- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവം: റൂറൽ ആശുപത്രികളിൽ ഹൗസ് സർജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി; സർക്കാർ ഉത്തരവിറക്കിയത് ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തിയ ചർച്ചയ്ക്കു പിന്നാലെ; തീരുമാനം സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ
തിരുവനന്തപുരം: റൂറൽ ആശുപത്രികളിൽ ഹൗസ് സർജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. വന്ദന ദാസ് കുത്തേറ്റു മരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് നടപടി. ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കും. ഹൗസ് സർജന്മാരുടെ ജോലി നിർവചിച്ച് മാർഗരേഖ പുറപ്പെടുവിക്കും. പിജി ഡോക്ടർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കും. മന്ത്രിയുമായുള്ള ചർച്ചയ്ക്കു പിന്നാലെ പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിച്ചു.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ഡോക്ടർമാർ പറഞ്ഞു. വൈകിട്ട് അഞ്ചുമണി മുതൽ അടിയന്തര സേവനങ്ങളിൽ ജോലിയിൽ പ്രവേശിക്കും. ഒ പി ബഹിഷ്കരണം തുടരും. തുടർ സമരപരിപാടി വൈകിട്ട് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് പിജി അസോസിയേഷൻ പ്രതിനിധി ഡോ. ഇ എ റുവൈസ് പറഞ്ഞു.
ഡ്യൂട്ടി സമയം നിശ്ചയിച്ച് ഉത്തരവിറക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും വിദ്യാർത്ഥികളും പറഞ്ഞു. ഹൗസ് സർജന്മാരുടെ ജോലി നിർവഹിക്കാൻ ഹൗസ് സർജൻസ് മാനുവൽ ഉണ്ടാക്കും. ഇതിനായി ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറി രൂപീകരിക്കും. വീക്ക്ലി ഓഫ് കിട്ടുന്നില്ലെന്ന പരാതിക്കും പരിഹാരം കാണും. ഈ സാഹചര്യത്തിലാണ് സമരം ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ചത്. അതേ സമയം, ഹൗസ് സർജന്മാർ സമരം പിൻവലിക്കുന്നതിൽ തീരുമാനമായിട്ടില്ല.
ചർച്ചയുടെ തീരുമാനങ്ങളിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കി. പിജി വിദ്യാർത്ഥികൾ, ഹൗസ് സർജന്മാർ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചുവെന്നും ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി വീണ ജോർജ് വാർത്താ കുറിപ്പിൽ അറിയിച്ചു.
മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്.ഒ.പി പുറത്തിറക്കും. ഹൗസ് സർജന്മാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡൻസി മാന്വൽ കർശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സർക്കുലർ ഇറക്കും. വകുപ്പ് മേധാവികൾ വിദ്യാർത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
പി.ജി വിദ്യാർത്ഥികൾ ഹൗസ് സർജന്മാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഡോക്ടർമാർക്കൊപ്പമാണ് സർക്കാർ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു.
ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സിസിടിവി ക്യാമറ ഉറപ്പാക്കും. മുമ്പ് പിജി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച കാര്യങ്ങൾ കർശനമായി നടപ്പിലാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഹോസ്റ്റൽ സൗകര്യം അതാത് സ്ഥാപനങ്ങൾ പരിശോധിച്ച് മുൻഗണന നൽകാൻ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്റ്റൈപെന്റ് വർധനയ്ക്കുള്ള പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണ്.
ആരോഗ്യ പ്രവർത്തകർ ഇനി ആക്രമിക്കപ്പെടാൻ പാടില്ല. അതിനുള്ള നടപടികൾ കർശനമായി സ്വീകരിക്കും. മെഡിക്കൽ കോളജുകളിൽ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങൾ അറിയിക്കുന്നതിന് ബ്രീഫിങ് റൂം ഉറപ്പാക്കണം. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാൾ മാത്രമേ പാടുള്ളൂ.
അത്യാഹിത വിഭാഗത്തിൽ രണ്ട് പേർ മാത്രം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പർ എല്ലാവർക്കും നൽകണം. മെഡിക്കൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്രഷ് സംവിധാനം എല്ലാ മെഡിക്കൽ കോളേജിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ, സ്പെഷ്യൽ ഓഫീസർ, എല്ലാ മെഡിക്കൽ കോളജുകളിലേയും പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പി.ജി വിദ്യാർത്ഥികളുടേയും ഹൗസ് സർജമാരുടേയും സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