- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എഡിഎം നവീന്‍ ബാബു എല്ലാം ക്യത്യമായിട്ട് ചെയ്യുന്ന ആള്; അതുകൊണ്ട് വേറൊരു വഴിയിലൂടെയും അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കില്ല': പലരോടും ഇക്കാര്യം തുറന്നുപറഞ്ഞ ടി വി പ്രശാന്തന്റെ കൈക്കൂലി ആരോപണവും ബഡായി? നവീന്‍ ബാബുവിന് പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
നവീന്‍ ബാബുവിന് പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാത്ത ആളായിരുന്നു എന്നായിരുന്നു പൊതുവെ റവന്യു വൃത്തങ്ങളിലെ ധാരണ. ആ ധാരണ തെറ്റിച്ചുകൊണ്ടാണ് പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ടി വി പ്രശാന്ത്, എഡിഎം ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയും ഈ ആരോപണം ഏറ്റുപിടിച്ചാണ് യാത്രയയപ്പ് യോഗത്തിനെത്തി നവീന്‍ ബാബുവിനെ പരസ്യമായി അപമാനിച്ചത്. എന്നാല്‍, ഇത് വ്യാജ കഥയാണെന്നാണ് എഡിഎമ്മിന്റെ കുടുംബം വാദിക്കുന്നത്. ഇപ്പോള്‍ വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വരുമ്പോള്‍ ടിവി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല എന്നാണ് വ്യക്തമാകുന്നത്. ഒരുടെലിവിഷന്‍ ചാനലാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിയല്ലാതെ മറ്റുതെളിവുകള്‍ ഒന്നുമില്ല. തെളിവ് ഹാജരാക്കാനും പ്രശാന്തിന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്വര്‍ണം പണയം വെച്ചത് മുതല്‍ എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയം വെച്ചതിന്റെ രസീത് പ്രശാന്ത് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന്‍ ബാബുവും നാല് തവണ ഫോണില്‍ സംസാരിച്ചു. ഈ വിളികള്‍ക്കൊടുവിലാണ് ഇരുവരും തമ്മിലെ കൂടിക്കാഴ്ച.
ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം ഒക്ടോബര്‍ പത്തിനാണ് വിജിലന്‍സിനെ അറിയിക്കുന്നത്. പ്രശാന്തിന്റെ ബന്ധുവാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ വിളിച്ചു പറയുന്നത്. ഒക്ടോബര്‍ 14ന് വിജിലന്‍സ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും. വിജിലന്‍സ് ഡിവൈഎസ്പിക്ക് അന്ന് തന്നെ റിപ്പോര്‍ട്ടും നല്‍കി. പ്രശാന്തിന്റെ മൊഴിയെടുത്ത കാര്യം നവീന്‍ ബാബുവിനോട് പറഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് അറിയിക്കുന്നു. പിറ്റേന്ന് ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. കൈക്കൂലി കൊടുത്തെന്ന വെളിപ്പെടുത്തലില്‍ പ്രശാന്തിനെതിരെ കേസെടുക്കാനും വകുപ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. അക്കാര്യമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ശരി വയ്ക്കുന്നത്. പെട്രോള്‍ പമ്പിന് എന്‍ഐസി നല്‍കിയത് നിയമപരമായാണെന്നും ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍ഒസി നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരായ ആരോപണങ്ങള്‍. എന്നാല്‍, ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും അന്വേഷണത്തില്‍ ലഭിച്ചില്ല.