- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡാ മോനേ.. നിർമലാ കോളേജിലെ ആ ലൈബ്രറി പ്രേമം നടക്കില്ല..!
മൂവാറ്റുപുഴ: വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ. കോളേജിലെ അഡ്‌മിഷൻ തുടങ്ങിയെന്ന് അറിയിച്ചു കൊണ്ടുള്ള പരസ്യം വിവാദമായതോടെ പിൻവലിച്ചത്. ഇത് ഒരു പരസ്യ ഏജൻസി ചെയ്തതാണെന്നാണ് കോളേജ് അധികൃതർ വിശദീകരിക്കുന്നത്. വീഡിയോ പരസ്യത്തിന്റെ ഉള്ളടക്കത്തിൽ ഏറെ വിമർശനം ഉയർന്നിരുന്നു. ലൈബ്രറി സൗകര്യം അടക്കം വിശദമാക്കുന്ന പരസ്യത്തിന്റെ ഉള്ളടക്കം പ്രണയാതുരമായതാണ് വിവാദമായത്.
കോളേജിലെ ലൈബ്രറിയിൽ ഇരുന്ന് ഒരു പയ്യൻ ദിവാ സ്വപ്‌നം കാണുന്നതാണ് വീഡിയോ. ഇതേസമയം മറ്റൊരു പെൺകുട്ടി ലൈബ്രറിയിൽ എത്തുന്നു. ആ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂമാനമേ എന്ന ഗാനത്തിന്റെ അകമ്പടിയാണ് വീഡിയോക്ക് ഉണ്ടായിരുന്നത്. മുട്ടത്തുവർക്കിയുടെ നോവൽ വായിച്ചു കാണുന്ന ദിവസ്വപ്‌നം പൂർത്തിയാകും മുമ്പ് ലൈബ്രേറിയൻ ആൺകുട്ടിയോട് മതിയാക്കാൻ നിർദ്ദേശിക്കുന്നിടത്ത് വീഡിയോ തീരുന്നു.
നിർമല കോളേജിന്റെ പേരിൽ ഇറങ്ങിയ വീഡിയോക്കെതിരെ സൈബറിടത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രണയിക്കാൻ വേണ്ടിയാണോ കോളേജിൽ പോകുന്നതെന്നും അതിനുള്ള സൗകര്യം കോളേജ് അധികൃതർ ഒരുക്കുമെന്നാണോ പറയുന്നതെന്നും പരിഹാസ്യ പോസ്റ്റുകൾ ഉയർന്നു. കോളേജിലെ പൂർവ്വവിദ്യാർത്ഥികൾ അടക്കമുള്ളവർ രംഗത്തെത്തിയതോടെയാണ് വിവാദ പരസ്യം പിൻവലിച്ചതായി അറിയിച്ചത്.
നിർമല കോളേജ് മാനേജർ ഫാ. പയസ് മലേക്കണ്ടത്തിലാണ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്. നിർമല കോളേജിലിന്റെ പേരിൽ പ്രചരിക്കുന്ന ഹ്രസ്വവീഡിയോയുടെ പേരിൽ മാപ്പു പറയുന്നതായി ഫാ പയസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കോളേജിലെ സാഹചര്യങ്ങളുമായി ഒത്തുപോകാത്തതാണ് വീഡിയോയിലെ കാര്യങ്ങൾ. മൂല്യാധിഷ്ടിതമായ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നിർമലഗിരി കോളേജ്. പ്രസ്തുത വീഡിയോ മൂലം നിർമലയെ സ്‌നേഹിക്കുന്നവർക്ക് ഉണ്ടായ വേദനയിൽ ക്ഷമ ചോദിക്കുന്നതായും കോളേജ് അധികൃതർ വ്യക്തമാക്കി.
പരസ്യ ഏജൻസി സോഷ്യൽ മീഡിയ പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചതാണ് വീഡിയോ. ഈ വിഡിയോ എല്ലാവരും പിൻവലിക്കണമെന്നും ഫാ. പയസ് അഭ്യർത്ഥിച്ചു. സംഭവത്തെ കുറിച്ച് പഠിക്കാൻ ഒരു കമ്മറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂല്യാധിഷ്ടിത വിദ്യാഭ്യാസവുമായി മുന്നോട്ടു പോകാൻ കോളേജിന് എല്ലാവരുടെ സഹായം വേണെന്നും കോളേജ് മാനേജർ അഭ്യർത്ഥിച്ചു.