കോഴിക്കോട്: നഗരം മെട്രോയായി വികസിക്കുമ്പോഴും അതിന്റെ ആഘാതം പതിറ്റാണ്ടുകളായി താങ്ങുന്ന ഒരു പ്രദേശത്തിന്റെ പേരാണ് ഞെളിയൻപറമ്പ്. കോഴിക്കോട് രാമനാട്ടുകര ദേശീയപാത റൂട്ടിൽ തെക്കോട്ട് സഞ്ചരിച്ചാൽ മീഞ്ചന്തയും നല്ലളവും കഴിഞ്ഞുള്ള ചെറുവണ്ണൂർ പ്രദേശത്തിന്റെ തുടക്കത്തിലാണ് കോഴിക്കോട് കോർപറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ഞെളിയൻപറമ്പിന്റെ സ്ഥാനം. കോർപറേഷൻ വളരാൻ തുടങ്ങിയത് മുതൽ ഞെളിയൻപറമ്പിലെ മാലിന്യ പ്രശ്നവും രൂക്ഷമായി തുടരുകയാണ്. നഗരത്തിലെ പ്രധാന തെരുവുനായ സങ്കേതമാണ് ഇന്നും ഞെളിയൻപറമ്പ്. കോഴിക്കോട് കോർപറേഷന്റെ തെരുവുനായ വളർത്തൽ കേന്ദ്രമാണ് ഞെളിയൻപറമ്പെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നത്. കോർപറേഷന്റെ കീഴിൽ ദീർഘകാലമായി ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചുപോരുന്നുണ്ടെങ്കിലും ഇതിനകത്ത് ഇപ്പോഴും നൂറ്റിയൻപതിനും ഇരുനൂറിനും ഇടയിൽ തെരുവുനായകൾ സസുഖം വായുന്നുണ്ടെന്നതാണ് യാഥാർഥ്യം.

നായകളുടെ സ്വതന്ത്ര സഞ്ചാരം വിലക്കപ്പെടാതെ അതിരുകൾ കെട്ടിയടക്കാത്ത കാലത്ത് ഇവയുടെ സംഖ്യ എണ്ണൂറിന് മുകളിലായിരുന്നു. ഏതുനേരം ഇതുവഴി ചെന്നാലും അൻപതും നൂറും വരുന്ന തെരുവുനായകളുടെ വൻ സംഘങ്ങൾ മഥിച്ചുനടന്നിരുന്ന കാലമായിരുന്നു അത്. കോഴി മാലിന്യങ്ങളും അറവു മാലിന്യങ്ങളുമായിരുന്നു അക്കാലത്ത തെരുവുനായകളെ ഇവിടെ വൻ സംഘങ്ങളായി തമ്പടിക്കാൻ പ്രേരിപ്പിച്ചത്. അന്നത്തെ കാലത്തെ അപേക്ഷിച്ച കോഴിമാലിന്യങ്ങളും അറവ് മാലിന്യങ്ങളുമെല്ലാം ഇവിടേക്ക് എത്തുന്നത് കുറഞ്ഞെങ്കിലും വീടുകളിൽനിന്ന് എത്തുന്നത് ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങളാണ് തെരുവുനായകളെ ഇവിടെ സ്ഥിരതാമസത്തിന് ഇപ്പോഴും പ്രേരിപ്പിക്കുന്നത്. ചുറ്റുമതിൽ ഉൾപ്പെടെയുള്ളതിനാൽ അകത്തു കഴിയുന്ന കൂട്ടങ്ങൾക്ക് മനുഷ്യരിൽനിന്ന് ഉൾപ്പെടെയുള്ള ആക്രമണ ഭീഷണിയും ഇവിടെയില്ലെന്നതും സ്വസ്ഥമായി പെറ്റുപെരുകിക്കഴിയാൻ ഇവക്ക് അനുകൂല സാഹര്യമൊരുക്കുന്നു.

ഞെളിയൻപറമ്പ് നിലകൊള്ളുന്ന അയ്യപ്പൻകണ്ടിപറമ്പ്, സമീപ പ്രദേശങ്ങളായ നല്ലളം, റഹ് മാൻ ബസാർ, ചെറുവണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കെല്ലാം ഇവിടെയുള്ള തെരുവുനായകൾ രാപകലില്ലാതെ റോന്തുചുറ്റുന്ന സ്ഥിതിയാണ്. പലരെയും നായ കടിക്കുന്ന സംഭവങ്ങളും ഉണ്ടാവുന്നുണ്ട്. സന്ധ്യയായാൽ ഈ പ്രദേശങ്ങളിലെ റോഡുകളിലും ഇടവഴികളിലുമെല്ലാം നായകളുടെ നായാട്ടാണ്. രാത്രിയായാൽ പുറത്തുപോയി മടങ്ങുന്ന കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളുമായി പോകുന്നവരുമെല്ലാം വലിയ ഭീതിയോടെയാണ് കഴിയുന്നത്. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കുമെല്ലാം പോയ കുട്ടികൾ ഏതുവിധമാവും തിരിച്ചെത്തുകയെന്ന ആശങ്കയിലുമാണ് പ്രദേശവാസികൾ.

