- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ പോയില്ല; തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ വെട്ടി മേറ്റും, സിപിഎമ്മിന്റെ പഞ്ചായത്തംഗവും; പരാതിക്കാരിക്ക് 100 തൊഴിൽ ദിനങ്ങൾ കൊടുക്കാൻ തൊഴിലുറപ്പ് ഓംബുഡ്സ്മാന്റെ ഉത്തരവ്; തടയുന്നവർക്കെതിരേ നടപടിക്കും ശുപാർശ
അടൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജാഥയ്ക്കുള്ള സ്വീകരണ യോഗത്തിൽ പങ്കെടുക്കാൻ പോകാതിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ പേര് മസ്റ്റർ റോളിൽ ഉൾപ്പെടുത്താതിരുന്നുവെന്ന പരാതിയിൽ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഇടപെടൽ. തൊഴിലാളിക്ക് 100 തൊഴിൽ ദിനങ്ങൾ നൽകണമെന്നും അനാവശ്യ തടസങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഓംബുഡ്സ്മാൻ ഉത്തരവിട്ടു. കടമ്പനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളി ഡി. സിന്ധു അടക്കമാണ് പരാതിക്കാർ. പഞ്ചായത്ത് സെക്രട്ടറി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിർ കക്ഷികൾ.
കഴിഞ്ഞ എല്ലാ വർഷങ്ങളിലും 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയിട്ടുള്ളവരാണ് പരാതിക്കാർ. ഈ വർഷം ഇതു വരെ 97 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചു. എന്നാൽ, അച്ചടിച്ചു വന്ന മസ്റ്റർ റോളിൽ പരാതിക്കാരിയുടെ പേര് മേറ്റ് ഇട്ടിട്ടില്ലായെന്നും അടൂരിൽ നടന്ന പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തതിലുള്ള വിരോധം കാരണം പേര് ഉൾപ്പെടുത്താതിരുന്നതുമെന്നായിരുന്നു പരാതി. ഇതിനെ തുടർന്ന് മാർച്ച് 25 മുതൽ 28 വരെ മസ്റ്റർ റോൾ അടിച്ചു കിട്ടി. 25 ന് വർക്ക് സൈറ്റിൽ ചെന്നപ്പോൾ അവിടെ ആരും ഇല്ല. അന്വേഷിച്ചപ്പോൾ 10-ാം വാർഡിൽ ആരോ മരിച്ചുവെന്നും അതു കാരണമാണ് പ്രവൃത്തി നടക്കാത്തതെന്നും വിവരം കിട്ടി. അതേ സമയം, തൊഴിലുറപ്പ് പണി അവിടെ നടക്കുന്നുമുണ്ടായിരുന്നു.
ഈ സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ ഇവർക്ക് കിട്ടുന്നത് ഒഴിവാക്കാൻ വേണ്ടി വാർഡ് മെമ്പറും മേറ്റും കൂടി മനഃപൂർവം ആറാം വാർഡിൽ ജോലി നിർത്തി വച്ചിട്ടുള്ളതാണെന്നായിരുന്നു സിന്ധുവിന്റെ പരാതി. ഇത് ശരി വച്ചു കൊണ്ടാണ് ഓംബുഡ്സ്മാൻ അന്ന് തന്നെ ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലാളികൾക്ക് ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ ലഭിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന് ഓംബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു.
