണ് പ്രദേശത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാര്‍ഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്‌മെന്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. ഈ വാര്‍ഡുകളില്‍ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും. തിരുവാലി പഞ്ചായത്തിലാകെ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
ബെംഗുളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വച്ച് മരിച്ചത്. കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം കൂടി വന്നാലെ നിപ്പ സ്ഥിരീകരിക്കാന്‍ സാധിക്കൂ. പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ 14 വയസുകാരന്‍ നിപ്പ ബാധിച്ച് മരിച്ചത് രണ്ടു മാസം മുന്‍പാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.
ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായ യുവാവ് മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 9നാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ചു യുവാവ് മരിച്ചത്. ഇന്നലെ സാംപിള്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ആയിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിള്‍ അയക്കുകയായിരുന്നു.
മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളുരുവില്‍ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടില്‍ എത്തി. പിന്നാലെ യുവാവിന് പനി ബാധിക്കുകയായിരുന്നു. പനി മാറാതെ വന്നതോടെയാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചെന്നായിരുന്നു ആദ്യം കരുതിയത്. പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചതോടെ പുണെ വൈറോളജി ലാബില്‍ നിന്നുള്ള സ്രവ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നത തല സംഘം യോഗം കൂടുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പും കബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.