സ്റ്റോക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ജാപ്പനീസ് സംഘടനയായ നിഹോന്‍ ഹിഡാന്‍ക്യോയ്ക്ക്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു, ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്ന ശക്തമായ ആഹ്വാനത്തിനും അടക്കമുള്ളവയ്ക്കാണ് അംഗീകാരം ലഭിച്ചത്.

ഹിരോഷിമയിലും നാഗാസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഘടന രൂപംകൊണ്ടത്. ജപ്പാനിലെ ആണവാക്രമണ അതിജീവിതരുടെ ഏക രാജ്യാന്തര സംഘടനകൂടിയാണിത്. സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരും അംഗങ്ങളുമെല്ലാം അതിജീവിതരാണ്. 2016 വരെയുള്ള കണക്കുകള്‍ പ്രകാരം 1.74 ലക്ഷം അതിജീവിതരാണ് ജപ്പാനിലുള്ളത്.

ഇറാന്‍ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം. ഇറാനിലെ സ്തീകളെ അടിച്ചമര്‍ത്തുന്നതിനെതിരായും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തെ വിലമതിച്ചാണ് പുരസ്‌കാരം നല്‍കിയത്.

ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 14നാണു പ്രഖ്യാപനം. സാഹിത്യ, വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര നൊബേലുകള്‍ കഴിഞ്ഞദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങാണ് 2024-ല സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യഗദ്യങ്ങളാണ് ഹാന്‍ കാങ്ങിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

അമേരിക്കന്‍ ഗവേഷകനായ ഡേവിഡ് ബേക്കര്‍, യുകെ ഗവേഷകരായ ഡെമിസ് ഹസാബിസ്, ജോണ്‍ എം ജംപര്‍ എന്നിവരാണ് രസതന്ത്ര നൊബേലിന് തിരഞ്ഞെടുക്കപ്പെട്ടത്. കമ്പ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പ്രോട്ടീന്‍ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനെയും ജോണ്‍ എം ജംപറിനെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ ജെ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഇ ഹിന്റണ്‍ എന്നിവരാണ് ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത്. നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ ആംബ്രോസും ഗാരി റവ്കുനുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിനും ട്രാന്‍സ്‌ക്രിപ്ഷനുശേഷം ജീനുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ അതിന്റ പങ്കും സംബന്ധിച്ച പഠനത്തിനുമാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹമായതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.