കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളജില്‍ പ്രാര്‍ഥനയ്ക്കു പ്രത്യേകം മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ഥിനികളുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് കോളജ് മാനേജ്‌മെന്റ് തീരുമാനം. കോളജിന്റെ തീരുമാനത്തിന് സമൂഹത്തില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രാര്‍ഥനയ്ക്കു പ്രത്യേകം മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാര്‍ഥിനികള്‍ കോളജ് പ്രിന്‍സിപ്പലിനു കത്തു നല്‍കുകയും ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായാണു മാനേജ്‌മെന്റിന്റെ തീരുമാനം.

പ്രാര്‍ഥനയ്ക്കു പ്രത്യേകം മുറി വേണമെന്ന ആവശ്യത്തെ തള്ളി, മഹല്ലുകളുടെ സംയുക്ത പ്രതിനിധി സംഘം കോളജ് മാനേജ്‌മെന്റിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യത്തിന്റെ പേരില്‍ നടന്ന സമരവുമായി സംഘടനയ്ക്കു ബന്ധമില്ലെന്നു എസ്എഫ്‌ഐയും പ്രാര്‍ഥനാ മുറിക്കു വേണ്ടിയുള്ള സമരം അപക്വമെന്നു മുസ്ലിം യൂത്ത് ലീഗും വ്യക്തമാക്കി.

പ്രാര്‍ഥന ഹാള്‍ വിവാദത്തില്‍ തെറ്റായ പ്രചാരണത്തിലൂടെ അനാവശ്യ സ്പര്‍ധ സൃഷ്ടിക്കാന്‍ ഇടവരുത്തരുതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ കടപ്പെട്ടവരാണ് തങ്ങളെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. 'കോളജില്‍ പ്രാര്‍ഥനയ്ക്കായി ഒരു മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മതവിഭാഗക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. കോളജ് ഇത് പരിശോധിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന തീരുമാനമാണ് കോളജ് എടുത്തത്. നിര്‍മല കോളജ് പുലര്‍ത്തി വരുന്ന മതേതര നിലപാട് തുടര്‍ന്ന് പോകുമെന്ന് സമൂഹത്തെ അറിയിക്കുകയാണ്.

മൂവായിരത്തില്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നിര്‍മല കോളജ് ഉയര്‍ന്ന മതനിരപേക്ഷ മൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുന്ന സ്ഥാപനമാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ അടിസ്ഥാനത്തില്‍, പതിറ്റാണ്ടുകളായി തുടരുന്ന അതേ നയം തന്നെ തുടരുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ അച്ചടക്ക ലംഘനം പരിശോധിച്ച്, വീഴ്ച വരുത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കോളജിലെ അച്ചടക്കസമിതി നടപടി സ്വീകരിക്കും. സാമുദായിക രാഷ്ട്രീയ സംഘടനകള്‍, അധ്യാപക രക്ഷാകര്‍തൃ സമിതി, വൈദിക- അല്‍മായ പ്രതിനിധികള്‍, മറ്റു മത നേതാക്കള്‍ എന്നിവരില്‍ നിന്നു ലഭിച്ച പിന്തുണയില്‍ കോളജ് മാനേജ്‌മെന്റ് നന്ദി അറിയിച്ചു.

പ്രാര്‍ഥനയ്ക്കു സ്ഥലം ചോദിച്ച് ഏതാനും വിദ്യാര്‍ഥികള്‍ നടത്തിയ സമരം അംഗീകരിക്കുന്നില്ലെന്ന് മഹല്ലുകളുടെ സംയുക്ത പ്രതിനിധിസംഘം വ്യക്തമാക്കി. മാനേജ്‌മെന്റുമായി സംഘം ചര്‍ച്ച നടത്തി. അറിവില്ലായ്മ മൂലം വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ സംഭവങ്ങളില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. മൂവാറ്റുപുഴയിലെ മുസ്ലിം ജമാഅത്തുകളിലെ നായക സ്ഥാനത്തുള്ള സെന്‍ട്രല്‍ മഹല്ല് ചീഫ് ഇമാം ഷിഹാബുദ്ദീന്‍ ഫൈസി, പേട്ട മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഇമാം കാഞ്ഞാര്‍ നിസാര്‍ മൗലവി, ജമാഅത്ത് പ്രസിഡന്റുമാരായ പി.എം. അബ്ദുല്‍ സലാം, കെ.എം. സെയ്തു മുഹമ്മദ് റാവുത്തര്‍, പി.എസ്.എ. ലത്തീഫ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നിസ്‌കാരത്തിനു കോളജില്‍ നിന്നു അധികം ദൂരെയല്ലാതെ വനിതകള്‍ക്കു കൂടി സൗകര്യമുള്ള മസ്ജിദ് നിലവിലുള്ളപ്പോള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കുന്നില്ലെന്നു സംഘം പറഞ്ഞു. അവിടെ നിസ്‌കാരത്തിനു പോരായ്മകള്‍ ഉണ്ടെങ്കില്‍ മഹല്ലുകള്‍ പരിഹാരം കാണുമെന്നും അവര്‍ അറിയിച്ചു.

