കൊച്ചി: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ചതായി കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. 1976 ലെ കണ്ടുകെട്ടൽ നിയമത്തിലെ സെക്ഷൻ 6(1) പ്രകാരമാണ് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് നോട്ടീസ് നൽകിയത്.

ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന് മുമ്പാകെ തിങ്കളാഴ്ചയാണ് കേന്ദ്രം അറിയിപ്പ് നൽകിയതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. നടപടികൾ നിർത്തി വച്ച സാഹചര്യത്തിൽ വിവരം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ അറിയിക്കാൻ കോടതി ഉത്തരവിട്ടു. ഇതുവരെ സ്വത്ത് കണ്ടുകെട്ടാൻ എടുത്ത നടപടികൾ പിൻവലിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വപ്‌നയുടെ സ്വത്ത് കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച എല്ലാ രേഖപ്പെടുത്തലുകളും വില്ലേജ് ഓഫീസർ നീക്കണമെന്നും ഉത്തരവിൽ പറയുന്നു.

തൈക്കാട്ടെ തന്റെ 3.60 ആർ ( 9 സെന്റ്) സ്ഥലം കണ്ടുകെട്ടാൻ നൽകിയ ഷോക്കോസ് നോട്ടീസിനെ സ്വപ്ന ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്തുകാരെ കരുതൽ തടങ്കലിൽ വെക്കാൻ കഴിയുന്ന കൊഫേപോസ നിയമപ്രകാരം 2020 ഒക്ടോബർ ഒമ്പതിന് സ്വപ്നയെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു. കൊഫേപോസ ഉപദേശക ബോർഡ് ഇത് ശരിവെക്കുകയും ചെയ്‌തെങ്കിലും 2021 ഒക്ടോബർ എട്ടിന് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയതാണെന്ന് സ്വപ്നയുടെ ഹർജിയിൽ വാദിച്ചിരുന്നു.

കള്ളക്കടത്തുകാരുടെയും വിദേശനാണ്യ തട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന പ്രത്യേക നിയമമായ 'സഫേമ' പ്രകാരം തന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം തൈക്കാട് വില്ലേജിൽ സ്വപ്നയുടെ പേരിലുള്ള ഒമ്പത്‌ സെന്റ് ഭൂമി കണ്ടുകെട്ടാൻ 2022 നവംബർ 22, 25 തീയതികളിൽ നോട്ടീസ് ലഭിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജി.

ഭൂമി തനിക്ക് അമ്മയിൽ നിന്നാണ് ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള തർക്കത്തെ തുടർന്ന് വിലയാധാരമാണ് നടത്തിയതെന്നും സ്വപ്നയുടെ ഹർജിയിൽ പറഞ്ഞിരുന്നു. 26.14 ലക്ഷം രൂപയാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. ഈ തുക സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതർ സ്വത്തു കണ്ടുകെട്ടാനൊരുങ്ങിയത്.

അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വപ്ന സുരേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എം.വി ഗോവിന്ദനോട് മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽക്കൂടി ജനിക്കണമെന്നാണ് സ്വപ്ന സുരേഷ് പ്രതികരിച്ചത്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. തന്റെ ഭാഗത്തുനിന്ന് മാപ്പ് പറയൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാൽ എന്റെ അഭിഭാഷകൻ മറുപടി നൽകുമെന്ന് അവർ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കെതിരെ തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്താലും സ്വർണക്കടത്ത് കേസിന്റെ അവസാനം കാണാതെ സ്വപ്ന അടങ്ങില്ലെന്നും അവർ പറഞ്ഞിരുന്നു.