മുൻകാലങ്ങളെ അപേക്ഷിച്ച് ദുർഗന്ധം കിലോമീറ്ററുകളോളം പരക്കുന്നത് ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഈ പരിസരങ്ങളിലെ കിണറുകളിലെ വെള്ളം മനുഷ്യർക്ക് ഉപയോഗിക്കാൻ സാധിക്കുന്നതല്ല. ചുറ്റുമതിലുണ്ടെങ്കിലും തണ്ണീർത്തടംപോലുള്ള പ്രദേശമായതിനാൽ മതിലിന് അടിയിലൂടെ മലിനജലം കിനിഞ്ഞിറങ്ങിയാണ് ഇവിടുത്തെ കിണറും തണ്ണീർത്തടങ്ങളും മറ്റ് കുടിവെള്ള സ്രോതസുകളുമെല്ലാം അനേക പതിറ്റാണ്ടായി മലിനമായത്. അതിന്റെ ഗാഢത എത്രമാത്രമുണ്ടെന്ന് അറിയണമെങ്കിൽ മാലിന്യകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ തെക്കേ അതിരിലൂടെ കിഴക്കോട്ട് നീളുന്ന റോഡിലൂടെ ഏതാനും മീറ്റർ സഞ്ചരിച്ചാൽ മതി. ഈ ഭാഗത്തെ വീതികുറഞ്ഞ റോഡിൽ മുഴുവൻ കുണ്ടുംകുഴികളും ഒപ്പം ചുറ്റുമതിലിനപ്പുറത്തെ മാലിന്യത്തിൽനിന്ന് ഊറിവരുന്ന രൂക്ഷഗന്ധമുള്ള മലിനജലവുമാണ്. കാൽനട തീരെ സാധ്യമല്ലെന്നിരിക്കേ ഇരുചക്ര വാഹനങ്ങളിലും മഴക്കാലമായാൽ ആളുകൾ പരമാവധി പോകാൻ ഭയക്കുന്ന സ്ഥിതിയാണ്. കാലൊന്നു കുത്തേണ്ടുന്ന സ്ഥിതിയുണ്ടായാൽ ജീവിതകാലം മുഴുവൻ മാറാത്ത ത്വക്ക് രോഗങ്ങളാണ് സമ്മാനമായി ലഭിക്കുക.

പ്രദേശത്ത് ജീവിതം ഇന്നും അതീവ ദുസ്സഹമാണെന്ന് പരിസരവാസിയായ വള്ളത്തിൽ സുധീഷ് പറഞ്ഞു. ഒരു വീട്ടിലെയും വെള്ളം കുടിക്കാനാവില്ല. ആയിരത്തിൽ അധികം വീട്ടുകാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. പ്രദേശത്തുള്ള പെൺകുട്ടികൾക്ക് വരനെയോ, യുവാക്കൾക്ക് വധുവിനെയോ കിട്ടണമെങ്കിൽ വീട് മാറിയേ പറ്റൂ. കോർപറേഷൻ എത്തിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ കുടുംബങ്ങൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ടാങ്കുകളിൽ ശേഖരിക്കപ്പെടുന്ന ശുദ്ധജലമാണ് നാട്ടുകാർ ഉപയോഗപ്പെടുത്തുന്നത്. തെരുവുനായകളുടെ ശല്യത്തിനൊപ്പം മാലിന്യം കുന്നുകൂടിക്കിടക്കുന്നതിനാൽ കൊതുകു ശല്യവും അതിരൂക്ഷമാണ്. നൂറുകണക്കിന് കാക്കകളും പരുന്തുകളുമെല്ലാം മാലിന്യം ചുറ്റുമുള്ള പ്രദേശങ്ങളിലേക്കു പരത്തുന്നുമുണ്ട്. ഞെളിയൻപറമ്പിൽനിന്ന് ട്രെഞ്ചിങ് ഗ്രൗണ്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ നിരവധി സമരങ്ങളും പ്രദേശത്ത് നടന്നിട്ടുണ്ടെന്നതും സുധീഷ് ഓർമിപ്പിച്ചു.

തെരുവുനായകളും കൊതുകുമെല്ലാം എല്ലാകാലത്തും ഞെളിയൻപറമ്പ് നിവാസികളുടെ ശാപമാണെന്ന് മറ്റൊരു താമസക്കാരനായ മൂസാങ്കണ്ടി അബ്ദുറഹിമാൻ. പണ്ടെത്തേതിനെ അപേക്ഷിച്ച് സാഹചര്യം അൽപം മെച്ചപ്പെട്ടിട്ടുണ്ടെന്നു മാത്രം. എന്നിരുന്നാലും ഇവിടുത്തുകാരുടെ ജീവിതം ഒരുകാലത്തും രക്ഷപ്പെടില്ല. ഏതെങ്കിലും കാലത്ത് ഞെളിയൻപറമ്പിൽ മാലിന്യം കൊണ്ടുതള്ളുന്നതും പ്ലാന്റിന്റെ പ്രവർത്തനവുമെല്ലാം നിർത്തിയാലും വീണ്ടും അനേകം വർഷങ്ങൾ വേണ്ടിവരും ഇവിടുത്തെ മണ്ണും ജലസ്രോതസുകളുമെല്ലാം പൂർവസ്ഥിതിയിലാവാൻ. നമ്മുടെ മക്കളുടെ ആയുസിൽപോലും അത് സംഭവിക്കണമെന്നില്ലെന്നും അബ്ദുറഹിമാൻ സൂചിപ്പിച്ചു.