തിരുവനന്തപുരം: വൃദ്ധജനങ്ങൾക്ക് ജീവിത സായാഹ്നത്തിൽ സഹായ ഹസ്തം എന്ന നിലക്ക് സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിൽ ആരംഭിച്ച പദ്ധതിയാണ് വയോമിത്രം. ഈ പദ്ധതിയുടെ നടത്തിപ്പിനായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിലും, ദിവസ വേതന അടിസ്ഥാനത്തിലുമാണ് നിയമിച്ചു പോരുന്നത്. എന്നാൽ ഇവർക്ക് 3 മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ല എന്നാണ് ആരോപണം. അവസാനം ശമ്പളം ലഭിച്ചത് ഫെബ്രുവരി 20 നാണെന്നാണ് ജീവനക്കാർ പറയുന്നത്.

ശമ്പളം എന്താണ് തരാത്തതെന്ന് ആരാഞ്ഞപ്പോൾ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും ഇവർ പറയുന്നു. ഇനി ശമ്പളം എപ്പോൾ ലഭിക്കുമെന്നു പോലും അധികൃതർ വ്യക്തമാക്കുന്നില്ലെന്നും മറുനാടനോട് ഒരു ജീവനക്കാരി പറഞ്ഞു. നിലവിൽ കരാർ വ്യവസ്ഥയിലാണ് ഈ പദ്ധതിയിലേയ്ക്ക് ജീവനക്കാരെ നിയച്ചു കൊണ്ടിരിക്കുന്നത്.

2021-22 സാമ്പത്തിക വർഷത്തിൽ 24 കോടി രൂപ വയോമിത്രം പദ്ധതിക്കായി സർക്കാർ അനുവദിച്ചിരുന്നു. കൂടാതെ 2023 ലെ സംസ്ഥാന ബജറ്റിൽ 27.81 കോടി രൂപയും അനുവദിച്ചിരുന്നു. എന്നിട്ടും ജീവനക്കാർക്ക് എന്തുകൊണ്ട് ശമ്പളം കൊടുക്കുന്നില്ല എന്നത് പ്രധാന ചോദ്യമായി നിലനിൽക്കുകയാണ്.

65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും, കൗൺസിലിങ്ങും, വൈദ്യ സഹായവും, മരുന്നും സൗജന്യമായി നൽകുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കിടപ്പ് രോഗികൾക്കായി പാലിയേറ്റീവ് കെയർ സർവീസ്. രോഗികളുടെ വീടുകളിൽ പോയി പാലിയേറ്റീവ് ഹോം കെയർ നൽകും. വയോജനങ്ങൾക്ക് സൗജന്യ ആംബുലൻസ് സേവനം എന്നിങ്ങനെയാണ് പ്രവർത്തനം.

ഒരു യൂണിറ്റിൽ ഒരു മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്‌സ്, ജൂനിയർ നഴ്‌സ് എന്നിവർ ആണ് ഉണ്ടായിരിക്കുക. വയോമിത്രം പദ്ധതി ഏകോപിപ്പിക്കാൻ വയോമിത്രം കോർഡിനേറ്ററും പ്രവർത്തിക്കും. 2-3 യൂണിറ്റുകൾക്ക് ഒരു കോർഡിനേറ്റർ എന്ന നിലക്കായിലാണ് പ്രവർത്തനം.