തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയതോടെ ഈ മാസം ആരും വിരമിക്കേണ്ട. ഈ മാസം വിരമിക്കേണ്ട സി പി എം അനുകൂല സംഘടനയിലെ പ്രമുഖരെ സംരക്ഷിക്കാനാണ് 29 ന് തിടുക്കപ്പെട്ട് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവ് ഇറങ്ങാൻ രണ്ട് ദിവസം കൂടി താമസിച്ചിരുന്നെങ്കിൽ ഇവർ ഈ 31 ന് വിരമിക്കേണ്ടിവന്നേനെ. ഇത് ഒഴിവാക്കാനായിരുന്നു തിടുക്കപ്പെട്ട് ഉത്തരവ് ഇറക്കിയത്.

ഒന്നരലക്ഷം പേരാണ് 128 പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. കെ എസ് ഇ ബി ക്കാരുടെ സമരം പിൻവലിക്കാൻ മുഖ്യമന്ത്രി നൽകിയ ഉറപ്പായിരുന്നു പെൻഷൻ പ്രായം വർദ്ധിപ്പിക്കാമെന്നത്. 3 മാസത്തിനുള്ളിൽ കെ എസ് ഇ ബി, കെ എസ് ആർ ടി സി, വാട്ടർ അഥോറിറ്റി എന്നിവയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇവിടെയും അടിയന്തിരമായി പെൻഷൻ പ്രായം ഉയർത്തും. 60,000 ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പെൻഷൻ പ്രായം 60 ആക്കിയതിലൂടെ ഈ സർക്കാരിന്റെ കാലത്ത് യുവജനങ്ങൾക്ക് പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി  കിട്ടില്ലെന്ന് വ്യക്തം

പൊതു മേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകൾക്ക് പൊതുമാനദണ്ഡം നിശ്ചയിച്ച് ഈ മാസം 29 ന് ധനവകുപ്പിൽ നിന്ന് ഉത്തരവിലാണ് വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തിയത്. പല പൊതുമേഖല സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 ആണ്. ചിലതിൽ 60 ഉം . ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവിൽ നിഷ്‌കർഷിച്ചിരിക്കുന്നത്. പൊതു മേഖല സ്ഥാപനങ്ങൾക്ക് പൊതു മാനദണ്ഡം രൂപീകരിക്കാൻ 2017 ൽ റിയാബ് ചെയർമാൻ തലവനായി ഒരു വിദ്ധഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

30.11. 20 ൽ വിദഗ്ധ സമിതി കൊടുത്ത റിപ്പോർട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, പ്ലാംനിങ് അഡീഷണൽ ചീഫ് സെക്രട്ടറി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങുന്ന സെക്രട്ടറി ലെവൽ കമ്മിറ്റി പരിശോധിച്ചു. ഈ റിപ്പോർട്ട് 20.4.22 ൽ നടന്ന മന്ത്രിസഭ യോഗത്തിൽ വയ്ക്കുകയും തുടർനടപടികൾക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.അപ്രഖ്യാപിത നിയമന നിരോധനത്തിനിടയിൽ പെൻഷൻ പ്രായം വർധിപ്പിച്ചത് യുവജനങ്ങൾക്ക് മേലുള്ള സർക്കാരിന്റെ ഇരട്ട പ്രഹരമാണ്.

പല റാങ്ക് ലിസ്റ്റുകളും നിലവിൽ ഇല്ല. ഉള്ള റാങ്ക് ലിസ്റ്റുകളിൽ നിന്നാണെങ്കിൽ നിയമനവും നടക്കുന്നില്ല. ഏപ്രിൽ 2022 ൽ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു. പുതിയ റാങ്ക് ലിസ്റ്റ് ഇതുവരെയായിട്ടില്ല. സെക്രട്ടേറിയേറ്റിൽ ഉൾപ്പെടെ കരാർ ജീവനക്കാരെ തിരുകി കയറ്റുകയാണ്. പൊതു മേഖല സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കിയതോടെ സർക്കാർ മേഖലയിലും പെൻഷൻ പ്രായം 60 ആക്കണമെന്ന് ആവശ്യം സർവീസ് സംഘടനകൾ ഉയർത്തി കഴിഞ്ഞു.

സർക്കാർ സർവിസിലെ പെൻഷൻ പ്രായം 56 ആണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെൻഷൻ പ്രായം ഉയർത്തണമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാമും സർക്കാരിനെ ഉപദേശിച്ചിട്ടുണ്ട്. പെൻഷൻ പ്രായം അടുത്ത ബജറ്റിൽ ഉയർത്താനാണ് നിർദ്ദേശം. മുഖ്യമന്ത്രിയും പെൻഷൻ പ്രായം ഉയർത്തുന്നതിന് അനുകൂലമാണ്. പെൻഷൻ ആനുകൂല്യങ്ങൾക്കായി നൽകേണ്ട തുക സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും എന്നും പെൻഷൻ പ്രായം ഉയർത്തുന്നത് നല്ലതായിരിക്കും എന്നാണ് സർക്കാർ തലപ്പത്തുള്ളവരുടെപൊതുനിലപാട്.