- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്‌പെഷൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി.
ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കണ്ണൂർ ജില്ലയിലെ ചില പൂജാരിമാരുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയത്. കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ ആരോപണം.
അതേസമയം, കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ക്ഷേത്രത്തിൽ മൃഗബലി അടക്കമുള്ള പൂജകൾ നടന്നു എന്ന ഡികെ ശിവകുമാറിന്റെ പ്രസ്താവന തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം രംഗത്തെത്തി. ബ്രാഹ്‌മണ പൂജ മാത്രം നടക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ ഇല്ല. ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ലെന്നും ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.
ഡി കെ ശിവകുമാറിന്റെ ആരോപണം നൂറുശതമാനവും സത്യവിരുദ്ധമാണ്. ക്ഷേത്രത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ക്ഷേത്രം ഭരണസമിതി പ്രതികരിച്ചു. ക്ഷേത്രത്തിൽ ശത്രുഭൈരവീ യാഗം നടത്തുന്നില്ല. മലബാർ ദേവസ്വത്തിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും മൃഗബലി ഇല്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
തളിപ്പറമ്പ് ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ നടത്തിയെന്ന ശിവകുമാറിന്റെ ആരോപണം സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും തള്ളി. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കി.
കയ്യിലെ ചരടുകളുടെ എണ്ണം കൂടി വരുന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തനിക്കെതിരെ കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രു സംഹാര പൂജയും മൃഗബലിയും അടക്കം നടത്തിയിരുന്നതായി ഡികെ ശിവകുമാർ വെളിപ്പെടുത്തിയത്.
അതേസമയം. ഡികെ ശിവകുമാറിന് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ്. അവിടെ ബലിയോ ശത്രു സംഹാരപൂജകളോ ഒന്നും നടക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്നതിന് വേണ്ടി കോൺഗ്രസ് നേതാവ് വർഗീയമായ നിലപാട് സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇവിടെ ആളുകൾ എത്താറുണ്ട്. ശിവകുമാർ പറഞ്ഞ രീതിയിലുള്ള ആചാരങ്ങൾ ഒന്നും ഈ ക്ഷേത്രത്തിൽ നടക്കുന്നില്ല. അവിടെ അത്തരം തോന്ന്യാസങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞാൽ ഭ്രാന്ത് എന്നല്ലാതെ എന്താണ് പറയുകയെന്ന് ഗോവിന്ദൻ ചോദിച്ചു.