തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ തൊഴാനെത്തുമ്പോള്‍ ഷര്‍ട്ടഴിക്കണോ വേണ്ടയോ? ഗുരുവായൂരില്‍ ഷര്‍ട്ടഴിക്കാതെ പുരുഷന്മാര്‍ക്ക് കയറാന്‍ കഴിയുമോ? ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഗുരുവായൂരില്‍ കെജെ യേശുദാസിനെ പ്രവേശിപ്പിക്കുന്ന വിഷയവും വീണ്ടും ചര്‍ച്ചയാക്കും. യേശുദാസിന്റെ ആഗ്രഹവും ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉയര്‍ത്തിയിരുന്നു. ഇതോടെ വലിയ രാഷ്ട്രീയ ചര്‍ച്ചകളും ഉയരും. സര്‍ക്കാരിന്റെ ഈ നീക്കത്തെ എങ്ങനെ രാഷ്ട്രീയ കക്ഷികള്‍ എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ഷര്‍ട്ട് ഊരല്‍ ആചാരമാണെന്ന് എന്‍ എസ് എസ് പറയുന്നു.

ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്നവര്‍ ഷര്‍ട്ടഴിക്കണമെന്നത് അന്ധാചാരമാണെന്ന് ശിവഗിരി തീര്‍ഥാടനസമ്മേളനത്തില്‍ ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ഇതിനോട് മുഖ്യമന്ത്രി പിണറായി വിജയനും യോജിച്ചതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്. ഇതിനെ എന്‍ എസ് എസ് ചോദ്യം ചെയ്തു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതു ചര്‍ച്ച തുടങ്ങുന്നത് വീണ്ടും പുരോഗമന ആശയങ്ങളുടെ വക്താക്കളാണ് ഇടതുപക്ഷമെന്ന ചര്‍ച്ച ഉയര്‍ത്താനാണ്. ശ്രീനാരായണീയരുടെ പിന്തുണയും ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ട്. ഷര്‍ട്ട് ധരിക്കണോയെന്നതില്‍ ക്ഷേത്രംതന്ത്രിമാരുടെ നിലപാടും നിര്‍ണായകമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മാറ്റത്തിന്റെ സാധ്യതകള്‍ തേടും.

സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശം ശ്രീനാരായണക്ഷേത്രങ്ങളില്‍ നടപ്പാകുമെന്നുറപ്പാണെങ്കിലും ദേവസ്വം ബോര്‍ഡിനുകീഴിലെ ക്ഷേത്രങ്ങളില്‍ വ്യത്യസ്തരീതിയിലാണ് ആചാരങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ ശബരിമലയില്‍ ഇത്തരം ആചാരമില്ല. എന്നാല്‍ പല ക്ഷേത്രങ്ങളിലും നാലമ്പല ദര്‍ശനത്തിന് ഷര്‍ട്ടൂരുന്ന വ്യവസ്ഥയുണ്ട്. ഓരോ ക്ഷേത്രത്തിലേയും തന്ത്രമാരും നിലപാട് മനസ്സിലാക്കി തീരുമാനം എടുക്കേണ്ട സാഹചര്യമുണ്ടാകും. ശബരിമലയിലെ ഇരുമുടിക്കെട്ടില്‍ അനാവശ്യസാധനങ്ങള്‍ പാടില്ലെന്ന് നിര്‍ദേശിച്ച ശബരിമല തന്ത്രിയുടെയും ആചാരകാര്യങ്ങളില്‍ അഭിപ്രായം പറയുന്ന മറ്റുതന്ത്രിമാരുടെയും നിര്‍ദേശങ്ങള്‍ ബോര്‍ഡുകള്‍ പരിഗണിക്കും.

പുരോഗമനകരമായ കാര്യങ്ങള്‍ നിര്‍ദേശിക്കുന്നതിലോ നടപ്പാക്കുന്നതിലോ തെറ്റില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലെന്ന പോലെ പ്രവര്‍ത്തിക്കുന്ന വിവിധ ദേവസ്വം ബോര്‍ഡുകളുടെ നിലപാട്. ഏകപക്ഷീയമായി നടപ്പാക്കാനാകില്ല. എല്ലാ ദേവസ്വംബോര്‍ഡുകളുടെയും ചര്‍ച്ച വേണമെന്നാണ് ഇവരുടെ വാദം. ഈ വിഷയം കോടതി കയറാനുള്ള സാധ്യതയും ഏറെയാണ്. ആചാരങ്ങള്‍ക്ക് സുപ്രീംകോടതി ഏറെ പ്രധാന്യം നല്‍കുന്ന വിധിയാണ് പൊതുവേ ഇപ്പോഴുണ്ടാകുന്നത്. ഈ സാഹചര്യവും സര്‍ക്കാര്‍ കണക്കിലെടുക്കും. ക്ഷേത്രാചാരങ്ങളിലെ മാറ്റങ്ങളില്‍ തന്ത്രിമാരുമായും സര്‍ക്കാരുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

