തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ 'തറവാടി നായർ' പരാമർശത്തോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി
തീർന്നെന്ന പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നത് കോൺഗ്രസിലെ തരൂർ വിരുദ്ധരുടെ കൈയടി നേടാൻ. ഡൽഹി നായരായിരുന്ന ആൾ പെട്ടെന്ന് കേരള നായരും, വിശ്വപൗരനുമായി..ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താൽ തരൂർ ജയിക്കുമോ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

''തറവാടി നായർ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ ആക്രമിക്കാൻ ആളുകൾ ഉണ്ടാകുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ല'' എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

ശശി തരൂർ എംപി ഡൽഹി നായരല്ല, കേരളപുത്രനും വിശ്വപൗരനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. തരൂർ ആദ്യം തിരുവനന്തപുരം ലോക്‌സഭാ സീറ്റിലേക്കു മത്സരിക്കാൻ എത്തിയപ്പോഴാണ് സുകുമാരൻ നായർ ഇങ്ങനെ വിശേഷിപ്പിച്ചത്. ആ തെറ്റു തിരുത്താനാണ് അദ്ദേഹത്തെ മന്നം ജയന്തി ഉദ്ഘാടനത്തിനു പെരുന്നയിലേക്കു ക്ഷണിച്ചതെന്നും സമ്മേളനത്തിലെ സ്വാഗത പ്രസംഗത്തിൽ സുകുമാരൻ നായർ കൂട്ടിച്ചേർത്തിരുന്നു.

നായർ സമുദായ അംഗങ്ങൾക്കിടയിൽ പല തർക്കങ്ങൾ ഉണ്ടെങ്കിലും എൻഎസ്എസിന്റെ നേതാവിനെ തള്ളി ആരെങ്കിലും ഒരു പ്രസ്താവന ഇറക്കിയതായി കേട്ടിട്ടുണ്ടോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. അതുവരെ ഡൽഹി നായരായിരുന്ന ശശി തരൂർ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് എത്തിയപ്പോൾ തറവാടി നായരും പിന്നീട് വിശ്വപൗരനുമായി. സ്വകാര്യ സംഭാഷണങ്ങൾക്കിടെ ഇത്തരം പരാമർശങ്ങൾ നടത്താം എന്നാൽ ഒരു പൊതുവേദിയിൽ ഇങ്ങനെ പറഞ്ഞതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്നുമാണ് വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചത്.

കേരളത്തിൽ പതിനഞ്ച് ശതമാനമുള്ള നായർ സമുദായം മാത്രം വോട്ട് ചെയ്താൽ തരൂരിന് ജയിക്കാൻ കഴിയുമോ. ബാക്കി എത്ര വിഭാഗങ്ങൾ പുറത്തിരിക്കുന്നു. ജി.സുകുമാരൻ നായർ ഇത്ര വിലകുറഞ്ഞ പ്രസ്താവന നടത്തിയിട്ടും കോൺഗ്രസ് എംഎൽഎമാരും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങളും അതിനെ എതിർക്കാൻ തയാറായില്ല. സുകുമാരൻ നായർക്ക് പകരം താനാണ് അത്തരമൊരു പ്രസ്താവന നടത്തിയിരുന്നതെങ്കിൽ തനിക്കെതിരെ സ്വന്തം സമുദായത്തിൽ നിന്ന് എത്രപേർ എതിർപ്പുമായി എത്തിയേനെ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ആ വാർത്ത പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്ത്യൻ സമുദായത്തിലെ തർക്കം ആരാധനാക്രമം വരെ എത്തി. എന്നാൽ തന്നെ യേശുവിന്റെ നാമത്തിൽ അവരെല്ലാം ഒന്നാണ്. ഒന്നായവരൊക്കെ നന്ദി. ഭിന്നിച്ചുനിന്നവർ എവിടെ എത്തിയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്നാൽ ശശി തരൂരിന്റെ സന്ദർശനം വിവാദമാക്കി സുകുമാരൻ നായരെ കൊട്ടുന്നതിന് പിന്നിൽ കോൺഗ്രസിലെ തരൂർ വിരുദ്ധരുടെ കയ്യടി നേടാനെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സഖ്യകക്ഷിയായി ബിഡിജെഎസിനെ ഉയർത്തിക്കാട്ടിയിട്ടും ജനങ്ങളുടെ പിന്തുണ നേടാൻ സാധിച്ചിട്ടില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച മകൻ തുഷാർ വെള്ളാപ്പള്ളിക്ക് നേരിട്ട കനത്ത തോൽവിയുടെ നാണക്കേട് അടക്കം നിലനിൽക്കെയാണ് എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചതിന്റെ പേരിൽ ശശി തരൂരിനെയും പിന്തുണച്ച ജി. സുകുമാരൻ നായരെയും ഒരുപോലെ വിമർശിക്കുന്നതെന്നാണ് വിലയിരുത്തൽ.