ചെന്നൈ: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍ മരിക്കാനിടയായ സംഭവത്തില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍നിന്നു പഠിപ്പിക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നുമായിരുന്നു പരാമര്‍ശം. ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.

''രണ്ട് ദിവസം മുന്‍പ് ജോലി സമ്മര്‍ദം കാരണം ഒരു പെണ്‍കുട്ടി മരണപ്പെട്ടതായി വാര്‍ത്ത കണ്ടു. കോളജുകള്‍ വിദ്യാര്‍ഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ അവര്‍ക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മര്‍ദങ്ങളെ നേരിടാന്‍ വിട്ടീല്‍നിന്നും പഠിപ്പിച്ചു കൊടുക്കണം. എങ്ങനെ സമ്മര്‍ദങ്ങളെ നേരിടണമെന്ന് വീട്ടില്‍ നിന്നാണ് പഠിക്കേണ്ടത്. സമ്മര്‍ദങ്ങളെ നേരിടാന്‍ ഒരു ഉള്‍ശക്തി ഉണ്ടാകാണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ'' എന്നായിരുന്നു നിര്‍മല സീതാരാമന്റെ വാക്കുകള്‍.

മനശക്തി വര്‍ധിപ്പിക്കാനുളള വഴികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകും. ഈശ്വരചിന്തയും ധ്യാനവും മനശ്ശക്തി വര്‍ധിപ്പിക്കാന്‍ സഹായകരമെന്നും മന്ത്രി പറഞ്ഞു തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സ്വാമി ബാലമുരുകന്‍ അഡിമയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.

നല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്‌സ് പഠിച്ചിട്ട് ജോലിക്ക് കയറി പെണ്‍കുട്ടി ജോലി ഭാരം താങ്ങാനാകാതെ മരിച്ച ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായി.എത്ര പഠിച്ച് എവിടെ എത്തിയാലും മനശക്തി ഉണ്ടാക്കണമെന്ന് കുടുംബാംഗങ്ങള്‍ പറയണം.ദൈവികമായിട്ടാണ് അത് വരേണ്ടത്. നല്ല മനശക്തി ഉണ്ടെങ്കിലേ വെല്ലുവിളികളെ നേരിടാനാകു. അതിനായി ധ്യാനം ഏറെ സഹായകരമാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം, മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു. അമിത ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ച്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അന്ന സെബാസ്റ്റ്യന്റെ വീട്ടിലെത്തി ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നത്. ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. സാമൂഹികമായ തിരുത്തല്‍ ആവശ്യമാണ്. പാര്‍ലമെന്റില്‍ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛന്‍ എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. തൊഴില്‍ ചൂഷണം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്താണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. മകളുടെ ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമ നടപടികളിലേക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.