- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം പോസിറ്റീവ് ആയ ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യപ്രവർത്തക ലക്ഷണങ്ങളോടെ ഐസുലേഷനിൽ; വെന്റിലേറ്ററിലുള്ള കുട്ടി സുഖം പ്രാപിക്കുന്നു; പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസം; നിപ്പയിൽ ഭീതി അകലുമ്പോൾ
തിരുവനന്തപുരം: നിപ്പ ഭീതി അതിവേഗം വിട്ടൊഴിയുമെന്ന പ്രതീക്ഷയിൽ ആരോഗ്യ വകുപ്പ്. കോഴിക്കോടിന് പുറത്ത് വൈറസ് ബാധയില്ലെന്നാണ് വിലയിരുത്തൽ, അതിനിടെ തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിനിയുടെയും മെഡിക്കൽ കോളജിലെ ഒരു വിദ്യാർത്ഥിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയക്കുന്നത്.
കാട്ടാക്കട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടായി. മുൻകരുതൽ എന്ന നിലയിൽ ഇവരെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് വന്ന മെഡിക്കൽ കോളജ് വിദ്യാർത്ഥിയെയാണ് രണ്ടാമതായി പനിയെ തുടർന്ന് നിരീക്ഷണത്തിലാക്കിയത്. രണ്ട് പേരുടെ സാമ്പിളും തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. കോഴിക്കോട് നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 19 കോർ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്. ഇതും മികച്ച പ്രതിരോധമായി മാറി.
നിപ്പ രോഗികളുമായി സമ്പർക്കമുണ്ടായ 5 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവസാനം പോസിറ്റീവ് ആയ ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യപ്രവർത്തക ലക്ഷണങ്ങളോടെ ഐസലേഷനിലാണ്. ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു. നേരത്തേ നിപ്പ സ്ഥിരീകരിച്ചു വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുമുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ സ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നു, എല്ലാവരുടെയും നില ആശ്വാസകരം. രോഗികളുടെ ചികിത്സച്ചെലവ് ഏറ്റെടുക്കുന്ന കാര്യം മന്ത്രിസഭ പരിശോധിക്കും. മരിച്ചവർ ഉൾപ്പെടെ ഇതുവരെ നിപ്പ സ്ഥിരീകരിച്ചത് ആകെ 6 പേർക്കാണ്. ആദ്യം നിപ്പ ബാധിച്ചു മരിച്ച മുഹമ്മദിനു വൈറസ് എവിടെ നിന്നു വന്നു എന്നതു സംബന്ധിച്ച് ഇപ്പോഴും സ്ഥിരീകരണമായില്ല.
കോഴിക്കോട് ജില്ലയിൽ നിപ്പ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിപ്പ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 51 പരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ടെന്നും മന്ത്രി പറഞ്ഞു. ''നിപ്പ സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് സമ്പർക്കത്തിലായ അഞ്ചു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ കണ്ടെയിന്മെന്റ് സോണുകളിലായി 22,208 വീടുകൾ സന്ദർശിച്ചു. നിപ്പ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വ്യക്തിയുമായും വെന്റിലേറ്ററിൽ കഴിയുന്ന ഒൻപതു വയസ്സുകാരന്റെ മാതാവുമായും വിഡിയോ കോളിലൂടെ സംസാരിച്ചു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘത്തിന്റെ നിർദ്ദേശങ്ങളും പരിഗണിച്ചാണ് മുന്നോട്ടുപോകുന്നത്'' മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലുള്ള രോഗിയുടെ ചികിത്സാ ചെലവ് നൽകേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു. ഇത് രോഗിയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ചെലവ് ഏറ്റെടുക്കുന്ന കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
നിപ്പയുമായി ബന്ധപ്പെട്ട് നിലവിൽ 1177 പേരാണ് സമ്പർക്കപട്ടികയിൽ ഉള്ളത്. പുതുതായി 97 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. 53 പരിശോധനാ ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. റീജിയനൽ വിആർഡി ലാബിൽ ഇന്ന് ലഭിച്ചത് 23 സാംപിളുകളാണ്. പരിശോധന നടത്തിയ 11 സാംപിളുകളും നെഗറ്റീവ് ആണ്. നിപ്പ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 82 പേരാണ് ഉള്ളത്. ആദ്യം മരിച്ച വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 409 ഉം ഇആരോഗ്യപ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 152 പേരുമാണ് ഉള്ളത്.
രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ 75 മുറികളിൽ 54 എണ്ണം ഒഴിവുണ്ട്. മൂന്ന് ഐസിയുകളും നാല് വെന്റിലേറ്ററുകളും 14 ഐസിയു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എട്ട് മുറികളും അഞ്ച് ഐസിയുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതം ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയിൽ 10 മുറികളും എട്ട് ഐസിയുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