- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ല; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലെന്ന പോപുലർ ഫ്രണ്ട് ആക്ഷേപം തള്ളി ബിജെപി; എൻ ഐ എ നടത്തുന്നത് നിയമപരമായ കാര്യങ്ങൾ;റെയ്ഡിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്
കോഴിക്കോട്: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലെന്ന പോപുലർ ഫ്രണ്ട് ആക്ഷേപം തള്ളി ബിജെപി.പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ല. എൻ ഐ എ നടത്തുന്നത് നിയമപരമായ കാര്യങ്ങളെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിനെയും ബിജെപി സംസ്താന നേതൃത്വം ന്യായീകരിച്ചു.
കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ റെയ്ഡിൽ106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.അതേസമയം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ കൊണ്ട് പോപുലർ ഫ്രണ്ടിനെ തകർക്കാനാവില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും വ്യാപകമായി കേന്ദ്ര ഏജൻസിയായ എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ കൊണ്ട് പോപുലർ ഫ്രണ്ടിനെ തകർക്കാനാവില്ല. പോപുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാം, ദേശീയ സെക്രട്ടറി വി പി നാസറുദീൻ, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ, ദേശീയ സമിതിയംഗം പ്രഫ.പി കോയ തുടങ്ങിയ നേതാക്കൾ കസ്റ്റഡിയിലാണ്.ആർഎസ്എസ് ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന പ്രസ്ഥാനമാണ് പോപുലർ ഫ്രണ്ട്. ആർഎസ്എസ്സിന്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപുലർ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പോപുലർ ഫ്രണ്ടിനെ വേട്ടയാടുന്നത്.
രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിയമപരമായി പ്രവർത്തിക്കുന്ന സംഘടനയാണ് പോപുലർ ഫ്രണ്ട്. ഇതുവരെ പോപുലർ ഫ്രണ്ടിനെതിരെ ഒരു വിധ്വംസക പ്രവർത്തനവും തെളിയിക്കാൻ ആരോപണങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാര ഭരണകൂടത്തിനും അന്വേഷണ ഏജൻസികൾക്കും സാധിച്ചിട്ടില്ല.ഹിന്ദുത്വ ഫാഷിസം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ഉയർത്തുന്ന ഭീഷണിയെ ചൂണ്ടിക്കാണിക്കുന്ന പോപുലർ ഫ്രണ്ടിനെ പകപോക്കൽ നടപടി എന്ന നിലയ്ക്കാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടം അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടൽ നടത്തുന്നത്.
ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തെയും തകർക്കാനൊരുങ്ങുന്ന ആർഎസ്എസിനെതിരെയുള്ള നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും. ഈ രാജ്യത്തെ തകർക്കുന്ന സംഘപരിവാരത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ സന്ദേശം കഴിഞ്ഞ മുപ്പത് വർഷമായി പോപുലർ ഫ്രണ്ട് ഈ സമൂഹത്തിൽ പകർന്നു നൽകിയിട്ടുണ്ട്. ആ സന്ദേശവും അതേറ്റെടുത്ത രാജ്യത്തെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളും ഇവിടെത്തന്നെ ഉണ്ടാവും.
ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് രാത്രിയുടെ മറവിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡ് നടത്തിയത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും ജില്ലാ ഓഫീസുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