തിരുവനന്തപുരം: കെ സി ബി സിയുടെയും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന പ്രതിഷേധവും കണക്കിലെടുത്ത് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ എന്‍എസ്എസ് ക്യാമ്പുകള്‍ ക്രിസ്മസ് ദിനം ഒഴിവാക്കി മാത്രമേ നടത്താവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍കാലങ്ങളിലെല്ലാം ക്രിസ്മസ് ദിനം കൂടി ഉള്‍പ്പെടുത്തി ഏഴുദിവസങ്ങളായാണ് ക്യാമ്പുകള്‍ നടത്തിയിരുന്നത്.

ക്രിസ്മസ് ദിനത്തില്‍ പള്ളികളിലും വീടുകളിലും നടക്കുന്ന പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും താത്പര്യത്തെ മാനിച്ച് കൊണ്ടാണ് പുതിയ ഉത്തരവ്.




പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍, കേന്ദ്രഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ് (National Service Scheme) ക്യാമ്പുകള്‍ ക്രിസ്മസ് അവധിക്കാലത്താണ് സാധാരണ നടത്തുക. ഏഴുദിവസത്തെ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 ഒഴിവാക്കിയെങ്കിലും ക്യാമ്പ് നടത്തണമെന്ന കാലങ്ങളായുള്ള ആവശ്യം അധികൃതര്‍ ഇതുവരെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ക്രിസ്മസ് ദിനത്തിലും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന സര്‍ക്കുലറുകളും മേലധികാരികളുടെ ശബ്ദസന്ദേശങ്ങളും നേരത്തെ വന്നിരുന്നു.

മുന്‍കാലങ്ങളില്‍ ക്യാമ്പുകള്‍ ഡിസംബര്‍ 26നു തുടങ്ങി പുതുവര്‍ഷത്തോടെ അവസാനിക്കുന്ന പതിവുണ്ടായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൗലികാവകാശമായ വിശ്വാസപരിശീലനവും കുടുംബത്തോടുള്ള ആചാരാനുഷ്ഠാനങ്ങളും മനപ്പൂര്‍വം തടയണമെന്ന ദുഷ്ടലാക്കാണ് ഈ പ്രവൃത്തിക്കു പിന്നിലെന്ന് ക്രൈസ്തവ സംഘടനകള്‍ ആരോപിച്ചിരുന്നു. .

പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് കെ സി ബി സി വിദ്യാഭ്യാസ ജാഗ്രതാ കമ്മീഷനുകള്‍ ആവശ്യപ്പെട്ടിരുന്നു.

മുന്‍ പ്രസ്താവന ഇങ്ങനെ:

പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം

പൊതുഅവധി ദിവസമായ ഞായറാഴ്ച വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവൃത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച്, പൊതു വിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകള്‍, കലോത്സവങ്ങള്‍, മേളകള്‍, വിവിധ ദിനാചരണങ്ങള്‍ തുടങ്ങിയവ ഞായറാഴ്ച ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേയ്ക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളില്‍ പതിവായി കണ്ടുവരുന്നു. ഏറ്റവും ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ ഭാഗമായ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകളാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന 260 ക്യാമ്പുകളാണ് അത്തരത്തില്‍ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി പ്രശംസാര്‍ഹമാണെങ്കിലും ഞായറാഴ്ചകള്‍ അതിനായി നിശ്ചയിച്ചിരിക്കുന്നത് ആശാസ്യമല്ല.

2024 നവംബര്‍ 17 ഞായറാഴ്ച സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയും നടത്തിയിരുന്നു. 2022 ഒക്ടോബര്‍ 2 ഞായറാഴ്ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. NSS, NCC ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തില്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പതിവായി നടന്നുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ മേളകള്‍, കലോത്സവങ്ങള്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവയ്ക്കിടയില്‍ വരുന്ന ഞായറാഴ്ചകളില്‍ അവധി നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ആ രീതി പൂര്‍ണ്ണമായും മാറ്റിയിരിക്കുന്നു. അവധി ദിനങ്ങള്‍ നിര്‍ബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കികൊണ്ടുള്ള മനുഷ്യാവകാശങ്ങളിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ ഒഴിവാക്കപ്പെടുക തന്നെ ചെയ്യണം.

പഠനത്തിന്റെ ഭാഗം തന്നെയായ ഇത്തരം പാഠ്യ-പാഠ്യേതര ക്യാമ്പുകളും പരിശീലന പരിപാടികളും മറ്റും അധ്യായന ദിവസങ്ങളില്‍ തന്നെ ക്രമീകരിക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കണം. അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്യണം.