- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളി; മുറവിളിക്ക് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം; സാമൂഹികപരമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണം: എതിർത്ത് എൻഎസ്എസ്
ചങ്ങനാശ്ശേരി: ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താനുള്ള തീരുമാനവുമായി കോൺഗ്രസും ഇന്ത്യാ മുന്നണിയിലെ രാഷ്ട്രീയക്കാരും പോകവേ ജാതി സംവരണത്തിനെതിരെ വിമർശനവുമായി നായർ സർവീസ് സൊസൈറ്റി രംഗത്തെത്തി. രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി.
ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണ്. ജാതി സംവരണത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ജാതി-മത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നാണ് കോൺഗ്രസ് കേരളത്തിന്റെ നിലപാടെന്ന് വിഷയം ചർച്ച ചെയ്ത കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ജാതി സെൻസസ് ദേശീയ തലത്തിൽ നടത്തിയാൽ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താൻ സഹായകമാവുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
പതിവു സെൻസസ് രീതി കൊണ്ട് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ മാത്രമാണ് വേർതിരിച്ചറിയാൻ പറ്റുക. ഈ സാഹചര്യത്തിൽ അർഹമായ പ്രാതിനിധ്യം വിവിധ ജനവിഭാഗങ്ങൾക്ക് ഉറപ്പുവരുത്തുന്നതിന് ജാതി സെൻസസ് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരളം ജാതി സെൻസസ് നടത്തണമെന്ന് സാമ്പത്തിക പണ്ഡിതൻ ഡോ.എം. കുഞ്ഞാമൻ അടക്കമുള്ളവരും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ജാതിയും സാമ്പത്തിക ശക്തികളും തമ്മിലുള്ള ബന്ധം ശക്തമായി നിലനിൽക്കുന്നുണ്ട്. ജാതി ഇന്നും തൊഴിലിനേയും വിദ്യാഭ്യാസത്തെയും അധികാരത്തെയും നിർണ്ണയിക്കുന്ന ഘടകമായി തുടരുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും സവർണർക്കാണ് ആധിപത്യം. ഓരോ സംസ്ഥാനത്തെയും അധികാരഘടന നോക്കൂ, അവരാണ് ഭരണം നിയന്ത്രിക്കുന്നത്. അധികാരം, രാഷ്ട്രീയം, വ്യവസായം, കച്ചവടം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാമേഖലകളിലും ജനസംഖ്യയിൽ 15 ശതമാനം മാത്രമുള്ള സവർണർക്കാണ് ആധിപത്യമുള്ളത്. ഈയൊരു സന്ദർഭത്തിലാണ് ജാതി സെൻസസ് അനിവാര്യമായി തീരുന്നത്.
ജാതി സെൻസസ് ഒരു മതേതരത്വ പ്രശ്നമല്ല, യാഥാർഥ്യത്തിന്റെ പ്രശ്നമാണ്. മതേതരത്വം നമ്മൾ പുലർത്തിയെടുക്കുന്നതാണ്. യാഥാർഥ്യം ഇവിടെ നിലനിൽക്കുന്നതാണ്. അധീശത്വത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രശ്നമാണ് ജാതി. ദലിത്-ആദിവാസികൾക്ക് സാമ്പത്തിക കാര്യങ്ങളിൽ അധികാരമില്ല; അവർക്ക് വരുമാനത്തിൽ ആനുപാതികമായ വിഹിതവുമില്ല. അങ്ങനെയൊരു ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഞങ്ങൾ ജാതി സെൻസസ് ആവശ്യപ്പെടുമ്പോൾ അത് പ്രായോഗികമോ അഭികാമ്യമോ അല്ലെന്ന് പറയാൻ ഭരണകൂടം ആരാണെന്നും ഡോ.