- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കങ്കുവ കണ്ട് സൂര്യ പറഞ്ഞത് തമിഴ് സിനിമാ ലോകത്തേക്ക് സ്വാഗതമെന്ന്; സീരിയലില്‍ തുടങ്ങി ഇതരഭാഷ സിനിമകളിലേക്ക് വളര്‍ന്ന പ്രതിഭ; ഭാഗമായിക്കൊണ്ടിരുന്നതും വമ്പന്‍ പ്രൊജക്ടുകള്‍; നിഷാദ് യൂസഫിന്റെ അകാല വിയോഗത്തില്‍ നഷ്ടമാകുന്നത് സിനിമയുടെ പുത്തന്ഭാഷ സ്വായത്തമാക്കിയ ചിത്രസംയോജകനെ
കങ്കുവ കണ്ട് സൂര്യ പറഞ്ഞത് തമിഴ് സിനിമാ ലോകത്തേക്ക് സ്വാഗതമെന്ന്
തിരുവനന്തപുരം: നടന്മാരില്‍ നിന്ന് സംവിധായകന്റെ ലേബലിലേക്കും അവിടെ നിന്ന് മറ്റ് അണിയറപ്രവര്‍ത്തകരുടെ ലേബലിലേക്കുമൊന്നും മലയാള സിനിമ മാറിയിട്ട് അധികം നാളുകളായിട്ടില്ല. ക്യാമറമാന്റെയും എഡിറ്ററുടെയുമൊക്കെ പേരില്‍ സിനിമകളെ നമ്മള്‍ സംസാരിക്കാന്‍ തുടങ്ങിയിട്ട് വളരെക്കുറച്ച വര്‍ഷം മാത്രം. ഈ മാറ്റത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് എഡിറ്റര്‍ നിഷാദ് യൂസഫിന്റെത്. തല്ലുമാല എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും ചിത്രത്തിന്റെ എഡിറ്റിങ്ങിനെക്കുറിച്ച് ഏവര്‍ക്കും കിടിലന്‍ എന്ന ഒറ്റ അഭിപ്രായമായിരുന്നു.
ചിത്രമിറങ്ങിയ പിന്നാലെ ഏറ്റവും അധികം ചര്‍ച്ചയായതും ചിത്രത്തിന്റെ എഡിറ്റിങ്ങ് തന്നെ.കാരണം പ്രേക്ഷകര്‍ അധികം കണ്ട് പരിചയിച്ചിട്ടില്ലാത്ത എഡിറ്റിങ്ങ് പാറ്റേണായിരുന്നു ഖാലിദ് റഹ്‌മാന് ടോവിനോ ചിത്രം തല്ലുമാലയുടേത്.പ്രേക്ഷക നിരുപക പ്രശംസയ്ക്ക് പിന്നാലെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രത്തിലൂടെ നിഷാദിനെത്തേടിയെത്തി.സിനിമകള്‍ ഒന്നുപോലും വിടാതെ കാണുന്നതായിരുന്നു നിഷാദിന്റെ ശീലം.സിനിമ ജീവനാണെങ്കിലും ജീവിതമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.പക്ഷേ,പിന്നീട് ആ ചെറുപ്പക്കാരന്‍ നടന്നുകയറിയത് ദക്ഷിണേന്ത്യന്‍ സിനിമാരംഗത്തെ വിലപിടിപ്പുള്ള ചിത്രസംയോജകന്റെ റോളിലേക്കായിരുന്നു.
