- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക സംവരണ വാദം കൂടുതൽ ശക്തമാക്കാൻ എൻഎസ്എസ്; സാമ്പത്തിക സംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരുമെന്ന് ജി സുകുമാരൻ നായർ; സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത് പ്രമേയം പാസാക്കി; സുകുമാരൻ നായർക്ക് ആത്മർത്ഥ ഉണ്ടെങ്കിൽ എൻഎസ്എസ് കോളേജ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കി മാതൃക തീർക്കണമെന്ന് ജാതി സംവരണ വാദികളും
കോട്ടയം: സാമ്പത്തിക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ജാതിസംവരണത്തെ എതിർത്തുകൊണ്ട് കൂടുതൽ നടപടികളുമായി മുന്നോട്ടു പോകാൻ എൻഎസ്എസിന്റെ തീരുമാനം. സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തുവന്നു. സാമ്പത്തിക സംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരും. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങൾ ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത -സമുദായിക സംഘടനകൾക്കുണ്ട്. ജാതിയുടെയും മതത്തിന്റേയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനിയമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണം, സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിം കോടതി വിധിയെ എൻ എസ് എസ് സ്വാഗതം ചെയ്തു. രണ്ട് പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം പാസ്സാക്കി. നേരത്തെ ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് സുകുമാരൻ നായർ രംഗത്തുവന്നിരുന്നു. ഏത് ജാതിയിൽപ്പെട്ടവരായാലും അതിലെ പാവപ്പെട്ടവർക്കാണ് സംവരണം നൽക്കേണ്ടത്. ജാതി സംവരണം പാടില്ലെന്നും സാമ്പത്തിക സംവരണം വേണമെന്നും ആദ്യം ആവശ്യപ്പെട്ടത് മന്നത് പത്മനാഭനാണ്. എൻഎസ്എസ് ഇടപെടലിനെ തുടർന്നാണ് 10% സാമ്പത്തിക സംവരണം ലഭിച്ചതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
പത്ത് ശതമാനം സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് നൽകാൻ ഒരു ഭരണഘടന ഭേദഗതി കൊണ്ടുവന്നിരുന്നു. ജാതി സംവരണം പാടില്ല. സാമ്പത്തിക സംവരണമാണ് വേണ്ടത് എന്നാണ് ആ നിയമം ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ പത്ത് ശതമാനം സംവരണം എന്നുള്ളത് മാറി തൊണ്ണൂറ് ശതമാനം സാമ്പത്തിക സംവരണം വരുന്ന കാലം വരുമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
സാമ്പത്തിക സംവരണത്തിനെതിരെ പിന്നാക്ക വിഭാഗത്തിലെ ആളുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണത്തിൽ നിന്നും ഒരടിപ്പോലും എൻഎസ്എസ് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം സുകുമാരൻ നായരുടെ വാദത്തെ അതേ നാണയത്തിൽ തള്ളുന്നതാണ് ജാതിസംവരണ വാദികളുടെ തീരുമാനവും.
എൻഎസ്എസിന്റെ കോളേജുകളിൽ ഇന്നും ജാതിസംവരണമാണ് തുടരുന്നതെന്നും ഇതിൽ മാറ്റം വരുത്താൻ അദ്ദേഹം ആ്ദ്യം തയ്യാറാകുമോ എന്നുമാണ് സുകുമാരൻ നായരുടെ വാദത്തെ എതിർക്കുന്നവർ പറയുന്ന കാര്യം. സ്വന്തം കോളേജുകളിൽ ഇന്നും ജാതിസംവരണം തുടരുന്നു, സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർക്കു മാത്രം ജോലി കൊടുക്കുന്ന എൻഎസ്എസ്സിന്റെ നേതാവാണ് ഇപ്പോൾ സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നതെന്നുമാണ് ജാതിവാദികൾ ഉയർത്തുന്ന മറുവാദം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ 'അഞ്ചാംമന്ത്രി' മുതൽ 'താക്കോൽസ്ഥാനം' വരെയുള്ള വിവാദങ്ങൾ സാമുദായിക അടിസ്ഥാനത്തിലുള്ളവയായിരുന്നു. പട്ടികജാതിവിഭാഗങ്ങളുടെ തൊട്ടുതാഴെയുള്ള അളവിൽ നിലവിൽ മുന്നാക്കജാതിക്കാർക്കും സംസ്ഥാനത്ത് സംവരണമുണ്ട്. പട്ടികജാതിക്കാർക്ക് സംവരണം കൊടുക്കുന്നേ എന്ന കരച്ചിലിന് ഇനി സാധ്യതയില്ല. ഇനി പട്ടികജാതിക്കാർക്കെതിരെയും പിന്നാക്കക്കാർക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കാൻ പുതിയ വഴി തേടേണ്ടിയിരിക്കുന്ന എന്നുമാണ് എതിർക്കുന്നവരുടെ വാദം.
എൻഎസ്എസ്സിന് സാമ്പത്തിക സംവരണത്തിൽ ആത്മാർത്ഥമായ താൽപര്യമുണ്ടെങ്കിൽ അത് സ്വന്തം കോളേജുകളിൽ നടപ്പാക്കാനുള്ള എല്ലാ വഴിയും നിലവിലുണ്ട്. പണമുള്ളവർക്ക് മാത്രം കോളേജുകളിൽ അദ്ധ്യാപകരായി നിയമനം നൽകുന്ന നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താവുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകാൻ സുകുമാരൻ നായർക്ക് കഴിയും. ഇനിമുതൽ എൻഎസ്എസ് സ്ഥാപനങ്ങളിൽ സാമ്പത്തികസംവരണം മാത്രമേ ഉണ്ടാകൂ എന്നും, ജാതിസംവരണമുണ്ടാകില്ല എന്നും അദ്ദേഹത്തിന് പ്രഖ്യാപിക്കാവുന്നതാണെന്നും സുകുമാരൻ നായരെ എതിർക്കുന്നവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