- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവര്‍ ബജറ്റ് അവതരിപ്പിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ശ്രമിച്ചത്; അത് സ്ത്രീത്വത്തെ അപമാനിക്കലോ തടഞ്ഞു വയ്ക്കലോ അല്ല; സര്‍ക്കാരിന് ഞെട്ടിച്ച് സിംഗിള്‍ ബഞ്ച് വിധി; അപ്പീല്‍ നല്‍കിയേക്കും; നിയമസഭാ കൈയ്യാങ്കളിയില്‍ ഇടതുപക്ഷം പ്രതിസന്ധിയില്‍
യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എ.മാരുടെ പേരിലെടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കുമ്പോള്‍ വെട്ടിലാകുന്നത് കേസിലെ മറ്റ് പ്രതികളായ ഇടത് എംഎല്‍എമാര്‍
കൊച്ചി: 2015 മാര്‍ച്ച് 13-നുനടന്ന നിയമസഭാ കൈയാങ്കളിയോടനുബന്ധിച്ച് രണ്ട് ഇടത് വനിതാ എം.എല്‍.എ.മാരുടെ പരാതിയില്‍ യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എ.മാരുടെ പേരിലെടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കുമ്പോള്‍ വെട്ടിലാകുന്നത് കേസിലെ മറ്റ് പ്രതികളായ ഇടത് എംഎല്‍എമാര്‍. ഈ സാഹചര്യത്തില്‍ ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ കേസ്. കെ. ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ. വാഹിദ് എന്നിവര്‍ക്കെതിരായ കേസുകളാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്. ജമീലാ പ്രകാശം, കെ.കെ. ലതിക, എന്നിവരുടെ പരാതിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലായിരുന്നു കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതികളാക്കി കേസിന് പുതിയ മാനം നല്‍കാനുള്ള നീക്കമാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവോടെ പൊളിയുന്നത്.
അഴിമതി ആരോപണം നേരിട്ട ധനകാര്യമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനായി ഇടത് എം.എല്‍.എ.മാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തിനിടെ ഭരണകക്ഷി എം.എല്‍.എ.മാര്‍ തങ്ങളെ തടയുകയും സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രവര്‍ത്തിക്കുകയും ചെയ്‌തെന്നായിരുന്ന പരാതി. ഈ കേസ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പരാതി വിശദമായി പരിശോധിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജിക്കാര്‍ക്കെതിരേ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് വിലയിരുത്തി. ഇതിനൊപ്പം ചില പരാമര്‍ശങ്ങളും കോടതി നടത്തി. ഇത് നിര്‍ണ്ണായകമാണ്.
പരാതിക്കാരായ എം.എല്‍.എ.മാര്‍ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഹര്‍ജിക്കാരായ എം.എല്‍.എ.മാര്‍ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ശ്രമിച്ചത്. അതല്ലാതെ സ്ത്രീത്വത്തെ അപമാനിക്കാനോ പരാതിക്കാരെ തടഞ്ഞുവെക്കാനോ കരുതിക്കൂട്ടിയുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും കോടതി വിലയിരുത്തി. ദൃശ്യതെളിവുകള്‍ അടക്കം പൊതു സമൂഹത്തിന് മുന്നിലുണ്ടായിരുന്നു. ഇതെല്ലാം ഈ കേസില്‍ നിര്‍ണ്ണായക തെളിവാണ്. കോണ്‍ഗ്രസ് പ്രതിനിധികള്‍ അന്ന് സഭയില്‍ പൊതു മുതലുകള്‍ നശിപ്പിച്ചതുമില്ല.
ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതി തടയല്‍ നിയമപ്രകാരം കേസുള്ളതിനാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് പറയനാകില്ല. അതൊക്കെ മന്ത്രിയുടെ മനഃസാക്ഷിക്കുവിടേണ്ട കാര്യമാണെന്നും കോടതി പറഞ്ഞു. ഇതെല്ലാം കീഴ് കോടതിയിലെ വിചാരണ നടപടികളിലും നിര്‍ണ്ണായകമായി മാറും. മന്ത്രി വി ശിവന്‍കുട്ടി അടക്കമള്ളവരാണ് വിചാരണ നേരിടേണ്ടത്. ഈ കേസിലെ വിധി സിപിഎമ്മിനും സര്‍ക്കാരിനും നിര്‍ണ്ണായകവുമാണ്.
2015 മാര്‍ച്ച് 13ന് ധനമന്ത്രി കെ.എം. മാണി നടത്താനിരുന്ന ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കേസിനാധാരം. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായതിനാല്‍ കെ എം മണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു എല്‍ ഡി എഫ് നിലപാട്. തുടര്‍ന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2023ലാണ് യു.ഡി.എഫ് എം.എല്‍.എമാരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്.