ഹരിപ്പാട്ടുകാരന്‍ നിഷാദ് യൂസഫിന് ചെറുപ്പംമുതല്‍ സിനിമയോട് അടങ്ങാത്ത ആവേശമായിരുന്നു.അതിനാല്‍ തന്നെ വീടുകഴിഞ്ഞാല്‍ നിഷാദിന്റെ ലോകമെന്ന് പറയുന്നത് വീടിനടുത്താണ് ഡാണാപ്പടിയിലെ എസ്.എന്‍. തിയേറ്ററായിരുന്നു.പക്ഷെ അപ്പോഴും തന്റെ ജീവിതമാര്‍ഗം സിനിമയാകുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല.ബിരുദത്തിനു പിന്നാലെ ആനിമേഷന്‍ പഠനത്തിനുപോയതാണു ജീവിതത്തില്‍ വഴിത്തിരിവാകുന്നത്.ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട്‌സിലും എഡിറ്റിങ്ങിലും കൈവെച്ചുതുടങ്ങി.പോസ്റ്റ് പ്രൊഡക്ഷന്‍ ഡിപ്ലോമയ്ക്കുശേഷം തിരുവനന്തപുരത്ത് എഡിറ്റിങ് സ്റ്റുഡിയോയില്‍ ചേര്‍ന്നു.
ഇവിടെ നിന്നാണ് ചാനലുകളിലേക്കും തുടര്‍ന്ന് സീരിയല്‍ രംഗത്തേക്കുമെത്തുന്നത്.ഈ വരവിനെക്കുറിച്ച് നിഷാദ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.ടെലിവിഷന്‍ ചാനലുകളില്‍ എഡിറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സിനിമയിലെത്താമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ, അതിനായി വര്‍ഷങ്ങള്‍ പരിശ്രമിക്കേണ്ടിവന്നു.ദൃശ്യങ്ങള്‍ ഉചിതമായ സംവിധാനത്തില്‍ വിന്യസിക്കുമ്പോള്‍ മാത്രമാണ് സിനിമ മികച്ച അനുഭവമാകുന്നതെന്നും നിഷാദ് പറയുമായിരുന്നുഈ കാഴ്ച്ചപ്പാട് തന്നെയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ നിഷാദിനെ സിനിമാ ലോകത്തെ എണ്ണംപറഞ്ഞ എഡിറ്ററാക്കി വളര്‍ത്തിയതും.
ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയത്തില്‍ സ്പോട്ട് എഡിറ്ററായാണ് സിനിമാ ജീവിതം ആരംഭിക്കുന്നതെങ്കിലും സ്വതന്ത്ര എഡിറ്ററാകുന്നത് വിയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ്.പിന്നാലെ വിനയന്റെ തന്നെ '3 ഡി ഡ്രാക്കുള' എന്നിവയുടെ എഡിറ്റിങ്ങും നിര്‍വഹിച്ചു.'കുട്ടനാടന്‍ മാര്‍പ്പാപ്പ', 'നോര്‍ത്ത് 24 കാതം', '1971' എന്നിവ നിഷാദ് സ്പോട്ട് എഡിറ്റിങ് നിര്‍വഹിച്ച ചിത്രങ്ങളാണ് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത 'ഉണ്ട', മമ്മൂട്ടിയുടെ മറ്റൊരു ചിത്രം 'വണ്‍' കെ.വി. താമര്‍ സംവിധാനം ചെയ്ത 'ആയിരത്തൊന്നു നുണകള്‍' എന്നിവയും ആളങ്കം,'സൗദി വെള്ളക്ക', 'ഓപ്പറേഷന്‍ ജാവ' തുടങ്ങിയ ചിത്രങ്ങളുടെ സംയോജകനും നിഷാദാണ്.സൗദി വെള്ളക്ക എന്ന സിനിമയുടെ എഡിറ്റിങ് മികവിനു ഫിലിംക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു.
