നോര്‍വേ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മോഹിച്ച യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നിരാശ. വെനിസ്വേലയിലെ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് സമാധാന നൊബേല്‍ ലഭിച്ചു.

ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ പരിവര്‍ത്തനത്തിനായുള്ള പോരാട്ടങ്ങള്‍ക്കുമാണ് മരിയ കൊറിന മാച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് വെള്ളിയാഴ്ച ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്.




ലാറ്റിനമേരിക്കയിലെ സമീപകാല ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശക്തയായ നേതാക്കളിലൊരാളായാണ് മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വേലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് പുരസ്‌കാരം.

വളര്‍ന്നുവരുന്ന ഇരുട്ടുകള്‍ക്കിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവാണ് മച്ചാഡോയെന്ന് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം, യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്കും വെനിസ്വേലന്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ എഡ്മുണ്ട് ഗോണ്‍സാലസ് ഉറുട്ടിയയ്ക്കും സമ്മാനിച്ചിരുന്നു.




ഈ വര്‍ഷം മൊത്തം 338 നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്. ഇതില്‍ 244 വ്യക്തികളും 94 സംഘടനകളുമാണ് ഉണ്ടായിരുന്നത്. നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ യോര്‍ഗന്‍ വാട്‌നെ ഫ്രൈഡ്‌നെസാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സമ്മാനവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സമാധാന നൊബേല്‍ സമ്മാനത്തിനായി താനാണ് ഏറ്റവും അര്‍ഹനെന്ന് നിരന്തരം വാദിച്ചിരുന്ന യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ പ്രഖ്യാപനം വലിയ നിരാശ നല്‍കിയിട്ടുണ്ട്. അധികാരത്തിലേറിയ ആദ്യ ഏഴുമാസത്തിനുള്ളില്‍ ഏഴു അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുകയും സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യത തെളിയുകയും ചെയ്ത സാഹചര്യത്തില്‍, ട്രംപിന്റെ പേരും ശക്തമായി ഉയര്‍ന്നുകേട്ടു. ഇസ്രായേല്‍, പാകിസ്ഥാന്‍, അസര്‍ബൈജാന്‍, അര്‍മേനിയ, തായ്‌ലന്‍ഡ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിനെ നൊബേലിനെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഫെബ്രുവരിയില്‍ തന്നെ സമാധാന നൊബേലിനുളള നാമനിര്‍ദ്ദേശം പൂര്‍ത്തിയായിരുന്നു എന്നതാണ് വാസ്തവം.