- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് വേണ്ടെന്ന് സംസ്ഥാന സർക്കാർ. ലോഡ് ഷെഡിങ്ങല്ലാതെ മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദ്ദേശം നൽകി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ വർഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാൽ ഉയർന്ന തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു.
ഇത്തവണ മുൻകരുതൽ നടപടിയുടെ ഭാഗമായി വൈദ്യുതോത്പാദനം കുറച്ചിരുന്നു. എന്നിട്ടും ജലനിരപ്പ് 2337 അടിയായി കുറഞ്ഞു. 2280 അടിയിൽ താഴെ ജലനിരപ്പ് എത്തിയാൽ പെൻസ്റ്റോക്ക് പൈപ്പു വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാൻ കഴിയാതെ വരും. ഇത് ഒഴിവാക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. നിലവിൽ മൂലമറ്റത്തെ ആറു ജനറേറ്ററുകളിൽ അഞ്ചെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഉത്പാദനശേഷം 45.349 ഘനമീറ്റർ വെള്ളം ഒഴുകിപ്പോകുന്നുണ്ട്.
അതേസമയം വേനൽ കടുത്തതോടെ വീടുകളിലെ വൈദ്യുത ഉപഭോഗം കുത്തനെ കൂടിയ നിലയിലാണ്. ഇത്തവണത്തെ കറണ്ട് ബില്ല് കണ്ട് ഞെട്ടാത്ത മലയാളികൾ കുറവാണ്. രണ്ടു മാസത്തെ ബില്ല് ഒന്നിച്ചുവരുമ്പോഴാണ് ബില്ലിലെ വൻ വർധനവറിഞ്ഞ് വീട്ടുകാർ ഞെട്ടുന്നത്. സ്ലാബ് മാറുന്നതോടെ ഇടത്തരം കുടുംബങ്ങളിലെയടക്കം ബില്ലിൽ വൻ വർധനയാണുണ്ടാകുന്നത്. കൊടും ചൂടിൽ വിയർക്കുന്ന മലയാളികളിപ്പോൾ കറണ്ട് ബില്ല് കണ്ടാൽ തളർന്നു വീഴുന്ന അവസ്ഥയാണുള്ളത്.
കഴിഞ്ഞ തവണ വന്നതിന്റെ ഇരട്ടിയാണ് മിക്ക വീടുകളിലും ഇത്തവണത്തെ കറണ്ട് ബില്ല്. വരുമാനം കൊണ്ട് ഒത്ത് വരുന്നില്ലെങ്കിലും എങ്ങനെയെങ്കിലും എസി വെക്കണമെന്നാണ് സാധാരണകുടുംബങ്ങളിൽ പോലും പറയുന്നത്. ചൂട് കാരണം രാത്രി പോലും ഉറങ്ങാൻ പറ്റാതായതോടെയാണ് എസിയിൽ ഭൂരിഭാഗം പേരും അഭയം പ്രാപിക്കുന്നത്. ഇതോടൊപ്പം നിർത്താതെ ഫാനുകൾ കൂടിയാകുമ്പോൾ കറണ്ട് ബില്ല് കുത്തനെ ഉയരുകയാണ്.