ബോര്‍ഡിനുമുന്നില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കുവന്നിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ പറഞ്ഞു. വിഷയത്തില്‍ വിശദചര്‍ച്ചവേണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി അഭിപ്രായപ്പെട്ടു. ക്ഷേത്രംതന്ത്രിമാരുടെ അഭിപ്രായം തേടുമെന്നും ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്നും കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് സി.കെ. ഗോപി പറഞ്ഞു. സൗകര്യപ്രദമായ രീതിയില്‍ ആചാരങ്ങളില്‍ കാലോചിതമായി മാറ്റം ഉള്‍ക്കൊള്ളണമെന്ന് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ പറഞ്ഞു. അതായത് ചര്‍ച്ചകള്‍ ദേവസ്വം ബോര്‍ഡ് തയ്യാറാണെന്ന് സാരം.

പാരമ്പര്യ വഴിയില്‍ തുടരുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അടക്കം ഷര്‍ട്ടൂരി മാത്രമേ പ്രവേശനമുള്ളൂ. ഇവിടെ പാന്റും ധരിക്കാന്‍ പാടില്ല. വടക്കന്‍ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പാന്റ് അനുവദനീയമല്ല. ഇത്തരം രീതികളും മാറ്റത്തിന്റെ ഭാഗമാകണമെന്ന ആവശ്യം ഉന്നയിക്കുന്നവരുണ്ട്. എന്നാല്‍ സ്വകാര്യ വ്യക്തികളുടേയും സംഘടനകളുടേയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനാണ് സാധ്യത.

പഴയ മാമൂലുകള്‍ മുറുകെപ്പിടിച്ച് മുന്നോട്ടുപോയാല്‍ മതിയെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ അഭിപ്രായം രാജ്യത്തെ 100 വര്‍ഷം പിന്നിലേക്കു കൊണ്ടുപോകുമെന്ന് ശിവഗിരി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരളമൊഴിച്ചുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും മേല്‍വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനമാകാം. കേരളത്തില്‍ ശബരിമലയിലും ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ ഗുരുദേവ സ്ഥാപനങ്ങളിലും മേല്‍വസ്ത്രം ധരിച്ച് പ്രവേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ, ഇസ്ലാം മതങ്ങളെക്കുറിച്ച് ഇങ്ങനെ സംസാരിക്കുമോയെന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ക്കാവശ്യമായ പരിഷ്‌കാരവും പുതിയതായി ആവശ്യമായതും മതനേതാക്കള്‍ നിര്‍വഹിക്കുന്നുണ്ട്. പഴയ മാമൂലുകള്‍ക്കപ്പുറത്ത് പരിഷ്‌കൃതിയും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായ നടപടികളാണ് നേതാക്കന്മാരില്‍നിന്നുമുണ്ടാകേണ്ടത്. മഹാനായ മന്നത്ത് പദ്മനാഭന്‍ പരിഷ്‌കാരങ്ങളെ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍, ചില നായര്‍സമുദായ നേതാക്കന്മാര്‍ ഹിന്ദുമതത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായിനില്‍ക്കുന്നുവെന്ന് മന്നത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. സുകുമാരന്‍നായരും ഈ പാതയാണോ പിന്തുടരുന്നതെന്ന് സന്ദേഹമുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

പണ്ടുണ്ടായിരുന്ന മാമൂലുകള്‍ തിരുത്തിക്കുറിച്ചയാളാണ് ഗുരുദേവന്‍. അങ്ങനെയാണ് അരുവിപ്പുറം പ്രതിഷ്ഠയുണ്ടായതും കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ഒട്ടേറെ ക്ഷേത്രങ്ങളും മഠങ്ങളും ആശ്രമങ്ങളും ശാന്തിക്കാരുടെ പരമ്പരയും സന്ന്യാസിസംഘവും ഗുരുദേവന്‍ സ്ഥാപിച്ചത്. ഗുരുവിന്റെ നേതൃത്വത്തില്‍നടന്ന ഈ പ്രവര്‍ത്തനങ്ങളാണ് ഭ്രാന്താലയമായിരുന്ന രാജ്യത്തെ തീര്‍ഥാലയമാക്കിമാറ്റിയത് -സ്വാമി സച്ചിദാനന്ദ പറഞ്ഞു.