ചെന്നൈ: തെരുവ് നായകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന റാലിയിൽ തമിഴ് നടി നിവേദ പേതുരാജ് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നായ കടിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 'ഭയം പരത്താൻ' കാരണമാകരുത്, ഒറ്റപ്പെട്ട സംഭവങ്ങൾ വലുതാക്കി കാണിക്കരുത് എന്ന നടിയുടെ നിലപാടാണ് നെറ്റിസൺസിന്റെ രൂക്ഷവിമർശനത്തിന് വഴിവെച്ചത്.

തെരുവ് നായ്ക്കളുടെ സുരക്ഷയ്ക്കായി മൃഗസ്നേഹികൾ സംഘടിപ്പിച്ച പരിപാടിയിലാണ് നിവേദ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. "ഒരു നായ കടിക്കുമ്പോൾ അതിനെ വലിയൊരു വിഷയമാക്കി ഭീതി പരത്തുന്ന പ്രവണത ഒഴിവാക്കണം. പേ വിഷബാധ പോലുള്ള പ്രശ്നങ്ങൾ ഗൗരവമേറിയതാണ്. എങ്കിലും ഭയമുണ്ടാക്കുന്നതിനു പകരം, വാക്സിനേഷൻ, വന്ധ്യംകരണം പോലുള്ള പ്രായോഗികമായ പരിഹാരമാർഗങ്ങളെക്കുറിച്ച് മാധ്യമങ്ങൾ സംസാരിക്കണം," നിവേദ ആവശ്യപ്പെട്ടു. ഒരു വ്യക്തി തെറ്റ് ചെയ്യുമ്പോൾ എല്ലാവരെയും കുറ്റപ്പെടുത്താത്തതുപോലെ, ഒരൊറ്റ മൃഗത്തിന്റെ പ്രവൃത്തിയുടെ പേരിൽ എല്ലാ നായകളെയും ശിക്ഷിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.

മനുഷ്യൻ തെറ്റ് ചെയ്താൽ അവനെ കൊന്നുകളയാൻ ആവശ്യപ്പെടാത്തതുപോലെ മൃഗങ്ങളുടെ കാര്യത്തിലും നാം പ്രവർത്തിക്കരുതെന്നും അവർ പറഞ്ഞു. നടിയുടെ അഭിപ്രായങ്ങൾക്കെതിരെ ഇന്റർനെറ്റിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്. 'കാറിൽ യാത്ര ചെയ്യുന്ന' നിവേദയ്ക്ക്, ദിവസേന തെരുവുകളിൽ സഞ്ചരിക്കുന്ന സാധാരണക്കാർ നേരിടുന്ന യഥാർത്ഥ ദുരിതം മനസ്സിലാക്കാൻ കഴിയില്ലെന്ന് പലരും വിമർശിച്ചു. തെരുവ് നായകൾ ഇല്ലാത്ത അന്തരീക്ഷത്തിൽ, അതായത് ദുബായിൽ, വളർന്ന താരം ഇന്ത്യയിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് 'സൗകര്യമുള്ളവരുടെ' നിലപാടാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

നായ കടിക്കുന്ന വാര്‍ത്തകള്‍ക്കൊപ്പം പരിഹാരം കൂടി പറയണം. നായകളെ പൂര്‍ണമായും ഒഴിവാക്കണം എന്ന് പറയുന്നത് പരിഹാരമല്ല. അവബോധം, കാരുണ്യം, വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണെന്നും നടി കൂട്ടിച്ചേർത്തു.

എന്നാൽ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങളോട് നിവേദ പേതുരാജ് പ്രതികരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ നടക്കുന്നത് 'ആൾക്കൂട്ട ആക്രമണം' ആണെന്നും, തെരുവ് നായ പ്രശ്നത്തിന്റെ മൂലകാരണം മൃഗങ്ങളല്ല, മറിച്ച് 'ഉത്തരവാദിത്തമില്ലാത്ത പൗരന്മാരാണ്' എന്നും നടി തന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കി.