എം. കുഞ്ഞാമൻ ഫേസ് ബുക്കിൽ ചോദിച്ചിരുന്നു.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതിസെൻസസ് നടത്തണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് സത്യമറിയാനുള്ള എക്സറോയാണ് ജാതിസെൻസസ് എന്ന് മധ്യപ്രദേശിലെ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
''എന്ത് വന്നാലും ജാതിസെൻസസ് നടത്താൻ ഞങ്ങൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച്, ദലിതരെക്കുറിച്ച്, ഗോത്ര വിഭാഗങ്ങളെക്കുറിച്ച് സത്യമറിയാനുള്ള എക്സറേയാണ് അത്''-മധ്യപ്രദേശിലെ ശാദോളിൽ നടന്ന റാലിയിൽ രാഹുൽ പറഞ്ഞു. ആദിവാസികൾക്ക് ഇന്ന് എന്ത് അവകാശമാണ് നൽകേണ്ടത്? ഒ.ബി.സി, എസ്.ടി വിഭാഗങ്ങൾക്ക് എന്താണ് നൽകേണ്ടത്? ഈ ചോദ്യമാണ് ഇന്ന് രാജ്യത്തിന് മുന്നിലുള്ളത്. അതുകൊണ്ടാണ് ജാതിസെൻസസിനെ കുറിച്ച് സംസാരിക്കുന്നത്. അത് നടപ്പാക്കുകതന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
ബിജെപിയുടെയും ആർ.എസ്.എസിന്റെയും യഥാർഥ ലബോറട്ടറി ഗുജറാത്തല്ല, മധ്യപ്രദേശ് ആണെന്നാണ് അദ്വാനി ഒരു പുസ്തകത്തിൽ പറഞ്ഞത്. ബിജെപിയുടെ ലബോറട്ടറിയിൽ ആളുകളുടെ പണം അപഹരിക്കപ്പെടുന്നു. ഓരോ ദിവസവും മൂന്നു കർഷകർ വീതം മധ്യപ്രദേശിൽ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും രാഹുൽ കുറ്റപ്പെടുത്തി.
ജാതി സെൻസസ് വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ഇത്തവണ തെരഞ്ഞെടുപ്പുകളുടെ അജണ്ട നിശ്ചയിക്കുമോ എന്നാണ് അറിയേണ്ടത്. ജനസംഖ്യയിൽ ഭൂരിപക്ഷമെങ്കിലും സർക്കാറിലെ ഉയർന്ന ജോലികളിൽ ഉൾപ്പെടെ ന്യൂനപക്ഷമാണ് ഒബിസി വിഭാഗം. ഈ വിഭാഗത്തിന്റെ ദുരവസ്ഥകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ബിഹാറിലെ ജാതി സർവേ.
ഒബിസി വിഭാഗം 63 ശതമാനംപേരുണ്ടെന്ന കണക്കാണ് ഗാന്ധി ജയന്തി ദിനത്തിൽ ബിഹാർ ചീഫ് സെക്രട്ടറി പുറത്ത് വിട്ടത്. ജാതി സെൻസസ് എന്ന ആവശ്യം രണ്ടു മാസം മുൻപ് വരെ ശക്തമായി ഉന്നയിക്കാതിരുന്ന കോൺഗ്രസ് പുതിയ ആയുധമാണ് സർവേയിലൂടെ കണ്ടെത്തിയത്. പതിറ്റാണ്ടുകളായി യാദവ പാർട്ടികളുടെ മാത്രം ആവശ്യമായിരുന്നെങ്കിൽ കോൺഗ്രസ് ഇപ്പോൾ സ്വന്തം മുദ്രാവാക്യമായി ഏറ്റെടുത്തുകഴിഞ്ഞു.
മണ്ഡൽ കമ്മീഷൻ പ്രക്ഷോഭ കാലത്ത് പോലും പരസ്യമായി ഒ.ബി.സി അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന കോൺഗ്രസ് ഇപ്പോൾ പ്രവർത്തക സമിതിയിൽ പോലും ജാതി സെൻസസിന് വേണ്ടി പ്രമേയം പാസ്സാക്കി.ടി.എം.സി ഒഴികെയുള്ള ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ ജാതി സെൻസസിനായി ശബ്ദമുയർത്തിക്കഴിഞ്ഞു.