- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീരേറ്റുപുറത്ത് ജലമേളകളുടെ മേളം; ഇരുവിഭാഗം സംഘാടകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയ്ക്ക് സാധ്യത വന്നതോടെ ഉത്രാടനാളിലെ ജലോത്സവത്തിന് കലക്ടറുടെ നിരോധനം: തിരുവോണ നാളിലെ ജലമേള നടക്കും
പമ്പ ബോട്ട് റേസ് 15 ന്: ഒമ്പതു ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും
പത്തനംതിട്ട: നീരേറ്റുപുറത്ത് രണ്ട് കാലയളവുകളിലായി രജിസ്റ്റര്‍ ചെയ്ത രണ്ടു പമ്പ ബോട്ട് റേസ് ക്ലബുകള്‍ തമ്മില്‍ ഓണത്തിന് പമ്പയാറ്റില്‍ ജലമേള നടത്തുന്നതിനെ ചൊല്ലി സംഘര്‍ഷം. കോടതി ഉത്തരവിനെയും പരാതിയെയും തുടര്‍ന്ന് കലക്ടറുടെ ഇടപെടല്‍. ഉത്രാട നാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കെ.സി. മാമന്‍ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള 66-ാമത് ജലമേള ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്റ്റേ ചെയ്തു. പമ്പ ബോട്ട് റേസ് കമ്മറ്റി ജനകീയ ട്രോഫിക്ക് വേണ്ടി തിരുവോണ നാളില്‍ നടത്തുന്ന ജലമേളയ്ക്ക് സ്റ്റേ ഇല്ല. അരനൂറ്റാണ്ട് പിന്നിട്ട തിരുവോണ നാളിലെ ജലമേളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിക്ടര്‍ ടി. തോമസ് പ്രസിഡന്റായിട്ടുള്ള പമ്പ ബോട്ട് റേസ് ക്ലബ്, പ്രകാശ് പനവേലി നേതൃത്വം നല്‍കുന്ന നീരേറ്റുപുറം ജലോത്സവ സമിതി എന്നിവരാണ് ജലമേളയ്ക്ക് അവകാശവാദമുന്നയിച്ച് മുന്നോട്ട് വന്നത്. 66-ാമത് കെ.സി. മാമന്‍ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പ ജലമേള ഉത്രാടം നാളായ 14 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പ ബോട്ട് റേസ് ക്ലബും നീരേറ്റുപുറം ജലമേള തിരുവോണ നാളായ 15 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് നീരേറ്റുപുറം ജലോത്സവ സമിതിയും കലക്ടര്‍ക്ക് അപേക്ഷ നല്‍കി.
തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ തിരുവല്ല സബ്കലക്ടറെ ചുമതലപ്പെടുത്തി. പമ്പ ബോട്ട് റേസ് ക്ലബ് എന്നപേരില്‍ യഥാക്രമം പി 98/90, പി-274/2007 എന്നീ രജിസ്റ്റര്‍ നമ്പരുകളില്‍ രണ്ട് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കവും കോടതി വ്യവഹാരവും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ആറിന് ജില്ലാ കലക്ടര്‍ രണ്ടു വിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ച് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള തീയതികളില്‍ നിന്ന് ജലമേള മാറ്റി വയ്ക്കാന്‍ നിര്‍ദേശിച്ചു. തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള വള്ളംകളികളില്‍ സംഘര്‍ഷം ഉണ്ടായിട്ടുള്ളതിനാല്‍ ഇതൊരു ക്രമസമാധാന പ്രശ്നമായി മാറുമെന്ന് എസ്.പിയും തിരുവല്ല ഡിവൈ.എസ്.പിയും റിപ്പോര്‍ട്ട് നല്‍കി.
ഇതേ തുടര്‍ന്ന് കെ.സി. മാമന്‍ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലോത്സവം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ കലക്ടര്‍ നിരോധിക്കുകയായിരുന്നു. തിരുവോണം നാളിലെ ജലമേള നടക്കുകയും ചെയ്യും. ജനകീയ ട്രോഫിയാകും വിജയികള്‍ക്ക് നല്‍കുക.
