കോഴിക്കോട്; കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. ഹൈ റിസ്‌കില്‍ പെട്ടവരില്‍ രോഗലക്ഷണങ്ങള്‍ ഉളളത് രണ്ട് പേര്‍ക്കാണെന്ന് മന്ത്രി പറഞ്ഞു. രണ്ടു പേരുടെയും സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രോഗം റിപ്പോര്‍ട്ട് ചെയ്ത 14 കാരന്റെ താമസ സ്ഥലമായ മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ 16711 വീടുകളിലും ആനക്കയത്തെ 16241 വീടുകളിലും സര്‍വ്വെ നടത്തും. ആരോഗ്യവകുപ്പിന്റെയും വെറ്ററിനറി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി വിനിയോഗിക്കും.

കോഴിക്കോട് മെഡിക്കല്‍ കേരളത്തിലുളള സംവിധാനങ്ങള്‍ കൂടാതെ പൂനെയില്‍ നിന്ന് പരിശോധനയ്ക്കായി മൊബൈല്‍ ലാബ് കൂടി എത്തുമെന്ന് മന്ത്രി അറിയിച്ചു. അതോടെ കൂടുതല്‍ സാമ്പിളുകള്‍ ഇവിടെ തന്നെ പരിശോധിക്കാന്‍ കഴിയും. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉളളവരില്‍ രോഗലക്ഷണങ്ങള്‍ ഉളളവരുടേത് ആദ്യമെടുക്കും.

ആളുകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളോട് നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ വിളിക്കുന്നുണ്ട്. അവര്‍ അതേസമയം തന്നെയാണോ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നത് എന്ന് പരിശോധിക്കും. സമ്പര്‍ക്കമുളളവരെ കണ്ടെത്താന്‍ പൊലീസിന്റെയും സഹായം തേടുമെന്ന് മന്ത്രി പറഞ്ഞു. ഐസൊലേഷനില്‍ ഉളള കുടുംബങ്ങള്‍ക്ക് വേണ്ട ഭക്ഷണവും സാധനങ്ങളും വാങ്ങിച്ചുകൊടുക്കാനുളള വൊളന്റിയേഴ്സിനെ പഞ്ചായത്ത് തലത്തില്‍ ക്രമീകരിക്കും. പത്താം തീയതിയാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായത്. രോഗബാധ എങ്ങനെ ഉണ്ടായി എന്നറിയാന്‍ ജൂണ്‍ അവസാനം മുതലുളള കുട്ടിയുടെ യാത്രാ വിവരങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നും ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ മേല്‍നോട്ടത്തില്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ജയേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നിപ ബാധിതന്റെ ചികിത്സ നടക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് ഇന്ന് എത്തും. നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ വിഭാഗങ്ങളിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളും ക്രമീകരിച്ചു.

ചികിത്സിച്ച ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, കുട്ടിയുടെ ബന്ധുകള്‍ തുടങ്ങിയവരാണിത്. കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കിലെ ഡോക്ടര്‍, പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, പത്തോളം ജീവനക്കാര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതല്‍ രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ തയാറാക്കിവരുന്നുണ്ട്. ചികിത്സ തേടിയ ആശുപത്രികളിലെത്തിയവര്‍, സ്‌കൂള്‍, ട്യൂഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ പട്ടികയാണ് തയാറാക്കുന്നത്. 50ഓളം ആരോഗ്യപ്രവര്‍ത്തകര്‍ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

ജൂലൈ 10ന് പനി ബാധിച്ച 15കാരന്‍ 12ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ശേഖരിച്ച സാമ്പ്ള്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.