- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ ദിവസം ക്യാമ്പില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോഴും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും നിസ്സാരകാരണങ്ങള്‍ക്ക് കടുത്ത ശിക്ഷാമുറകള്‍ക്ക് വിധേയരാക്കിയെന്നും കേഡറ്റുകള്‍; മീന്‍കറിയോടെയുള്ള ഉച്ചയൂണ് കഴിച്ചവര്‍ തളര്‍ന്നു വീണു; എന്‍ സി സി ക്യാമ്പ് അവസാനിപ്പിച്ച് പ്രതിഷേധം; കൊച്ചിയിലെ ഭക്ഷണ സാമ്പിള്‍ പരിശോധന നിര്‍ണ്ണായകം
കൊച്ചി: എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിലാണ് സംഭവം. അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചു. വിഷയത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗം ക്യാമ്പിലെത്തി ഭക്ഷണസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
ഭക്ഷണത്തിന്റെയും പാചകം ചെയ്യാന്‍ ഉപയോഗിച്ച കിണറ്റിലെ വെള്ളത്തിന്റെയും പരിശോധനാഫലം വന്നശേഷമേ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകൂ. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് ആരോപണമുണ്ട്. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നു വീണു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് കുട്ടികളുള്ളത്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്.
കാര്യമറിഞ്ഞ് രക്ഷിതാക്കളും അധ്യാപകരും ക്യാമ്പ് നടന്ന കോളേജിലേക്ക് എത്തി. ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് രക്ഷിതാക്കളെ പ്രവേശിപ്പിക്കാതിരുന്നത് വാക്കുതര്‍ക്കത്തിനിടയാക്കി. രക്ഷിതാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിന്നീട് ക്യാമ്പ് തന്നെ പിരിച്ചുവിട്ടു. തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിലാണ് സംഭവം. മീന്‍കറിയോടെയുള്ള ഉച്ചയൂണ് കഴിച്ചശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജ്, കാക്കനാട് സണ്‍റൈസ്, ബി ആന്‍ഡ് ബി, തൃക്കാക്കര സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഗേറ്റ് തള്ളിത്തുറന്നാണ് രക്ഷിതാക്കള്‍ ക്യാമ്പിനകത്തേക്ക് കയറിയത്. സമാന സംഭവം, പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന കൊച്ചിന്‍ പബ്ലിക് സ്‌കൂളിലും ഉണ്ടായി. എന്‍സിസിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഫോണ്‍ എടുത്തില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ ദിവസം ക്യാമ്പില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോഴും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും നിസ്സാരകാരണങ്ങള്‍ക്ക് കടുത്ത ശിക്ഷാമുറകള്‍ക്ക് വിധേയരാക്കിയെന്നും കേഡറ്റുകള്‍ പറഞ്ഞു. ആണ്‍കുട്ടികള്‍ കെഎംഎം കോളേജിലും പെണ്‍കുട്ടികള്‍ കൊച്ചിന്‍ പബ്ലിക് സ്‌കൂളിലുമാണ് ഉണ്ടായിരുന്നത്. ഒരേസ്ഥലത്തുനിന്നാണ് ഇവര്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നത്.
അസി. പൊലീസ് കമീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ പൊലീസ് കെഎംഎം കോളേജിലെത്തി അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 9, 10 ക്ലാസ് വിദ്യാര്‍ഥികളും കോളേജുകളിലെ രണ്ടും മൂന്നും വര്‍ഷ ബിരുദവിദ്യാര്‍ഥികളുമായി 600 കേഡറ്റുകള്‍ പങ്കെടുക്കുന്ന ക്യാമ്പ് ഇരുപതിനാണ് ആരംഭിച്ചത്. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പില്‍ പ്രതിഷേധവുമായെത്തി. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.