തിരുവനന്തപുരം: ദേശീയപാതാ വികസനത്തിൽ നിന്നും സംസ്ഥാന സർക്കാർ വാഗ്ദാനം നൽകി പിന്മാറിയെങ്കിലും കേരളത്തിലെ വികസന പദ്ധതികൾ ഒന്നും മുടങ്ങില്ല. ഇക്കാര്യത്തിൽ കേരളത്തിന് ഉറപ്പു നൽകി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ വലിയ തോതിലുള്ള വികസന പദ്ധതികൾ നടപ്പിലാക്കുമെന്നാണ് മന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്. ദേശീയപാതാ വികസനം വേഗത്തിലാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി മൂന്ന് ലക്ഷം കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുമെന്നും വ്യക്തമാക്കി.

മൂന്ന് വാണിജ്യ ഇടനാഴികളുൾപ്പെടെ 2025-ൽ സംസ്ഥാനത്ത് നിരവധി കേന്ദ്രാവിഷ്‌കൃതപദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കുതിരാൻ ഇരട്ടത്തുരങ്കങ്ങൾ എന്നിവയുടെ ഉദ്ഘാടനവും 13 ദേശീയപാതാവികസനപദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുപദ്ധതികളിലായി 919 കിലോമീറ്റർ വ്യവസായ ഇടനാഴി സംസ്ഥാനത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ദേശീയപാതകളാണ് വാണിജ്യ ഇടനാഴികളായി വികസിപ്പിക്കുന്നത്. 87,224 കോടിയാണ് പദ്ധതിച്ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറുവരി എലിവേറ്റഡ് ഹൈവേയും ഇതിൽ ഉൾപ്പെടും. 2024-നുമുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. റോഡുവികസനത്തിലൂടെ വിനോദസഞ്ചാരമേഖലയ്ക്ക് മൂന്നിരട്ടി നേട്ടമുണ്ടാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുഗതാഗതസംവിധാനത്തെ ബയോ, ഇലക്ട്രിക്, ഹരിത, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറ്റണം. യാത്രച്ചെലവ് കുറയ്ക്കാനും, മലിനീകരണം ഇല്ലാതാക്കാനും സാധിക്കും -ഗഡ്കരി പറഞ്ഞു. 40,453 കോടിയുടെ 12 ദേശീയപാതാപദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് നടന്നത്. വടക്കാഞ്ചേരിമുതൽ തൃശ്ശൂർവരെയുള്ള ആറുവരിപ്പാത, കഴക്കൂട്ടംമുതൽ ടെക്നോപാർക്ക് വരെയുള്ള നാലുവരി എലിവേറ്റഡ് ഹൈവേയും ഇതിൽ ഉൾപ്പെടും. നിർമ്മാണം തുടങ്ങുന്ന 544 കിലോമീറ്ററിലെ വികസനപദ്ധതികൾ ദേശീയ പാതാവിഭാഗമാണ് നടപ്പാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ചു. വികസനത്തിനായുള്ള സംസ്ഥാനത്തെ ജനത്തിന്റെ സഹകരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ പദ്ധതികളെന്ന് മുഖ്യാതിഥിയായ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, ദേശീയപാതാവിഭാഗം ഉന്നത ഉദ്യോഗസ്ഥരായ ബി.എൽ. മീണ, എസ്.കെ. റസാഖ് എന്നിവർ പങ്കെടുത്തു.

മന്ത്രി  പ്രഖ്യാപിച്ച പദ്ധതികൾ 

വാണിജ്യ ഇടനാഴികൾ

1. തൂത്തുക്കൂടി-കൊച്ചി ഇടനാഴി

443 കിലോമീറ്റർ

സംസ്ഥാനത്ത് 166 കിലോമീറ്റർ

പദ്ധതിച്ചെലവ് 20,000 കോടി

2. മുംബൈ-കന്യാകുമാരി

1619 കിലോമീറ്റർ.

സംസ്ഥാനത്ത് 644 കിലോമീറ്റർ,

പദ്ധതിച്ചെലവ് 61,060 കോടി

3. ബെംഗളൂരു- മലപ്പുറം

322 കി.മീ

സംസ്ഥാനത്ത് 72 കി.മീ

പദ്ധതിച്ചെലവ് 7134 കോടി

തുറമുഖങ്ങൾ ബന്ധിപ്പിക്കാൻ 11 പദ്ധതികൾ

111 കിലോമീറ്റർ

ചെലവ് 25,000 കോടി

സംസ്ഥാനപാതകൾ

റെയിൽവേ മേൽപ്പാലങ്ങൾ, പാലങ്ങളുടെ നവീകരണം

അനുവദിച്ച തുക 400 കോടി

18 ബൈപ്പാസുകൾ

ആകെ ദൂരം 164 കി.മീ

അടങ്കൽ തുക 15,000 കോടി.

31 ഇടനാഴികൾ (നിലവിലുള്ള റോഡുകളുടെ വികസനം)

ആകെ ദൂരം 1544 കി.മീ

തുക 80,000 കോടി-