- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിച്ച് നൂതന വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാടാണു വ്യവസായ നയം; കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ കാത്തിരിക്കുന്നു; പിണറായി സർക്കാരിന്റെ വ്യവസായ നയത്തെ പുകഴ്‌ത്തി നോർവെ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെ പുകഴ്‌ത്തി നോർവെ. സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിച്ച് നൂതന വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാടാണു വ്യവസായ നയം മുന്നോട്ടുവയ്ക്കുന്നതെന്ന് നോർവീജിയൻ എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മാർട്ടിൻ ആംഡൽ ബോതം പറഞ്ഞു. നോർവീജിയൻ കമ്പനികൾക്കു വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണു കേരളമെന്നും അദ്ദേഹം പറഞ്ഞു. നോർവെയും കേരളവും തമ്മിലുള്ള വ്യാപാര ബന്ധം സംബന്ധിച്ചു വ്യവസായ വകുപ്പ് സംഘടിപ്പിച്ച നോർവീജിയൻ കമ്പനികളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സംഘം നോർവെ സന്ദർശിച്ചു നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
നോർവെ കേരളത്തിന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്ന് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നോർവെയും കേരളവുമായുള്ള വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 20 ബില്യൺ ഡോളറായി വർധിച്ചു. സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്‌സ്റ്റൈൽസ്, മാരിടൈം ഫുഡ് പ്രോസസിങ്, ഇലക്ട്രിക് വാഹനം, അക്വാകൾച്ചർ, റിന്യൂവബിൾ എനർജി, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണു നോർവെയും കേരളവുമായി നിലവിലുള്ള പ്രധാന വാണിജ്യ മേഖലകൾ. കൂടുതൽ സാധ്യതകളുള്ള ചില മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. നോർവെയുമായി സുസ്ഥിര വികസനം, കാലാവസ്ഥാ മാറ്റം, ഊർജം, കൃഷി, മത്സ്യബന്ധനം, ദുരന്ത നിവാരണം തുടങ്ങിയ വൈവിധ്യമായ മേഖലകളിൽ മികച്ച സഹകരണത്തിനുള്ള ചർച്ചകൾ നടത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നോർവെയിൽ നടത്തിയ കൂടിക്കാഴ്ചകളിൽ ധാരണയായിരുന്നതായും അദ്ദേഹം പറഞ്ഞു.
കേരളം പ്രഖ്യാപിച്ച പുതിയ വ്യവസായ നയം സംസ്ഥാനത്തിന്റെ ഭാവി വ്യവസായ വളർച്ചയുടെ ഗതി നിർണയിക്കുമെന്നു മന്ത്രി പറഞ്ഞു. 22 പരിഗണനാ മേഖലകൾ വ്യവസായ നയം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതാകും രാജ്യത്തിന്റെ ഭാവി വ്യവയായ വികസനത്തിന്റെ ആണിക്കല്ല്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽനിന്നുള്ള പ്രൊഫസർ അടങ്ങുന്ന ഒരു സംഘത്തെ സംസ്ഥാനത്തിന്റെ എൻവയോൺമെന്റൽ, ഗവേണൻസ് നിക്ഷേപ (ഇ.എസ്.ജി) നയം രൂപീകരിക്കുന്നതിനു നിയോഗിച്ചിട്ടുണ്ട്. കേരളത്തെ രാജ്യത്തിന്റെ ഇ.എസ്.ജി. ഡെസ്റ്റിനേഷനാക്കി മാറ്റും. മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് രൂപപ്പെടുത്താനും വ്യവസായ നയത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതായി മന്ത്രി പറഞ്ഞു.
വ്യവസായ പാർക്കുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന നയത്തെയും ഉച്ചകോടിയിൽ നോർവീജിയൻ പ്രതിനിധികൾ പ്രശംസിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിൽ നോർവേയും കേരളവും തമ്മിലുള്ള വ്യാപാരം ഇരട്ടിയായി. ഏതൊക്കെ മേഖലകളിലാണ് കേരളവുമായി സഹകരിക്കേണ്ടത് എന്നത് വ്യക്തമായിട്ടുണ്ടെന്നും കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും നോർവെ ഇന്നൊവേഷൻ ഡയറക്ടർ ക്രിസ്റ്റീൻ കാർട്ടർ പറഞ്ഞു. കേരളത്തിലെ ചകിരി നോർവേയിലെ ബാറ്ററി നിർമ്മാണ കമ്പനികൾക്ക് അസംസ്‌കൃത വസ്തുവായി ഉപയോഗിക്കാൻ സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജൻ, മത്സ്യ ഉത്പാദനം, ഗ്രീൻ മാരിടൈം, എന്നിവയിലെ കേരള- നോർവിജിയൻ സഹകരണ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ഉച്ചകോടിയിൽ സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടേയും കമ്പനികളുടേയും പ്രതിനിധികൾ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല കേരളത്തിന്റെ വ്യവസായ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ചു. നോർവീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ (എൻ.ബി.എ.ഐ) ചെയർമാൻ ബി. ഷേണായി, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്‌ഐ.ഡി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ സെബാസ്റ്റ്യൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