പത്തനംതിട്ട: താലൂക്ക് എൻഎസ്എസ് യൂണിയനിൽ നിലവിലുള്ള ഭരണ സമിതി പിരിച്ചു വിട്ട് അഡ്ഹോക്ക് കമ്മിറ്റക്ക് ചുമതല കൈമാറിയതിന് പിന്നാലെ സെക്രട്ടറിയെ സ്ഥലം മാറ്റി. പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ട അടക്കം ആറു പേരെയാണ് പുറത്താക്കിയത്. നിലവിലുള്ള ഭരണ സമിതിയിലെ 11 പേരെ നിലനിർത്തിയാണ് വൈസ് പ്രസിഡന്റ് ചെയർമാനായി അഡ്ഹോക് കമ്മറ്റി നിലവിൽ വന്നത്.

ഒന്നര വർഷത്തെ ഇടവേളയിലാണ് രണ്ടാം തവണയും ഭരണ സമിതി പിരിച്ചു വിട്ട് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്. കമ്മറ്റി പിരിച്ചു വിടാൻ പല കാരണങ്ങളാണ് പറഞ്ഞു കേട്ടത്. അഴിമതിയാരോപണം ഒരു വിഭാഗം ഉന്നയിച്ചപ്പോൾ നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട ജനറൽ സെക്രട്ടറിക്ക് അനഭിമതനായ കലഞ്ഞൂർ മധുവുമായി ദീർഘനേരം സംഭാഷണം നടത്തിയതാണ് ഭരണ സമിതി പിരിച്ചു വിടാൻ കാരണമായതെന്നാണ്.

എന്നാൽ, കണക്ക് സംബന്ധിച്ച് ഭരണ സമിതി അംഗങ്ങൾ ചോദിച്ച ചില ചോദ്യങ്ങൾക്ക് സെക്രട്ടറിക്ക് ഉത്തരം ഇല്ലാതെ വന്നതാണ് ഭരണ സമിതിയിലെ ചെറുപ്പക്കാരായിട്ടുള്ളവരെ അടക്കം പുറത്താക്കാൻ കാരണമായത് എന്നാണ്സൂചന. സെക്രട്ടറിയുടെ നടപടിക്കെതിരേ ജനറൽ സെക്രട്ടറിക്ക് പരാതിയുംപോയി. അതിന് പിന്നാലെയാണ് പെരുന്നയിൽ നിന്നും പത്തനംതിട്ട താലൂക്ക് യൂണിയൻ സെക്രട്ടറിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്.

യൂണിയൻ സെക്രട്ടറി വി.ആർ. സുനിലിനെ നെയ്യാറ്റിൻകരയിലേക്ക് സ്ഥലം മാറ്റി. എ. ജീവൻ കുമാറിനെ പത്തനംതിട്ട താലൂക്ക് യൂണിയൻ സെക്രട്ടറിയാക്കി നിയമിച്ചു. ചെറുപ്പക്കാരും പുതുമുഖങ്ങളും അടങ്ങിയ ഭരണ സമിതിയിൽ നിന്ന് അവരെ മാത്രം തെരഞ്ഞു പിടിച്ച് പുറത്താക്കുകയും അഡ്ഹോക്ക് കമ്മറ്റി യുവജന പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്തതിൽ താലൂക്ക് യൂണിയന് കീഴിലെ കരയോഗങ്ങളിൽ എതിർപ്പ് ശക്തമാണ്.

താലൂക്ക് യൂണിയനിലുള്ള ഒട്ടേറെ കരയോഗങ്ങൾ യൂണിയൻ സെക്രട്ടറിക്കും നിലവിലെ അഡ്ഹോക് കമ്മിറ്റി അംഗങ്ങൾക്കും എതിരെ പ്രമേയം പാസാക്കി. പുതിയ കമ്മിറ്റിയിൽ ഒഴിവാക്കിയ അഖിലേഷ് കാര്യാട്ട്, പ്രദീപ് കുമാർ വള്ളിക്കോട്, ശ്രീജിത്ത് പ്രഭാകർ കുടമുക്ക്, അജിത് മാത്തൂർ, എ.ആർ രാജേഷ് കുമ്പഴ എന്നിവർ എൻഎസ്എസ് നേതൃത്വത്തിന് നൽകിയ പരാതി ഗൗരവമായി എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് യൂണിയൻ സെക്രട്ടറിയുടെ സ്ഥലം മാറ്റം.

തിരക്ക് പിടിച്ച് ഭരണസമിതിയെ പിരിച്ചു വിട്ടതിലൂടെ വിവാദനായകരായി മാറിയ പെരുന്ന നേതൃത്വത്തിനും മുഖം രക്ഷിക്കാൻ സെക്രട്ടറിയെ മാറ്റിയതിലൂടെ കഴിഞ്ഞു. ജി. സുകുമാരൻ നായരെ പലരും തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് യൂണിയൻ ഭരണ സമിതി പിരിച്ചു വിട്ടതെന്നാണ് പറയുന്നത്.