തല്ലുമാല കണ്ടാണ് തമിഴ്സിനിമാ ലോകത്തേക്ക് അവസരം ലഭിക്കുന്നത്.തമിഴ്‌നടന്‍ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം 'കങ്കുവ' യുടെ എഡിറ്റിങ് നിഷാദ് യൂസഫാണ്. ആദ്യം കണ്ടപ്പോള്‍ തമിഴ് സിനിമാലോകത്തേക്ക് സ്വാഗതമെന്ന് സൂര്യ പറഞ്ഞതിനെക്കുറിച്ച് നിഷാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാല കണ്ടതായും സൂര്യ അന്ന് നിഷാദിനോട് പറഞ്ഞു.കങ്കുവയ്ക്കു പിന്നാലെ ബാലാജിയുടെ സുര്യ ചിത്രം,മോഹന്‍ ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രം,മമ്മൂട്ടി ചിത്രം ബസൂക്ക,ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാന തുടങ്ങി നിരവധി വമ്പന്‍ പ്രൊജക്ടുകള്‍ നിഷാദിന്റെതായി പുറത്തിറങ്ങാന്‍ ഉണ്ടായിരുന്നു.
മമ്മൂട്ടി ചിത്രം ബസുക്കയ്ക്ക് തങ്ങള്‍ക്കുള്ള വലിയ ആത്മവിശ്വാസം നിഷാദ് പറഞ്ഞ വാക്കുകളായിരുന്നുവെന്ന് നിര്‍മ്മാതാവ് ജിനു എബ്രഹാം പറയുന്നു. മമ്മൂട്ടി നായകനാകുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രം ബസൂക്കയില്‍ എഡിറ്റിങ് ജോലികള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് എഡിറ്റര്‍ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിതവിയോഗം.സിനിമയുടെ പകുതിയോളം ഭാഗത്തിന്റെ എഡിറ്റ് പൂര്‍ത്തിയാക്കി മ്യൂസിക് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നുവെന്നും നിര്‍മ്മാതാവ് ജിനു പറയുന്നു.
''നിഷാദുമായി നാലു ദിവസം മുന്‍പ് സംസാരിച്ചിരുന്നു.ബസൂക്കയുടെ ഏകദേശം രണ്ടു റീലോളം എഡിറ്റ് തീര്‍ത്ത് മ്യൂസിക് ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു.സിനിമയുടെ ഏകദേശം പകുതിയോളം വരും അത്.മൂന്നു റീലാണ് സിനിമയുടെ ഫസ്റ്റ് ഫാഫ് വരിക.ബസൂക്ക അടിപൊളിയായി വരുന്നുണ്ടെന്നും ഒരു ടെന്‍ഷനും വേണ്ടെന്നുമാണ് ഒടുവില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞത്. സൂര്യ നായകനായെത്തുന്ന കങ്കുവയുടെ പ്രൊമോഷന്‍ ഇവന്റില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.അവിടെ നിന്ന് തിരിച്ചു വന്നിട്ട് ബാക്കി കാര്യങ്ങള്‍ എത്രയും പെട്ടെന്നു തീര്‍ക്കാമെന്നു പറഞ്ഞു.
തിരിച്ചു വന്നിട്ട് വിളിക്കാമെന്നു പറഞ്ഞു പോയതാണ്. ഇന്ന് രാവിലെ നാലു മണിക്ക് ബി.ഉണ്ണികൃഷ്ണന്‍ വിളിച്ചപ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്.'വളരെ കഴിവുള്ള, ജോലിയോട് പാഷനുള്ള, സിനിമയെ ഒരു വികാരമായി കാണുന്ന വ്യക്തിയായിരുന്നു നിഷാദ്. സിനിമ നന്നാകുമ്പോള്‍ അതിന്റെ മുഴുവന്‍ ആവേശവും നിഷാദിന്റെ വാക്കുകളില്‍ കാണാന്‍ കഴിയും. നിഷാദ് നല്‍കിയആത്മവിശ്വാസമാണ് ബസൂക്കയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം എന്നു പറയുന്നത്. ആ ആത്മവിശ്വാസമാണ് പെട്ടെന്ന് മാഞ്ഞുപോയത്,' ജിനു ഒരു മാധ്യമത്തിനോട് പ്രതികരിച്ചു.