കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ നല്‍കിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. ബോബി ചെമ്മണ്ണൂര്‍ സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതോടെ കേസ് ചൊവ്വാഴ്ച്ച പരിഗണിക്കുന്നത് വരെ ബോബി ജയിലില്‍ തുടരേണ്ട അവസ്ഥയാണ്.

പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താന്‍ നിരപരാധിയാണെന്നും ബോബി ചെമ്മണൂര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ മേല്‍ക്കോടതിയെ സമീപിക്കാന്‍ പോലും സാഹചര്യമില്ലാതെ ബോബി ചെമ്മണൂരിന് ആദ്യ ദിനം കാക്കനാട് ജയിലില്‍ കഴിയേണ്ടി വന്നു. കോടതി കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയതോടെ ശനിയാഴ്ച്ചകളില്‍ ജയിലില്‍ കിട്ടുന്ന മട്ടന്‍കറി ബോച്ചേക്ക് മിസ്സാകില്ലെന്നതാണ് ആശ്വാസം.

5 റിമാന്‍ഡ് പ്രതികള്‍ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളില്‍ എത്തിയവരാണ്. പകല്‍ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ജയിലില്‍ കരുതിയിരുന്ന ചോറും ചപ്പാത്തിയും കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.

ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ അനുസരണാ ശീലമുള്ള പുതിയ മനുഷ്യനാണ്. ജയില്‍ നിയമം എല്ലാം അനുസരിക്കുന്നു, ജയില്‍ വാര്‍ഡന്മാര്‍ പറയുന്നതും കേള്‍ക്കുന്നു. പരിഭവമൊന്നുമില്ലാതെ സാദാ തടവുകാരനായി കഴിയുകായണ്. കാക്കനാട്ടെ ജയിലില്‍ എ ബ്ലോക്കിലാണ് താമസം. പുതിയ അഡ്മിഷന്‍കാരെ ഇവിടെയാണ് പാര്‍പ്പിക്കാറുള്ളത്. സെല്ലിന് പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ബോബി ചെമ്മണ്ണൂരിനെ അറിയാം. മുതലാളിയാണെന്നും പരസ്യമാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാല്‍ മറ്റ് തടവു പുള്ളികള്‍ വളയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മറ്റ് തടവു പുള്ളികള്‍ സെല്ലില്‍ കയറുമ്പോള്‍ മാത്രമാണ് ബോബി ചെമ്മണ്ണൂരിനെ പുറത്തേക്ക് വിടുന്നത്. തടവുകാരായ മറ്റുളളവര്‍ ബോച്ചെയെ ശല്യപ്പെടുത്താതിരിക്കാനാണ് ഇതെല്ലാം. സാദാ പരിഗണനകള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂവെന്ന് ജയില്‍ അധികൃതര്‍ ബോച്ചെയെ അറിയിച്ചിട്ടുണ്ട്. ജാമ്യം കിട്ടും വരെ ഇങ്ങനെ പോട്ടേയെന്ന നിലപാടിലാണ് സ്വര്‍ണ്ണ കട മുതലാളി. ജയില്‍ അധികൃതരോട് പരിഭവമൊന്നും പറയുന്നതുമില്ല.

ജയിലില്‍ കഴിഞ്ഞ ദിവസം ചോറും ചപ്പാത്തിയും ബോച്ചെയ്ക്ക് നല്‍കി. ഇന്ന് രാവിലെ ചപ്പാത്തിയും കടലക്കറിയും ഉണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് മട്ടണും ചോറുമാണ്. ആഹാര പ്രിയനായ ബോച്ചെയ്ക്ക് ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ നാളെ ജയിലിലെ മട്ടണ്‍ കഴിക്കാന്‍ യോഗമുണ്ടാകും. ചൊവ്വയും ബുധനും മീന്‍കറിയും കിട്ടും. എന്നാല്‍ അതിന് മുമ്പേ മേല്‍കോടതിയില്‍ നിന്നും ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്ന് ഉച്ചയ്ക്ക് വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കേണ്ടി വരും. മരുന്നെല്ലാം കൃത്യമായി തന്നെ ബോബി ചെമ്മണ്ണൂര്‍ കഴിക്കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പരിഭവം പറയാതെയാണ് ജയില്‍ ജീവിതം. മൊന്തയും പാത്രവുമെല്ലാം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം പായയും പുതപ്പും. ഇത്രയും സാമഗ്രികള്‍ കൊണ്ടാണ് ബോച്ചെയുടെ ജയില്‍ ജീവിതം.

സെല്ലിന് പുറത്ത് മറ്റുള്ളവരുള്ളപ്പോള്‍ ബോബിയെ ഇറക്കില്ല. ഇതിന് കാരണവും അദ്ദേഹത്തോടെ ജയില്‍ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രത്യേക നിരീക്ഷ സുരക്ഷയും ബോബിയ്ക്കായി ഏര്‍പ്പാടാക്കി. മറ്റ് തടവുകാരുടെ ശല്യത്തില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്. ആര്‍പി 8683 എന്ന നമ്പരാണ് ജയിലില്‍ ബോച്ചെയ്ക്ക് നല്‍കിയിട്ടുള്ളത്. റിമാന്‍ഡ് തടവുകാരനായതിനാല്‍ ബോച്ചെയ്ക്ക് പണികളൊന്നും നല്‍കില്ല.

ബോബിയെ ഇന്ന് രാവിലെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. നിലവില്‍ ആരോഗ്യ പ്രശ്നമൊന്നുമില്ല. ഇന്നലെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ബോബി തളര്‍ന്നു വീണിരുന്നു. എന്നാല്‍ വൈകിട്ട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു. തന്റെ കാലിനു പരുക്കുണ്ടെന്ന് ജയിലിലേക്ക് കയറുന്നതിനു മുന്‍പ് ബോബി പറഞ്ഞിരുന്നു. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ നിലവിലുള്ള അഞ്ചു പേര്‍ കഴിഞ്ഞ് ആറാമനായിട്ടാണ് ബോബി ചെമ്മണൂരിനെ സെല്ലിലേക്ക് കയറ്റിയത്. വ്യാഴാഴ്ച രാത്രി 7.10-ഓടെയാണ് ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചത്.