ലണ്ടന്‍: വിലകുറഞ്ഞ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ അതിപ്രസരത്തോടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി കാര്‍ നിര്‍മാതാക്കളായ നിസാന്‍. യുകെയില്‍ 7,000 പേരും യുഎസില്‍ 17,000 പേരും ജോലി ചെയ്യുന്ന ഈ ജാപ്പനീസ് വാഹന സ്ഥാപനം കനത്ത നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് വന്‍ ചെലവ് ചുരുക്കല്‍ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ രണ്ടു മാര്‍ക്കറ്റുകളാണ് ചൈനയും അമേരിക്കയും. ഇവിടുത്തെ വില്‍പ്പനയില്‍ വന്‍ ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 9,000 ജോലികളും ആഗോള ഉല്‍പ്പാദന ശേഷിയുടെ 20 ശതമാനവും വെട്ടിക്കുറയ്ക്കുമെന്ന് നിസ്സാന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ചൈനയില്‍ വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുതിച്ചുയരുകയാണ്. ഇവയ്ക്കെതിരായുള്ള പോരാട്ടത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് 30 ശതമാനം കുറയ്ക്കുമെന്ന് യോകോഹോമോ ആസ്ഥാനമായുള്ള സ്ഥാപനം മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. BYD, Chery, Geely, SAIC തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളുടെ വില്‍പ്പന കുതിച്ചുയരുന്നതായാണ് ടെലിഗാഫ് റിപ്പോര്‍ട്ട് ചെയ്തത്.

ബില്‍ഡ് യുവര്‍ ഡ്രീംസ് എന്നതിന്റെ ചുരുക്കപ്പേരായ BYD, അടുത്തിടെ ടെസ്ലയുടെ ത്രൈമാസ വരുമാന വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന മൂന്ന് മാസത്തെ വരുമാനം 28.2 ബില്യണ്‍ ഡോളര്‍ ആണ്. ഇതേ കാലയളവില്‍ ടെസ്ലയുടെ വില്‍പ്പന 25.2 ബില്യണ്‍ ഡോളറായിരുന്നു. മാത്രമല്ല, നിസാന്‍ ചീഫ് എക്സിക്യൂട്ടീവ് മക്കോട്ടോ ഉചിദ 50 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുന്നുവെന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്റ്റീഫന്‍ മാ സ്ഥാനമൊഴിയുന്നതായും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാന്‍ പട്രോള്‍ എസ്.യു.വി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ അടക്കം നിസാന്റെ എസ് യുവികള്‍ക്ക് വലിയ ഡിമാന്‍ഡാണ്. സ്പോര്‍ട്സ് യുട്ടിലിറ്റി വാഹനശ്രേണിയില്‍ (എസ്.യു.വി.)പെടുന്ന വാഹനം 2026-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കം നിസാന്‍ നടത്തുന്നുണ്ട്. വിദേശത്ത് നിര്‍മിച്ച് കംപ്ലീറ്റ് ബില്‍റ്റ് ഇന്‍ യൂണിറ്റ് (സി.ബി.യു) റൂട്ട് വഴി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ അടുത്തവര്‍ഷം ഇന്ത്യന്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് നിസാനും പട്രോള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകളില്‍ മാത്രമാണ് പട്രോള്‍ എത്തുന്നത്. എന്നാല്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഈ വാഹനത്തിന്റെ ഡിമാന്റ് കണക്കിലെടുത്ത് 2025-ഓടെ പട്രോളിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകളും എത്തിക്കാനാണ് നിസാന്‍ പദ്ധതിയിടുന്നത്. 2026-ന്റെ തുടക്കത്തില്‍ തന്നെ ഈ വാഹനം വിവധ രാജ്യങ്ങളില്‍ എത്തിതുടങ്ങും. നിലവിലുള്ള പുതുതലമുറ പട്രോളിന്റെ ഡിസൈനിലായിക്കും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡല്‍ ഒരുങ്ങുന്നത്.

പട്രോള്‍ ഇന്ത്യയില്‍ എത്തിക്കുന്നത് മുമ്പും നിസാന്‍ പരിഗണിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ വിപണിയില്‍ നിസാന്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 2020-ലായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ഉപയോക്താക്കളുടെ അഭിപ്രായം ഉള്‍പ്പെടെ ആരാഞ്ഞിരുന്നെങ്കിലും പിന്നീട് ഈ തീരുമാനം ഒഴിവാക്കുകയായിരുന്നു. നിസാന്‍ സി.ബി.യു. റൂട്ട് വഴി അടുത്തിടെ എക്സ്-ട്രെയില്‍ എന്ന എസ്.യു.വി. ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതേ മാതൃകയിലായിരിക്കും പട്രോളിന്റെയും എന്‍ട്രി.