തിരുവനന്തപുരം: എൻ എസ് എസിന് പുതിയ സൈനിക സ്‌കൂൾ അനുവദിച്ചത് രാഷ്ട്രീയ വിവാദമായേക്കും. തിരഞ്ഞെടുപ്പ് കാലത്താണോ ഇതിന്റെ നടപടി ക്രമങ്ങളുണ്ടായതെന്ന് ഇടതുപക്ഷം പരിശോധിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരിധിയിൽ ഇതുവരുമോ എന്ന ചർച്ചയും സജീവമാണ്. എന്നാൽ സൈനിക സ്‌കൂളിനായുള്ള ഇടപെടൽ എൻ എസ് എസ് വളരെ മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന.

തിരഞ്ഞെടുപ്പ് കാലത്ത് എൻ എസ് എസിനെ സ്വാധീനിക്കാനുള്ള അണിയറക്കളികൾ ഇതിന് പിന്നിലുണ്ടോ എന്നാണ് ഇടുതപക്ഷത്തിന്റെ സംശയം. തിരുവനന്തപുരത്തും ആറ്റിങ്ങളിലും തൃശൂരും പാലക്കാടും പത്തനംതിട്ടയിലും നിർണ്ണായക സ്വാധീനമുള്ള നായർ വോട്ടുകളെ ആകർഷിക്കാനുള്ള രാഷ്ട്രീയ ബുദ്ധി ഇതിന് പിന്നിലുണ്ടോ എന്നാണ് ഇടതുപക്ഷം സംശയത്തോടെ നോക്കുന്നത്. എൻ എസ് എസ് ആയതു കൊണ്ട് തന്നെ യുഡിഎഫ് ഇതിനെ രാഷ്ട്രീയ വിമർശനമാക്കി മാറ്റുകയുമില്ല.

തിരുവനന്തപുരം കരമന നിറമൻകരയിലുള്ള എൻ. എസ്. എസ് വനിതാ കോളജിന് അടുത്ത്, എൻ. എസ്. എസിന്റെ തന്നെ അധീനതയിൽ പ്രവർത്തിക്കുന്ന മന്നം മെമോറിയൽ റസിഡൻഷ്യൽ സ്‌കൂൾ ആണ് സൈനിക സ്‌കൂളായി മാറുന്നത്. പട്ടാളച്ചിട്ടയോടെ, രാജ്യത്തിന് അഭിമാനകരമാകുന്ന തരത്തിൽ പുതിയ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ എൻ എസ് എസിന് കഴിയും. കരമനയിലെ സ്‌കൂളിൽ വിശാല സ്ഥല സൗകര്യമുണ്ട്. ഇതുപയോഗിച്ചാകും സൈനിക സ്‌കൂൾ. കേരളത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് തന്നെ മറ്റൊരു സൈനിക സ്‌കൂളുണ്ട്. ഇതിനിടെയാണ് പുതിയ സൈനിക സ്‌കൂൾ വരുന്നത്.

ഈ അദ്ധ്യയന വർഷം തന്നെ പഠനം ആരംഭിക്കും. മിലിട്ടറി സർവ്വീസിലെ അദ്ധ്യാപകർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇവിടെ ജോലിക്ക് വരാം. ഇതാദ്യമായാണ് രാജ്യത്ത് ഒരു സമുദായ സംഘടനയ്ക്ക് സൈനിക സ്‌കൂൾ തുടങ്ങാനുള്ള അനുമതി ലഭിക്കുന്നത്. കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ അതേ മാതൃകയിലാണ് ഈ സ്‌കൂളിന്റെ പ്രവേശനവും മറ്റും നടക്കുക. ബിജെപിയുമായിയുണ്ടാക്കിയ രാഷ്ട്രീയ കരാറിന്റെ അടിസ്ഥാനത്തിലാണ് സൈനിക സ്‌കൂൾ എൻ.എസ്. എസിന് കിട്ടിയതെന്ന സംശയം ഇടതുപക്ഷത്തിനുണ്ട്. സിപിഎം ഇക്കാര്യമെല്ലാം പരിശോധിക്കും.

അടച്ചുപൂട്ടൽ ഭീഷണിയിലാണ് കഴക്കൂട്ടം സൈനിക് സ്‌കൂൾ. ഈ ദയനീയാവസ്ഥ വലിയ ചർച്ചയായിരുന്നു. ഈ പ്രതിസന്ധിക്കിടെയാണ് പുതിയ സൈനിക സ്‌കൂൾ തിരുവനന്തപുരത്ത് തന്നെ വരുന്നത്. ഇന്ത്യയുടെ പ്രതിരോധ സേനയിലേക്ക് നിരവധി ധീരസൈനികരെ സംഭാവന ചെയ്യുകയും, മറ്റ് ഒട്ടനവധി ഉന്നത പദവികളിൽ നിരവധി പേരേ എത്തിക്കുകയും ചെയ്ത കഴക്കൂട്ടത്തെ വിദ്യാലയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് പുതിയ സ്‌കൂൾ തുടങ്ങാനുള്ള ചുമതല എൻ.എസ്. എസിന്റെ കൈകളിലേക്ക് എത്തുന്നത്.

എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ മകൾ ഡോ. സുജാത എൻ.എസ്. എസ് കോളേജിൽ പ്രിൻസിപ്പലായിരുന്നു. സുജാത കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. മികച്ച അദ്ധ്യാപികയായ സുജാതയ്ക്ക് പുതിയ സൈനിക സ്‌കൂളിന്റെ മേൽനോട്ട ചുമതല കിട്ടിയേക്കും. എൻ എസ് എസന്റെ വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതല നോക്കേണ്ട പദവിയിൽ സുജാതയെ എൻ എസ് എസ് നിയമിച്ചിട്ടുണ്ട്. സ്‌കൂൾ നടത്തിപ്പിനായി ഉന്നതതല സമിതിയേയും എൻ.എസ്. എസ് രൂപീകരിച്ചിട്ടുണ്ട്. ഇവർക്കാകും പ്രത്യക്ഷത്തിൽ മേൽനോട്ട ചുമതല.