- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസിന് പുറകേ നടക്കാൻ ഡോക്ടർമാർക്ക് താൽപര്യമില്ല; മസ്തിഷ്‌ക മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറ്റം; മരണാനന്തര അവയവ കൈമാറ്റ പദ്ധതിയായ മൃതസഞ്ജീവനി തളരുന്നു; ആറുവർഷമായി അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം കുത്തനെ ഇടിയുന്നു; തെറ്റിദ്ധാരണ പരത്തി അവയവദാന മാഫിയയും
തിരുവനന്തപുരം: അവയവദാനം മഹാദാനമെന്നാണ് നമ്മൾ പറയാറുള്ളത്. അവയവദാനത്തിന് വേണ്ടി രോഗികൾ പ്രതീക്ഷയോടെ നോക്കുന്നത് മൃതസഞ്ജീവനി പദ്ധതിയെയാണ്. എന്നാൽ, ഇടക്കാലത്ത് പദ്ധതിയെ അനാവശ്യ വിവാദങ്ങൾ തളർത്തി എന്നാണ് ആക്ഷേപം. 2016 വരെ കൃത്യവും സുഗമവുമായി നടന്നിരുന്ന അവയവദാനം രോഗികൾക്കും ബന്ധുക്കൾക്കും വലിയ ആശ്വാസമായിരുന്നു. 2016ൽ മസ്തിഷ്‌കമരണം സംഭവിച്ച 74 പേരുടെ അവയവങ്ങൾ 199 പേർക്കു ജീവിതം തിരിച്ചു നൽകിയെന്ന കണക്ക് നമ്മുടെ മുന്നിലൂണ്ട്. എന്നാൽ, പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ വലിയ തളർച്ച നേരിട്ടു. പലരുടെയും പ്രതീക്ഷകൾ പൊലിഞ്ഞു.
മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിൽ ആശുപത്രികൾ തട്ടിപ്പുകാണിക്കുന്നുവെന്ന വിവാദമാണു അവയവദാനത്തിന് തിരിച്ചടിയായത്. അവയവങ്ങൾ ആവശ്യമുള്ളവരും അവയവദാനത്തിനു തയ്യാറാകുന്നതുമായ ആളുകളുടെ ഏകോപന സംവിധാനമാണ് മൃതസഞ്ജീവനി വഴി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പലപ്പോഴും ആവശ്യക്കാരും ദാതാക്കളും തമ്മിൽ കണ്ടുമുട്ടാതെ പോവുന്നത് അവയവ കൈമാറ്റത്തിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ അവയവകൈമാറ്റം ഏകോപിപ്പിക്കാനും, സുഗമമാക്കാനും വേണ്ടി സർക്കാർ തലത്തിൽ ഒരു സംവിധാനം ഉണ്ടാക്കിയത്. എന്നാൽ, മൃതസഞ്ജീവനി പദ്ധതിയുടെ വേഗം കുറഞ്ഞ തക്കം നോക്കി അവയവ ദാന മാഫിയയും കരുക്കൾ വീശി.
മസ്തിഷ്‌ക മരണം സ്ഥീരീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് 2016 ന് ശേഷം അവയവദാന ശസ്ത്രക്രിയകൾ വൈകാൻ കാരണം. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണിത്.
മസ്തിഷ്‌ക മരണം സംഭവിച്ചാൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തെറ്റായ രീതിയിലാണെന്നാണ് കോടതിയിൽ പരാതി വന്നത്. ഹൈക്കോടതി ഈ വാദങ്ങൾ തള്ളിയെങ്കിലും ഇപ്പോൾ സുപ്രീംകോടതിലാണ് കേസ്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധമില്ലാത്ത 4 ഡോക്ടർമാരുടെ വിദഗ്ധ സമിതിയാണ് മസ്തിഷ്‌കമരണം സംഭവിച്ചതായി സർട്ടിഫിക്കറ്റ് നൽകുന്നത്. എന്തായാലും നിയമനടപടികൾ ഭയന്ന് ഡോക്ടർമാർ പിന്മാറുന്നതോടെ, ശസ്ത്രക്രിയകളുടെ എണ്ണം കുറയുന്നതിലേക്കാണ് നയിച്ചത്.
