കൊച്ചി: തൃശൂരിൽ സുരക്ഷാജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷയാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി സർക്കാർ പിൻവലിക്കുന്നതിന് പിന്നിൽ അഴിമതിയോ? ഹർജി പിൻവലിക്കുന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കൂടി ലഭിച്ചശേഷം സുപ്രീം കോടതിയിൽ അപേക്ഷ നൽകും. വധശിക്ഷയെ ഇടതുകക്ഷികൾ നയപരമായി എതിർക്കുന്ന പശ്ചാത്തലത്തിലാണു സർക്കാരിന്റെ പുനരാലോചനയെന്ന് വരുത്താനാണ് നീക്കം. അതിനിടെ തൃശൂരിലെ ഇടതു നേതാവാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

വധശിക്ഷകൾ ഒഴിവാക്കേണ്ടതാണെന്നു 2013-ൽ സിപിഎം. കേന്ദ്രകമ്മിറ്റി നിലപാടെടുത്തിരുന്നു. മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരേ ഇടതുകക്ഷികൾ പ്രതിഷേധിച്ചിട്ടുമുണ്ട്. ജീവപര്യന്തം വധശിക്ഷയായി ഉയർത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയും മുതിർന്ന അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തശേഷമാണു സർക്കാരിന്റെ മനംമാറ്റം. വധശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന നിലപാടാണു സിപിഎമ്മിന്റേത്. പാർലമെന്റിൽ ഇതിനെതിരായ നിയമനിർമ്മാണവും പാർട്ടി ആവശ്യപ്പെട്ടുവരുന്നതാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് പ്രചരണം. എന്നാൽ ശതകോടീശ്വരന്റെ സാമ്പത്തിക കരുത്താണ് ഇതിന് പിന്നിലെന്നാണ് സൂചന.

അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിഷാമിന് വധശിക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നിഷാമിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭ്രാന്തമായ ആക്രമണമാണ് പ്രതി നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. എന്നാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയതെന്നും ശിക്ഷയിലൂടെ പരിഷ്‌ക്കരിക്കാനാകുന്ന വ്യക്തിയല്ല പ്രതിയെന്നും അപ്പീലിൽ പറഞ്ഞിരുന്നു. സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് സംസ്ഥാന സർക്കാരിനായി അപ്പീൽ നൽകിയത്.

2015 ജനുവരി 29 ന് അറസ്റ്റിലായ നിസാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നിസാം നൽകിയ അപ്പീലിലാണ് അന്ന് ഹൈക്കോടതി വിധി പറഞ്ഞത്. ഇതോടെ നല്ലകാലം മുഴുവൻ ബിഡി കമ്പനി മുതലാളിയായിരുന്ന നിസാമിന് അഴിക്കുള്ളിൽ കഴിയേണ്ടി വരും എന്ന ചിന്തയും ഉടലെടുത്തിരുന്നു. തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ്.

ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. വീണു കിടന്ന ഇയാളെ നിസാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിസാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു.

സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും നിസാം അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ചന്ദ്രബോസ് മരിച്ചു. വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു.

നേരത്തെ നിഷാമിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. തൃശൂർ പേരാമംഗലം പൊലീസിന്റെ കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി തൃശൂർ ആർ.ടി.ഒ ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസുകാരനായ നിസാം കൊലപ്പെടുത്തിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. ആഡംബര വാഹനമായ ഹമ്മർ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്.

വിയ്യൂരിലും കണ്ണൂരിലും ശിക്ഷ അനുഭവിച്ച നിഷാം ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ജീവപര്യന്തവും 24 വർഷം തടവുശിക്ഷയുമാണ് ജില്ല കോടതി വിധിച്ചത്. അതേസമയം, സഹ തടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചെന്ന പരാതിയിൽ നിസാമിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.