പമ്പ ബോട്ട് റേസ് 15 ന്: ഒമ്പതു ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും
പത്തനംതിട്ട: നീരേറ്റുപുറം ജനകീയ ജലോത്സവ സമിതിയുടെ നേതൃത്വത്തില്‍ പമ്പ ബോട്ട് റേസ് തിരുവോണ നാളായ 15 ന് രണ്ടിന് നടക്കും. ഒമ്പതു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ 40 കളിവള്ളങ്ങള്‍ പങ്കെടുക്കും. ജല ഘോഷയാത്രയോടെ ആരംഭിക്കുന്ന വള്ളം കളിയില്‍ വിവിധ ഫ്ളോട്ടുകള്‍ അണിനിരക്കും. മാസ് ഡ്രില്‍ അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള ക്രമീകരണവും നടത്തിക്കഴിഞ്ഞു. വള്ളംകളിയില്‍ മന്ത്രിമാരായ സജി ചെറിയാന്‍, വീണ ജോര്‍ജ്, എം ബി. രാജേഷ്, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംപി മാര്‍, എംഎല്‍എമാര്‍, വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ ജനകീയ ട്രോഫി കരസ്ഥമാക്കിയ തലവടി ചുണ്ടന്റെ ക്യാപ്റ്റന്‍ ഈ വര്‍ഷത്തെ ജലമേളയില്‍ വള്ളങ്ങള്‍ക്ക് സത്യ വാചകം ചൊല്ലിക്കൊടുക്കും. ഇന്നു മുതല്‍ 14 തീയതി വരെ നീന്തല്‍ മത്സരം, ചെറുവള്ളങ്ങളുടെ തുഴച്ചില്‍ പരിശീലനം, കയാക്കിങ് കനോയിങ് എന്നീ പരിപാടികള്‍ വാട്ടര്‍ സ്റ്റേഡിയത്തിലും നടക്കും. ഇതിന് ആവശ്യമായ ഫയര്‍ ഫോഴ്സ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്.
അത്തപ്പൂവിടല്‍ മത്സരം, കുട്ടനാടന്‍ ആറന്മുള വഞ്ചിപ്പാട്ട് മത്സരം, വിദ്യാര്‍ത്ഥി വിഭാഗം വഞ്ചിപ്പാട്ട് മത്സരം, ചിത്രരചനാ മത്സരം, വള്ളംകളിയും ടൂറിസം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം മത്സരവും, കുട്ടനാടന്‍ പൈതൃകം നിലനിര്‍ത്തുന്നതിന് വിവിധതരത്തിലുള്ള കലാ സംസ്‌കാരിക പരിപാടികള്‍, സാംസ്‌കാരിക ഘോഷയാത്രയും, സാംസ്‌കാരിക സമ്മേളനവും നടക്കും. പരിപാടികള്‍ നീരേറ്റുപുറം എ.സി.എന്‍ ജങ്ഷനിലും നീരേറ്റുപുറം ടാക്സി സ്റ്റാന്‍ഡിലും നടക്കും. വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് ഇന്ന് വൈകിട്ട് അഞ്ചിന് ജലോത്സവ ഓഫീസില്‍ നടക്കും. അതിനോട് അനുബന്ധിച്ച് ക്യാപ്റ്റന്‍സ് ക്ലിനിക്കും നടക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ ക്രമീകരണങ്ങളും നടന്നുവരുന്നതായി ചെയര്‍മാന്‍ റെജി എബ്രഹാം തൈക്കടവില്‍, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി,വൈസ് ചെയര്‍മാന്‍ ബാബു വലിയവീടന്‍ ജനറല്‍ കണ്‍വീനര്‍മാരായ ബിജു പാലത്തിങ്കല്‍, അജിത് കുമാര്‍ പിഷാരത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്