കണക്കുകൾ നോക്കിയാൽ, 2012 മുതൽ 2015 വരെ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നതായി കാണാം. 2012(22), 2013(88), 2014(156), 2015(218). എന്നാൽ 2016 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം താരതമ്യേന കുറഞ്ഞു. 2016ൽ നടന്നത് 199 അവയവമാറ്റ ശസ്ത്രക്രിയകളാണ് മുമ്പ് സൂചിപ്പിച്ചല്ലോ. 2017(60), 2018(29), 2019(55), 2020(70), 2021(49), 2022(50). 2012 മുതൽ 2022 ഡിസംബർവരെ നടന്നത് 996 ശസ്ത്രക്രിയകൾ മാത്രമാണ്.
അവയവം ലഭിക്കാനായി നിരവധി രോഗികളാണ് കാത്തിരിക്കുന്നത്. വൃക്ക മാറ്റി വയ്ക്കിലിനായി 2,246 പേരും കരളിനായി 755 പേരും ഹൃദയത്തിനായി 51 പേരും മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വർഷം 22 പേർക്കു മാത്രമാണ് വൃക്ക നൽകാനായത്. 11 പേർക്ക് കരളും 6 പേർക്ക് ഹൃദയവും നൽകി. ഏറ്റവുമധികം അവയവമാറ്റ ശസ്ത്രക്രിയ നടന്ന 2015ൽ 132 പേർക്കാണ് വൃക്ക മാറ്റിവച്ചത്. 44 പേരുടെ കരളും 6 പേരുടെ ഹൃദയവും മാറ്റിവച്ചു.
മൃതസഞ്ജീവനി പദ്ധതി
കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി. 'ഷെയർ ഓർഗൻസ് സേവ് ലൈവ്‌സ്' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയുടെ ലക്ഷ്യം. 2012 ഓഗസ്റ്റ് 12-ന് മൃതസഞ്ജീവനി പദ്ധതി നിലവിൽ വന്നു. കേരളത്തിലെ സർക്കാർസ്വകാര്യ ആശുപത്രികളിൽ മസ്തിഷ്‌കമരണം സംഭവിച്ചാൽ മൃതസഞ്ജീവനിയിൽ അറിയിക്കുന്നു. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തനസജ്ജമായ അവയവം എടുക്കുന്നത് മൃതസഞ്ജീവനി വഴിയാണ്. മരണാനന്തരം അവയവങ്ങൾ നൽകാൻ താത്പര്യമുള്ള ഏതൊരാൾക്കും http://knos.org.in/DonorCard.aspx എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യമായ വിവരങ്ങൾ നൽകിയാൽ ദാതാവിനുള്ള ഡോണർ കാർഡ് ലഭിക്കും. അത് പ്രിന്റ് ചെയ്ത് സൂക്ഷിക്കുകയും തന്റെ ആഗ്രഹം കുടുംബാംഗങ്ങളെ അറിയിക്കുകയും വേണം.
തെറ്റിദ്ധാരണ പരത്താൻ അവയവദാന മാഫിയ
മൃതസഞ്ജീവനിയിലൂടെയുള്ള മരണാനന്തര അവയവദാനം സുതാര്യമാണ്. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങൾ ഏജന്റുമാർ മുഖേന സ്വീകരിക്കുന്ന സംഭവങ്ങളിലാണു തട്ടിപ്പു നടക്കുന്നത്. മൃതസഞ്ജീവനി പദ്ധതി ഇല്ലാതാക്കിയാലേ അവയവക്കച്ചവടം പൊടിപൊടിക്കൂ എന്നറിയാവുന്ന മാഫിയ കിട്ടിയ അവസരങ്ങളിലെല്ലാം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