കോഴിക്കോട്: നിപ്പയിൽ ആശ്വാസം. കോഴിക്കോട്ട് പുതുതായി നിപ്പ റിപ്പോർട്ട് ചെയ്തില്ല. തുടർച്ചയായി മൂന്നാം ദിവസമാണ് പുതിയ രോഗബാധിതരില്ലാതെ കടന്നുപോകുന്നത്. 13നു കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച 58 വാർഡുകളിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവു വരുത്തും. അതിനിടെ ജാനകിക്കാട് മേഖലയിലെ വവ്വാലുകളിൽ നിപ്പവൈറസുകളുടെ സാന്നിധ്യമെന്ന് സൂചന പുറത്തു വരുന്നു. കേന്ദ്ര മൃഗസംരക്ഷണവകുപ്പ് സംഘം ശേഖരിച്ച സാംപിളുകൾ പരിശോധിച്ചപ്പോഴാണ് വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മുൻപ് നിപ്പ സ്ഥിരീകരിച്ചപ്പോഴും ജില്ലയിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത്തവണ ആദ്യരോഗി ആരാണെന്നു സ്ഥിരീകരിച്ചതിനാൽ എങ്ങനെ വൈറസ് മനുഷ്യരിലെത്തിയെന്നു കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.

ഇതിനൊപ്പമാണ് കൂടുതൽ പേർക്ക് നിപ്പയില്ലെന്ന ആശ്വാസം. ഇന്നലെ ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവായി. 136 ഫലങ്ങളാണ് ഇനി വരാനുള്ളത്. ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ ഫലങ്ങളും ഇന്നലെ നെഗറ്റീവായി. ഇന്ന് വരുന്ന പരിശോധനകളും നെഗറ്റീവായാൽ ആശ്വാസം കൂടും. ചികിൽസയിലുള്ള രോഗികളും തൃപ്തികരമായ നിലയിലാണ്. നിപ്പ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 1,270 പേരെ ഉൾപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗബാധിതരെ നിരീക്ഷിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്. നിലവിൽ ചികിത്സയിലുള്ള നാലു പേരുടെയും നിലയിൽ പുരോഗതിയുണ്ട്. കേന്ദ്രത്തിൽ നിന്നെത്തിയ രണ്ടു സംഘങ്ങൾ മടങ്ങി.

കോഴിക്കോട് ജില്ലയിൽ സ്‌കൂളുകളിൽ ഇന്നലെ മുതൽ ഓൺലൈൻ ക്ലാസുകൾ സുഗമമായി നടക്കുന്നതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നിപ്പ സ്ഥിരീകരിച്ച മേഖലകളിൽ മൃഗസംരക്ഷണ വകുപ്പ് തുടർച്ചയായി നിരീക്ഷണം നടത്തും. നിപ്പ രോഗസാധ്യതാ കലണ്ടർ തയാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏതൊക്കെ മാസങ്ങളിലാണു വൈറസ് വ്യാപന സാധ്യതയെന്നു കണ്ടെത്തി മുന്നൊരുക്കവും ബോധവൽക്കരണവും നടത്താനാണു ശ്രമം. കണ്ടെയ്ന്മെന്റ് സോണുകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കടകൾ രാത്രി എട്ടുമണിവരെ തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാം. മറ്റുനിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

വടകര താലൂക്കിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായ സാഹചര്യത്തിലാണ് കണ്ടെയ്ന്മെന്റ് സോണുകളിൽ ഇളവു വരുത്തിയത്. നിപ്പ പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമായിരിക്കണം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടതെന്നും ജില്ലാഭരണകൂടം നിർദേശിച്ചു. മാസ്‌കും സാനിറ്റൈസറും നിർബന്ധമായി ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതും അനുവദിക്കില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഇതിനൊപ്പമാണ് ജാനകിക്കാടിലെ വവ്വാലുകളിൽ വൈറസ് കണ്ടെത്തുന്നത്. കുറ്റ്യാടി പുഴയുടെ കരയിലും ജാനകിക്കാട് മേഖലയിലുമായി കേന്ദ്രസംഘത്തിന്റെ നിർദേശപ്രകാരം മൃഗസംരക്ഷണവകുപ്പ് വവ്വാലുകൾക്കായി വല വിരിച്ചിരുന്നു. വിവിധയിടങ്ങളിൽനിന്നു പിടികൂടിയ വവ്വാലുകളെ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിരുന്നു. കുറ്റ്യാടിയിലെ തോട്ടത്തിലും ജാനകിക്കാട് മേഖലകളിൽനിന്നുമാണ് ഇരുപത്തിനാലോളം വവ്വാലുകളെ പിടികൂടിയത്. ഇവയെ പരിശോധിച്ചപ്പോഴാണ് വൻതോതിൽ വൈറസ് ഉണ്ടെന്നുകണ്ടെത്തിയത്.

തളീക്കരയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വലവിരിച്ചാണു വവ്വാലുകളെ പിടികൂടിയത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ.ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലാണ് വവ്വാലുകളെ പിടികൂടി സ്രവം എടുത്തത്. വൈകിട്ടു കുറ്റ്യാടിയിൽ കുട്ടികളുടെ പാർക്കിന് അടുത്തുള്ള മരങ്ങളിൽ നിന്നും വവ്വാലുകളെ പിടികൂടി. കൂടുതൽ വവ്വാലുകളെ പിടികൂടുന്നതിന് വല വിരിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യരോഗിക്ക് വൈറസ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വിദഗ്ധ സംഘം മരുതോങ്കരയിൽ എത്തി. കള്ളാട് മരിച്ച മുഹമ്മദിന്റെ വീടും പരിസരവും സന്ദർശിച്ച സംഘം അയൽ വീടുകളിലെ പശുവിന്റെയും പശുക്കിടാവിന്റെയും വളർത്തു പൂച്ചയുടെയും സ്രവം പരിശോധനയ്ക്ക് എടുത്തു.