പരാതിക്കാർക്ക് ഈ സാമ്പത്തിക വർഷം തന്നെ അവർ സന്നദ്ധരാകുന്ന പക്ഷം 100 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് ഓംബുഡ്സ്മാൻ നിർദേശിച്ചു. 100 തൊഴിൽ ദിനങ്ങൾ ലഭിക്കുന്നതിന് അനാവശ്യ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരേ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉത്തരവിൽ പറയുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിന് പറക്കോട് ബ്ലോക്ക് പ്രോഗ്രാം ഓഫീസറോടും നിർദേശിച്ചു.സിപിഎം നേതാവാണ് ആറാം വാർഡ് മെമ്പർ ലിന്റോ. തങ്ങളുടെ വരുതിക്ക് നിൽക്കാത്തവരെ ദ്രോഹിക്കുന്നത് സിപിഎമ്മിന്റെ പതിവ് പരിപാടിയാണ്. ഒരു മാസം മുൻപാണ് ഫണ്ട് അനുവദിക്കുന്നതിലെ വിവേചനത്തിനെതിരേ ഓംബുഡ്സ്മാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കർശന താക്കീത് നൽകിയിരുന്നു. യു.ഡി.എഫ് അംഗങ്ങളുടെ വാർഡിൽ ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാട്ടരുതെന്നും നിർദേശിച്ചിരുന്നു.
അടൂരിൽ നടന്ന സി പി എം സമ്മേളനത്തിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടമ്പനാട് ആറാം വാർഡിൽ തൊഴിൽ നിഷേധിച്ചതിൽ മണ്ണടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു. നിലവിൽ നൂറ് ദിവസം തികയാൻ മൂന്നും നാലും ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന തൊഴിലാളികളെയാണ് ഇത്തരത്തിൽ മസ്റ്റർ റോളിൽനിന്നും പുറത്താക്കിയത് പഞ്ചായത്ത് ബ്ലോക്ക് തല ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടും ആറാം വാർഡുമെമ്പർ ലിന്റോയും മേറ്റും തൊഴിലാളികൾക്ക് ജോലി നിഷേധിക്കുകയായിരുന്നു
മാർച്ച് 31 നകം നൂറ് തൊഴിൽ ലഭിക്കാതിരിക്കാൻ പത്താം വാർഡിൽ നടന്ന ഒരു മരണത്തിന്റെ പേരിൽ ആറാം വാർഡിൽ തുടരെ അവധി കൊടുക്കുകയായിരുന്നു ഇതിനെതിരെ ആതിരാഭവനം സിന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എം ജി എൻ ആർ ജി എസ് പത്തനംതിട്ട ജില്ലാ ഓംബുഡ്സ്മാൻ തൊഴിൽ നൽകാൻ ഉത്തരവു നൽകിയിട്ടും തൊഴിലാളികൾക്ക് ജോലി നൽകിയിട്ടില്ല
ജനാധിപത്യ സംവിധാനത്തിൽ ഒരു ജന പ്രതിനിധി എങ്ങനെ പെരുമാണമെന്നതിൽ യാതൊരു ധാരണയുമില്ലാതെ തന്നിഷ്ടം കാണിക്കുന്ന പഞ്ചായത്ത് മെമ്പർ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂഷണമല്ല. നിലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അക്രമം കാണിച്ചതിനും പഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യമായി സ്ത്രീകെള അപമാനിച്ചതിലും തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതു സംബന്ധിച്ചും മുൻപും ഈ പഞ്ചായത്തംഗത്തിനെതിരെ പരാതികൾ ഉയരുകയും പൊലീസ് കേസെടുത്തരുന്നു. ഹൈക്കോടതിയിൽ കേസുകൾ നടന്നുവരികയുമാണ്.
ഈ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് മണ്ണടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹനൻ അധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണടി പരമേശ്വരൻ, ബിജിലി ജോസഫ്, എം.ആർ. ജയപ്രസാദ്, എസ്. ബിനു, സി. കൃഷ്ണകുമാർ, മാനാപ്പള്ളി മോഹനൻ, കെ. ശിവദാസൻ, സുരേഷ് കുഴുവേലി, സുധാ നായർ, ഉഷാകുമാരി, രഞ്ജിനി സുനിൽ, സാനു തുവയൂർ, പാണ്ടിമലപ്പുറം മോഹൻ, ബാബുക്കുട്ടൻ, എം.ആർ.മധു, ജി. മനോജ്, സുരേന്ദ്രൻ നായർ ബഷീർ റാവുത്തർ ഹരീഷ് സുധ ലത തുടങ്ങിയവർ പ്രസംഗിച്ചു
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്