കൊല്ലം: ശബ്ദമലീനീകരണത്തിന്റെ കാര്യം വരുമ്പോള്‍ മലയാളികള്‍ പിറകോട്ട് നടക്കുകയാണോ എന്ന് തോന്നുന്ന നിരവധി സംഭവങ്ങളുണ്ട്. എന്നാല്‍, പലപ്പോഴും ഇത്തരം മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നത് മതപരമായ പരിവേഷമുള്ള പരിപാടികളാണ്. അതുകൊണ്ട് തന്നെ പലരും ഈ ശബ്ദമലിനീകരണത്തെ സഹിക്കുകയാണ് ചെയ്യുന്നത്. നാട്ടിലായാലും നഗരത്തില്‍ ആയാലും ഒരു ഉത്സവ ആഘോഷ പരിപാടി ഉണ്ടായാല്‍ വലിയ ശബ്ദത്തില്‍ പാട്ടുവെക്കുന്നതും പതിവാണ്. ഇത് സഹിക്കാന്‍ കഴിയാതെ പരാതി പോയ സംഭവങ്ങളും നിരവധിയാണ്.

അത്തരത്തില്‍ ഒരു പരാതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ചരിക്കയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ശാസ്താംകോട്ട മുതുപിലാക്കോട് സെന്റ് മേരീസ് മലങ്കര സിറിയന്‍ കത്തോലിക്കാ പള്ളിയില്‍ സ്ഥാപിച്ച കൂറ്റന്‍ മണിയില്‍ നിന്നുള്ള ശബ്ദമാണ് ഇവിടെ വില്ലനായി മാറിയത്. മണിയുടെ ശബ്ദം സമീപവാസികള്‍ക്ക മാനസിക, ശാരീരിക അസ്വസ്ഥത ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്ന സഹാചര്യത്തില്‍ ശബ്ദമലിനീകരണ നിയന്ത്രണ പ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പി നടപടി സ്വീകരിച്ച് ഒരു മാനത്തിനകം രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

ശബ്ദം അനുവദനീയമായ പരിധിയില്‍ നിന്നും പത്ത് ഡെസിബെല്‍ കൂടുതലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വിറോണ്‍മെന്റ് എന്‍ജിനീയര്‍ അറിയിച്ച സാഹച്രയത്തിലാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരിയുടെ ഉത്തരവ്. പരാതിക്കാരിയുെട അനുഷ്യാവകാശം ലംഘിക്കപ്പെട്ടതായും ഉത്തരവില്‍ പറയുന്നു. 2000ലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിന്റെ പരിധി ലംഘിക്കരുതെന്നു ലംഘിച്ചാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കണമെന്ന് അനുശാസിക്കുന്നതായും ഉത്തരവില്‍ പറഞ്ഞു.

റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഏരിയയില്‍ ശബ്ദപ്രസരണം പകല്‍സമയത്ത് പരമാവധി 55 ഡെസിബെല്ലും രാത്രി 45 ഡെസിബെല്ലുമാണ്. എന്നാല്‍, 75.3 ഡെസിബെലാണ് ഇവിടെ കണ്ടെത്തിയത്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ശബ്ദ തീവ്രതയില്‍ തലക്കുള്ളില്‍ മുഴക്കം അനുഭവപ്പെടുന്നതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരി ചികിത്സ തേടി. ഈ സാഹചര്യത്തില്‍ പള്ളിമണി മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാകാത്ത സ്ഥലത്തേക്ക മാറ്റിസ്ഥാപിക്കുകയോ നിയമപ്രകാരം നിശ്ചയിച്ച ശബ്ദപരിധി ലംഘിക്കാതെ ശബ്ദം നിയന്ത്രിക്കുകയോ വേണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും നോീസ് നല്കി കമ്മീഷന്‍ ഒരിക്കല്‍ കൂടി കേട്ടശേഷമാണ് ഉത്തരവ് പാസാക്കിയത്. പള്ളി മണി നിയന്ത്രിത ശബ്ദത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശാസ്താംകോട്ട ഡി വൈ എസ് പി നേരത്തെ വ്യക്തമാക്കിയിുന്നു. നിര്‍ദ്ദേശത്തിന് വിരുദ്ധമായി നിയമലംഘനമുണ്ടായാല്‍ നടപടി സ്വീകരിക്കാന്‍ ശാസ്താംകോട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടും ശബ്ദമലിനീകരണം തുടരുന്നതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചിരുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ ഈ ഉത്തരവ് കേരള സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ട്. ദൈവത്തിന്റെ പേരില്‍ മനുഷ്യരുടെ സമാധാനം കളയുന്ന പ്രവര്‍ത്തികള്‍ ധാരാളം കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്നുണ്ട്. ഈ ശബ്ദ മലിനീകരണത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ മുഖം നോക്കാതെ എല്ലാ മതവിഭാഗത്തിലും നടപടി വേണമെന്ന ആവശ്യം ശക്തമാണ്. സാങ്കേതികമായി ഈ മനുഷ്യാവകാശ കമ്മീഷന്റെ ഈ വിധി പള്ളികള്‍ക്കും മോസ്‌കുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമെല്ലാം ബാധമായി മാറുന്നതാണ്.ശബ്ദ മലിനീകരണം, ശാസ്താംകോട്ട, പള്ളിമണി, മനുഷ്യാവകാശ കമ്മീഷന്‍