പ്രത്യേക മത വിഭാഗത്തിന് ആരാധന നടത്താന്‍ വേണ്ടി എസ്എഫ്‌ഐ സമരം നടത്തിയെന്നത് വ്യാജ പ്രചാരണമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. പ്രാര്‍ഥന വിഷയവുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്‌മെന്റ് അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധം എസ്എഫ്‌ഐ നേതൃത്വത്തില്‍ ആയിരുന്നില്ല. മുദ്രാവാക്യം വിളിച്ചു നല്‍കുന്നത് മറ്റൊരു വിദ്യാര്‍ഥി സംഘടനയിലെ അംഗമാണ്. ഇത് എസ്എഫ്‌ഐയുടെ പ്രതിഷേധമായി ചിത്രീകരിച്ചതില്‍ ഗൂഢാലോചനയുണ്ട്. കൃത്യമായ വര്‍ഗീയ വിഭജന അജന്‍ഡയാണു ഇതിന് പിന്നില്‍. ക്യാംപസുകളെ വര്‍ഗീയ ധ്രുവീകരണത്തിനു ഉപയോഗിക്കുന്ന ഗൂഢ ലക്ഷ്യക്കാരെ തുറന്നു കാട്ടുമെന്നു നേതൃത്വം വ്യക്തമാക്കി.

പ്രാര്‍ഥന മുറിക്കു വേണ്ടി വിദ്യാര്‍ഥികള്‍ നടത്തിയ സമരം അപക്വമാണെന്ന് മുസ്ലിം യൂത്ത് ലീഗ് വ്യക്തമാക്കി. മതബോധം ഇല്ലാത്തവരാണ് ഇത്തരം ആവശ്യങ്ങള്‍ക്കു പിന്നില്‍. പൊതു സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന ഇത്തരം സമരങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ വിട്ടു നില്‍ക്കണം. സാഹചര്യം മുതലെടുത്ത് വര്‍ഗീയ വിഷം ചീറ്റുന്ന സംഘടനകള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പോര്‍ച്ചുഗലില്‍ നിന്നു വ്യാജ സന്ദേശങ്ങള്‍ അയച്ച് വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വാട്‌സാപ് ഗ്രൂപ്പ് അഡ്മിനെ കുറിച്ച് അന്വേഷിക്കണമെന്നും യൂത്ത് ലീഗും എംഎസ്എഫും ആവശ്യപ്പെട്ടു.

നിസ്‌കാര വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോളജ് പ്രിന്‍സിപ്പലിനെ ഫോണില്‍ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചു. കോളജ് കവാടത്തിന് 50 മീറ്ററിനുള്ളില്‍ മസ്ജിദ് ഉണ്ടായിരിക്കെ കുട്ടികള്‍ക്ക് അവിടെ നിസ്‌കാരത്തിന് സൗകര്യം ഒരുക്കാവുന്നതാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രഫ. ജോസ്‌കുട്ടി ഒഴുകയില്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചതിനെതിരെ കാസ, യുവദീപ്തി, കെസിവൈഎം സംഘടനകളും രംഗത്തെത്തി.

മൂവാറ്റുപഴ നിര്‍മല കോളേജില്‍ ഉണ്ടായ അസ്വാരസ്യം എല്ലാവര്‍ക്കും വലിയ ദുഖവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്ന് ജാതി-മത-സൗഹാര്‍ദ്ദത്തിനു വേണ്ടി നിലകൊള്ളുന്ന കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി കോ-ഓപറേഷന്‍ അഭിപ്രായപ്പെട്ടു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് വേണ്ടി ആരെങ്കിലും പരോക്ഷമായോ പ്രത്യക്ഷമായോ ഇടപെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടെണ്ടങ്കില്‍ അവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്ന് കോഓപറേഷന്‍ പ്രസിഡന്റ് ഡോ. പി.മുഹമ്മദാലി, ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), ട്രഷറര്‍ ഫാ. ഡോ. ആന്റണി വടക്കേകര എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.